Thursday, November 14, 2024

HomeMain Storyസമ്മതനായി സതീശന്‍

സമ്മതനായി സതീശന്‍

spot_img
spot_img

ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ പ്രതിപക്ഷ നേതാവ് ആരെന്ന ചോദ്യത്തിന് ഉത്തരമായിരിക്കുകയാണ്. വി.ഡി സതീശന്‍ ഇനി കേരള നിയമസഭയില്‍ പ്രതിപക്ഷത്തെ നയിക്കും. തലമുറ മാറ്റം വേണം എന്നുളള ആവശ്യത്തിന് രാഹുല്‍ ഗാന്ധി പച്ചക്കൊടി കാണിച്ചതോടെയാണ് രമേശ് ചെന്നിത്തല തെറിച്ചത്.

അവസാന നിമിഷം വരെ ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ചെലുത്തിയ സമ്മര്‍ദ്ദം മറികടന്നാണ് ഹൈക്കമാന്‍ഡ് തീരുമാനം. അതുകൊണ്ടു തന്നെ നിയുക്ത പ്രതിപക്ഷ നേതാവെന്ന നിലയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം ഇപ്രകാരം പറഞ്ഞത്…”ഞാന്‍ അണിയുന്നത് പുഷ്പകരീടമല്ല. വലിയ വെല്ലുവിളികളാണു മുന്നിലുള്ളത്. കാലവും പാര്‍ട്ടിയും മുന്നണിയും ആഗ്രഹിക്കുന്ന തരത്തിലുള്ള മാറ്റങ്ങള്‍ ഉള്‍ക്കൊള്ളും. തലമുറ മാറ്റം മാത്രമല്ല, കാലത്തിന്റെ കരുത്തിനൊപ്പം ചേര്‍ന്നുനില്‍ക്കാനുള്ള അവസരം കൂടിയാണിത്…”

ആശയ സമ്പന്നനായ കോണ്‍ഗ്രസുകാരനായിരിക്കുമ്പോഴും പാര്‍ട്ടിയിലെ തെറ്റുകള്‍ക്കെതിരെ ശബ്ദമുയര്‍ത്താനും ഒരിക്കലും മടിച്ചിട്ടില്ല സതീശന്‍. ഹരിത രാഷ്ട്രീയം പറഞ്ഞും, സമുദായ സംഘടനകളോടു അമിത വിധേയത്വം പുലര്‍ത്തുന്ന നേതൃത്വത്തിനെതിരെ വിരല്‍ ചൂണ്ടിയുമെല്ലാം കോണ്‍ഗ്രസിനു പുറത്തും ആരാധകവൃന്ദത്തെ രൂപപ്പെടുത്താന്‍ കുറഞ്ഞ കാലം കൊണ്ട് സതീശനായി.

നിലപാടുകളിലെ ഈ സ്ഥൈര്യം തന്നെയാണ് വമ്പന്‍ പരാജയത്തിനു പിന്നാലെ ഗ്രൂപ്പുവ്യത്യാസങ്ങള്‍ മറന്ന് സതീശനായി മുറവിളി ഉയര്‍ത്താന്‍ കോണ്‍ഗ്രസുകാരെ പ്രേരിപ്പിച്ചതും. രാഷ്ട്രീയ ശൈശവം മുതല്‍ സംരക്ഷണമൊരുക്കിയ രമേശ് ചെന്നിത്തലയെ മാറ്റി നിര്‍ത്തിയാണ് സതീശനെ പാര്‍ട്ടി നേതൃത്വം പുതിയ ചുമതലയേല്‍പ്പിക്കുന്നതെന്നതും ശ്രദ്ധേയം. കൂടുതല്‍ കരുത്തനായ പിണറായിയെ നേരിടുന്നതിനൊപ്പം സ്വന്തം പാളയത്തിലെ പടയെ കൂടി പ്രതിരോധിക്കാനാവുന്നിടത്താകും വി.ഡി സതീശന്‍ എന്ന പ്രതിപക്ഷ നേതാവിന്റെ വിജയം.

