എറണാകുളം: മുഖ്യമന്ത്രിക്കുനേരെ മൂന്നിടത്ത് കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. കാക്കനാട്ടും കളമശേരിയിലും ആലുവയിലുമാണ് മുഖ്യമന്ത്രിക്കു നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി പ്രതിഷേധം നടത്തിയത്.
കാക്കനാട്ട് ഓടുന്ന കാറിനു മുന്നിലേക്കു ചാടി യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് കരിങ്കൊടി കാട്ടി. ഇതോടെ കാര്‍ നിര്‍ത്തേണ്ടിവന്നു. കാറില്‍ മുഖ്യമന്ത്രി ഇരുന്ന ഭാഗത്തെ ചില്ലില്‍ നിരന്തരം ഇടിച്ച പ്രവര്‍ത്തകനെ പൊലീസെത്തി പിടിച്ചുമാറ്റുകയായിരുന്നു.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ലിന്റൊ പി. ആന്റു, ജില്ലാ സെക്രട്ടറി രാജേഷ് പുത്തനങ്ങാടി, നിയോജക മണ്ഡലം ഭാരവാഹികളായ സിറാജ് ചേനക്കര, വിപിന്‍ ദാസ്, ആല്ഫിന് രാജന്, തരുണ്‍ ജെറോം, സഞ്ജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആലുവയിലെ പ്രതിഷേധം.
കാക്കനാട് ഇന്‍ഫോപാര്‍ക്കില്‍ പുതിയ ഐടി സ്പേസുകളുടെയും ഗവണ്മെന്റ് പ്രസില്‍ അത്യാധുനിക സാങ്കേതികവിദ്യകളോടെയുള്ള സിടിപി യന്ത്രത്തിന്റെയും ഉദ്ഘാടനങ്ങള്ക്കാണു മുഖ്യമന്ത്രി ജില്ലയിലെത്തിയത്.