ഗാബറോണ്‍: ആഫ്രിക്കയിലെ ഏറ്റവും വലിയ വജ്ര ഉല്‍പ്പാദക രാജ്യമായ ബോട്‌സ്വാനയില്‍ 1174 കാരറ്റിന്റെ വജ്രക്കല്ല് കണ്ടെത്തി. കഴിഞ്ഞമാസം ലോകത്തിലെ തന്നെ ഏറ്റവും വലിയ വജ്രക്കല്ലുകളിലൊണ് ബോട്‌സ്വാനയില്‍ നിന്ന് കണ്ടെത്തിയിരുന്നു.
ജൂണ്‍ 12 നാണ് കനേഡ്യന്‍ ഡയമണ്ട് കമ്പനിയായ ലുകാര പുതിയ വജ്രം കണ്ടെടുത്തത്. ഇത് മനുഷ്യന്റെ കൈപ്പത്തിയോളം വലിപ്പമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വജ്രക്കല്ല്, കമ്പനി രാജ്യത്തെ കാബിനറ്റില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ വജ്രക്കല്ലായി ഇത് മാറുമെന്നാണ് വിവരം.
കഴിഞ്ഞമാസം കണ്ടെത്തിയ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ വജ്രമെന്ന് അവകാശപ്പെട്ട വജ്രം 1098 കാരറ്റ് ആയിരുന്നു. അതിനെ മറികടക്കുന്നതാണ് ഇപ്പോള്‍ കണ്ടെത്തിയ വജ്രക്കല്ല്. ഇതോടെ ലോകത്തിലെ ഏറ്റവുംവലിയ വജ്രങ്ങളുടെ ഉറവിടമായി മാറിയിരിക്കുകയാണ് ബോട്‌സ്വാന.
വലിയ പത്ത് വജ്രങ്ങളിലെ ആറെണ്ണവും ബോട്‌സ്വാനയ്ക്കു സ്വന്തം. 1905ല്‍ ദക്ഷിണാഫ്രിക്കയില്‍നിന്ന് കണ്ടെത്തിയ 3106 കാരറ്റിന്റെ കുള്ളിനന്‍ വജ്രമാണ് ലോകത്തിലെ ഏറ്റവും വലിയ വജ്രക്കല്ല്.