നിയമസഭാ തിരഞ്ഞെടുപ്പില്‍ 41 സീറ്റുകളിലേക്ക് ഒതുങ്ങി വന്‍ തിരിച്ചടിയാണ് പ്രതിപക്ഷം ഇക്കുറി നേരിട്ടത്. തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ചെന്നിത്തല മാറി നില്‍ക്കും എന്നാണ് ഹൈക്കമാന്‍ഡ് അടക്കം പ്രതീക്ഷിച്ചത്. എന്നാല്‍ പ്രതിപക്ഷ നേതൃസ്ഥാനത്ത് തുടരാനുളള താല്‍പര്യമാണ് രമേശ് ചെന്നിത്തല അറിയിച്ചത്.

വിഡി സതീശന്‍ പ്രതിപക്ഷ നേതൃസ്ഥാനത്ത് വരുന്നത് തടയാന്‍ രമേശ് ചെന്നിത്തലയ്ക്ക് ഒപ്പം ഉമ്മന്‍ചാണ്ടിയും എ ഗ്രൂപ്പും കൂടി കൈ കോര്‍ക്കുകയുുണ്ടായി. എ.കെ ആന്റണിയും ഇവര്‍ക്കൊപ്പം നിന്നു. അവസാന നിമിഷം വരെ ചെന്നിത്തലയ്ക്ക് വേണ്ടി നേതാക്കള്‍ ഹൈക്കമാന്‍ഡിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തി.

പ്രതിപക്ഷ നേതൃസ്ഥാനം നിലനിര്‍ത്താനായി ആവനാഴിയിലെ അവസാന ആയുധങ്ങളും രമേശ് ചെന്നിത്തല പുറത്തെടുത്തെങ്കിലും കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെ അന്തിമ തീരുമാനം രമേശ് ചെന്നിത്തലയ്ക്ക് കനത്ത പ്രഹരമായി.

ഇതിനെ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ ദുരന്തമെന്ന് തന്നെ വിശേഷിപ്പിക്കാം. പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് വി.ഡി സതീശന് യുവ അംഗങ്ങളുടെ പിന്തുണ ലഭിച്ചതിന് പിന്നാലെ തലമുറ മാറ്റത്തിനായി രാഹുല്‍ഗാന്ധിക്ക് മേല്‍ കടുത്ത സമ്മര്‍ദ്ദം ഉണ്ടായി.

കേരളത്തില്‍ എത്തിയ ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ കോണ്‍ഗ്രസ് എംഎല്‍മാരുമായി പ്രത്യേകം ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇടത് മുന്നണി കൂടുതല്‍ കരുത്തരായി അധികാരത്തില്‍ തിരിച്ച് എത്തിയ പശ്ചാത്തലത്തില്‍ പാര്‍ട്ടിയില്‍ തലമുറ മാറ്റം വേണം എന്നുളള ആവശ്യമാണ് യുവ എംഎല്‍എമാര്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചത്. പാര്‍ട്ടിയിലെ യുവനേതാക്കള്‍ രാഹുല്‍ ഗാന്ധിയേയും നിലപാട് അറിയിച്ചു. രാഹുല്‍ ഗാന്ധിയും ഈ നിലപാടിനോട് യോജിച്ചതോടെ രമേശ് ചെന്നിത്തലയ്ക്ക് പുറത്തേക്കുളള വഴി തെളിയുകയായിരുന്നു.

ഏതായാലും പ്രതിപക്ഷ നേതൃസ്ഥാനത്തിന് തീര്‍ത്തും യോഗ്യനാണ് വി.ഡി സതീശന്‍. ജനകീയന്‍, വാഗ്മി. ഏതുവിഷയവും ആഴത്തില്‍ പഠിച്ച് കൃത്യമായി അവതരിപ്പിക്കാനുളള കഴിവ്. സാമ്പത്തിക വിഷയങ്ങള്‍ സമര്‍ഥമായി കൈകാര്യം ചെയ്യുന്ന വ്യക്തി. വി.ഡി സതീശനെന്ന പറവൂരുകാരുടെ സ്വന്തം എം.എല്‍.എയ്ക്ക് വിശേഷണങ്ങള്‍ നിരവധിയാണ്.

