തിരുവനന്തപുരം: നിയമസഭാ സീറ്റ് നിഷേധിച്ചതിന് പിന്നാലെ കോണ്‍ഗ്രസ് വിട്ട മുതിര്‍ന്ന വനിതാ നേതാവ് ലതികാ സുഭാഷ് എന്‍സിപിയിലേക്ക്. ഇത് സംബന്ധിച്ച ചര്‍ച്ച എന്‍.സി.പി അധ്യക്ഷന്‍ പി.സി ചാക്കോയുമായി പൂര്‍ത്തിയായി. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് വിവരം. കോണ്‍ഗ്രസ് പാരമ്പര്യമുള്ള പാര്‍ട്ടി ആയതിനാലാണ് എന്‍സിപിയുമായി സഹകരിക്കാന്‍ തീരുമാനിച്ചതെന്ന് ലതികാ സുഭാഷ് പറഞ്ഞു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും ലതികാ സുഭാഷിന് കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചിരുന്നു. തുടര്‍ച്ചയായ അവഗണനയോട് ശക്തമായ പ്രതിഷേധമാണ് അവര്‍ അന്ന് രേഖപ്പെടുത്തിയത്. കെ.പി.സി.സി ആസ്ഥാനത്തിരുന്ന് തല മുണ്ഡനം ചെയ്തുകൊണ്ടായിരുന്നു ലതികയുടെ പ്രതിഷേധം. തിരഞ്ഞെടുപ്പില്‍ ഏറ്റുമാനൂരില്‍ നിന്ന് സ്വതന്ത്രയായി മത്സരിക്കുകയും ചെയ്തിരുന്നു. 7624 വോട്ടുകള്‍ നേടിയ ലതിക കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ തോല്‍വിയില്‍ പ്രധാന കാരണമാകുകയും ചെയ്തു.
കോണ്‍ഗ്രസ് വിട്ട് എന്‍.സി.പിയിലേക്ക് എത്തിയ പി.സി ചാക്കോ കഴിഞ്ഞ ദിവസമാണ് പാര്‍ട്ടി സംസ്ഥാന അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടത്. ഇതിന് പിന്നാലെ ലതികയും സംസാരിക്കുകയായിരുന്നു. അടുപ്പമുള്ളവരുമായി ചര്‍ച്ച ചെയ്ത ശേഷമാണ് തീരുമാനം അവര്‍ ചാക്കോയെ അറിയിച്ചതെന്നാണ് വിവരം. ഇതോടെ സ്വതന്ത്ര നിലപാടില്‍ നിന്ന് കക്ഷി രാഷ്ട്രിയത്തിലേക്ക് തന്നെ മടങ്ങിയെത്തുകയാണ് മുന്‍ മഹിള കോണ്‍ഗ്രസ് അധ്യക്ഷ കൂടിയായ ലതികാ സുഭാഷ്.
പാര്‍ട്ടി അധ്യക്ഷനായി ചുമതലയേറ്റ ശേഷം കോണ്‍ഗ്രസിന് ബദലായ ശക്തിയായി എന്‍.സി.പി മാറുമെന്ന് പി.സി ചാക്കോ പറഞ്ഞിരുന്നു. നിരാശരായ കോണ്‍ഗ്രസുകാര്‍ എന്‍.സി.പിയിലേക്ക് വരും. കേരളത്തിലെ കോണ്‍ഗ്രസിനെ നയിക്കുന്നത് ആത്മഹത്യ പ്രവണതയാണെന്നും പി.സി ചാക്കോ പരിഹസിച്ചിരുന്നു. ഇതിന്റെ തുടക്കം എന്ന രീതിയിലാണ് ലതികാ സുഭാഷിന്റെ എന്‍.സി.പി പ്രവേശനത്തെ വിലയിരുത്തുന്നത്.
ലതികാ സുഭാഷിലൂടെ കോണ്‍ഗ്രസില്‍ അസ്വസ്ഥരായ കൂടുതല്‍ നേതാക്കളെ എന്‍.സി.പിയിലേക്ക് അടുപ്പിക്കുകയാണ് ചാക്കോയുടെ ലക്ഷ്യം. പ്രവര്‍ത്തനപരിചയം കണക്കിലെടുത്ത് എന്‍.സി.പിയില്‍ മികച്ച സ്ഥാനം ലതികാ സുഭാഷും പ്രതീക്ഷിക്കുന്നുണ്ട്. വനിതാ നേതാക്കന്മരുടെ അഭാവമുള്ള എന്‍.സി.പിക്ക് ലതികയുടെ വരവ് നേട്ടമാകുമെന്ന് ഉറപ്പാണ്.