ന്യൂഡല്‍ഹി: ഫ്രാന്‍സിലെ ഇന്ത്യന്‍ ആസ്തികള്‍ മരവിപ്പിക്കുന്നതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളിന്മേല്‍ പ്രതികരിച്ച കേന്ദ്ര ധനമന്ത്രാലയം. പാരീസിലെ ഇന്ത്യാ ഗവണ്‍മെന്റിന്റെ ഉടമസ്ഥതയിലുള്ള ആസ്തികള്‍ കെയ്ന്‍ എനര്‍ജി പിടിച്ചെടുത്തതായും മരവിപ്പിച്ചതായുമുള്ള മാധ്യമ റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം വന്നിരുന്നു.
എന്നാല്‍ ഇക്കാര്യത്തില്‍ ഫ്രഞ്ച് കോടതികളില്‍ നിന്നുള്ള ഏതെങ്കിലും നോട്ടീസോ ഉത്തരവോ അറിയിപ്പോ സര്‍ക്കാരിന് ലഭിച്ചിട്ടില്ലെന്നാണ് ധനമന്ത്രാലയം വ്യക്തമാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട വസ്തുതകള്‍ മനസ്സിലാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചുവരികയാണ് അത്തരമൊരു ഉത്തരവ് ലഭിച്ചാല്‍, നിയമവിദഗ്ദ്ധരുമായി ആലോചിച്ച്, ഇന്ത്യയുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനാവശ്യമായ, ഉചിതമായ നിയമ പരിഹാരങ്ങള്‍ സ്വീകരിക്കും.
2020 ഡിസംബറിലുണ്ടായ അന്താരാഷ്ട്ര മാധ്യസ്ഥ തീര്‍പ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ 2021 മാര്‍ച്ച് 22 ന് സര്‍ക്കാര്‍ ഇതിനോടകം അപേക്ഷ നല്കിയിട്ടുണ്ട്. മാധ്യസ്ഥ തീര്‍പ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ശക്തമായ വാദഗതികള്‍ ഹേഗില്‍ ഇന്ത്യാ ഗവണ്മെന്റ് ഉന്നയിക്കുമെന്നും ധനമന്ത്രാലയം വ്യക്തമാക്കി.
തര്‍ക്കപരിഹാര ചര്‍ച്ചകള്‍ക്കായി കെയ്ന്‍സിന്റെ സി.ഇ.ഒയും പ്രതിനിധികളും ഇന്ത്യാ ഗവണ്‍മെന്റിനെ സമീപിച്ചിട്ടുണ്ടെന്നും പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടിട്ടുണ്ട്. ക്രിയാത്മക ചര്‍ച്ചകള്‍ക്കും രാജ്യത്തിന്റെ നിയമ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ടുള്ള രമ്യമായ പരിഹാരത്തിനും ഉതകുന്ന തുറന്ന സമീപനമാണ് ഇക്കാര്യത്തില്‍ സര്‍ക്കാരിനുള്ളതെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.