അമ്പത്തിയാറുകാരനായ വി.ഡി സതീശന്‍ പ്രതിപക്ഷ നേതാവായി ചുമതലയേല്‍ക്കുമ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസും പുതിയൊരു ചുവടുവെയ്പ് നടത്തുകയാണ്. തുടര്‍ച്ചയായി രണ്ടു തിരഞ്ഞെടുപ്പില്‍ തോറ്റമ്പിയ കോണ്‍ഗ്രസിന്റെ തിരിച്ചുവരവിലേക്കുള്ള ആദ്യ ചുവട്.

കൃത്യമായ ഹോംവര്‍ക്കിലൂടെ വ്യക്തമായ ചോദ്യങ്ങളുന്നയിക്കുന്ന, മികച്ച നിയമസഭാ സാമാജികനെന്ന് എതിരാളികള്‍ പോലും അംഗീകരിക്കുന്ന വി.ഡി ആ സ്ഥാനത്തിയാക്കാന്‍ ഇന്ന് എന്തുകൊണ്ടും യോഗ്യനാണ്. എല്‍.ഡി.എഫ് തരംഗം ആഞ്ഞടിച്ച ഈ തിരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ തുടര്‍ച്ചയായ അഞ്ചാം തവണ ലീഡുയര്‍ത്തിയാണ് പറവൂര്‍ മണ്ഡലത്തില്‍ നിന്നും വി.ഡി നിയമസഭയിലെത്തുന്നത്.

എറണാകുളം ജില്ലയിലെ നെട്ടൂരില്‍ (മരട് മുനിസിപ്പാലിറ്റി) വടശ്ശേരി ദാമോദര മേനോന്റെയും വി വിലാസിനിയമ്മയുടെയും മകനായി ജനനം. നെട്ടൂര്‍ എസ്.വി.യു.പി. സ്‌ക്കൂളില്‍ പ്രൈമറി വിദ്യാഭ്യാസം, ഹൈ സ്‌ക്കൂള്‍ പനങ്ങാടില്‍ ഹൈസ്‌ക്കൂള്‍ വിദ്യാഭ്യാസം. നിയമ ബിരുദധാരിയാണ്. വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെയാണ് ഇദ്ദേഹത്തിന്റെ രാഷ്ട്രീയപ്രവേശം.

തേവര സേക്രഡ് ഹാര്‍ട്ട് കോളേജിലെ ആര്‍ട്‌സ് ക്ലബ് സെക്രട്ടറിയായിരുന്നു. എം.ജി, കേരള സര്‍വ്വകലാശാലകളില്‍ യൂണിയന്‍ കൗണ്‍സിലറായിരുന്ന ഇദ്ദേഹം 1986-87 കാലത്ത് എം.ജി സര്‍വ്വകലാശാലാ യൂണിയന്‍ ചെയര്‍മാനായിരുന്നു. എന്‍.എസ്.യു ദേശീയ കമ്മറ്റി സെക്രട്ടറി സ്ഥാനം വഹിച്ചിട്ടുണ്ട്.

പന്ത്രണ്ടാം നിയമസഭയില്‍ കോണ്‍ഗ്രസ് വിപ്പ് സ്ഥാനം വഹിച്ചിരുന്ന ഇദ്ദേഹം 2010ലെ അന്യസംസ്ഥാന ലോട്ടറിക്കെതിരായ രാഷ്ട്രീയ സംവാദങ്ങളിലൂടെ സംസ്ഥാനതലത്തില്‍ ശ്രദ്ധ നേടി. ഇടത് സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയ സംഭവത്തില്‍ ധനമന്ത്രി തോമസ് ഐസക്കുമായി വി.ഡി. നേര്‍ക്കു നേര്‍ കൊമ്പു കോര്‍ത്തു.

സാന്റിയാഗോ മാര്‍ട്ടിനെന്ന ഇതര സംസ്ഥാന ലോട്ടറി മാഫിയ തലവനെ സംരക്ഷിക്കുന്നത് സി.പി.എമ്മാണെന്ന് ആരോപിച്ച് അദ്ദേഹം ഭരണകക്ഷിയ്‌ക്കെതിരേ ആഞ്ഞടിച്ചു. മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുന്നതിലും പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്റെ പക്ഷത്തുള്ള തോമസ് ഐസക് ഉള്‍പ്പെടെയുള്ള പ്രബല വിഭാഗം ഇതിനെ എതിര്‍ക്കുന്നതിലും വരെയെത്തി കാര്യങ്ങള്‍.

പരിസ്ഥിതിക്കുവേണ്ടിയും, ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ടിനനുകൂലമായും പ്രതികരിക്കുന്ന എം എല്‍ എ മാരുടെ രാഷ്ട്രീയെതര സംഘത്തില്‍ പ്രമുഖനാണ്. നിലവില്‍ എ.ഐ.സി.സി സെക്രട്ടറിയും കെ.പി.സി.സി വൈസ് പ്രസിഡന്റുമാണ്.

മികച്ച സംഘാടകനും വാഗ്മിയുമായ അദ്ദേഹം രണ്ടാം തവണ മത്സരിക്കുമ്പോഴാണ് ആദ്യമായി നിയമസഭയിലെത്തിയത്. 1996ല്‍ വടക്കന്‍ പറവൂരില്‍ തോറ്റു കൊണ്ടായിരുന്നു തെരഞ്ഞെടുപ്പ് ജീവിതത്തിന്റെ തുടക്കം. പക്ഷേ ഒരിക്കല്‍ തോല്‍പ്പിച്ച നാടിന്റെയാകെ ഹൃദയം കവര്‍ന്ന സതീശന്‍ 2001 മുതലിങ്ങോട്ട് വടക്കന്‍ പറവൂരിന്റെ പര്യായമായി.

ഇടതുകോട്ടയായിരുന്ന പറവൂരില്‍ തുടര്‍ച്ചയായി രണ്ടു വട്ടം ജയിച്ച സി.പി.ഐയുടെ പി രാജുവിനോട് 1996ലെ തിരഞ്ഞെടുപ്പില്‍ 1116 വോട്ടുകള്‍ക്ക് തോറ്റ വി.ഡി. സതീശന്‍ 2001ല്‍ അദ്ദേഹത്തെ 7434 വോട്ടുകള്‍ക്ക് തോല്‍പിക്കുകയായിരുന്നു. പിന്നീടൊരിക്കലും പറവൂര്‍ വി.ഡിയെയും വി.ഡി പറവൂരിനെയും കൈവിട്ടിട്ടില്ല.

2006ല്‍ കെ.എം ദിനകരനെ 7792 വോട്ടുകള്‍ക്കും 2011ല്‍ പന്ന്യന്‍ രവീന്ദ്രനെ 11349 വോട്ടുകള്‍ക്കും തോല്‍പ്പിച്ച സതീശന്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ശാരദ മോഹനെതിരെ ലീഡ് 20,634 ആക്കി കുത്തനെ ഉയര്‍ത്തി. ഇത്തവണ എം.ടി നിക്‌സണെതിരെയും വി.ഡി. പതിവ് തെറ്റിച്ചില്ല. വലുതല്ലെങ്കിലും ലീഡില്‍ നേരിയ വര്‍ധന 20,968 വോട്ടുകള്‍.

കോണ്‍ഗ്രസിന്റെയെന്നല്ല, മുന്നണിക്ക് അതീതമായി തലയെടുപ്പുളള നേതാക്കള്‍ ഏറെ പേര്‍ സഭയിലുണ്ടായിരുന്ന കാലത്തും ആഴത്തിലുളള അറിവു കൊണ്ടും അളന്നു കുറിച്ച വാക്കുകള്‍ കൊണ്ടും സഭയിലെ ഐക്യമുന്നണിയുടെ മുഖമായി സതീശന്‍.

കഴിഞ്ഞ പിണറായി സര്‍ക്കാരിന്റെ കാലത്തും മസാല ബോണ്ട്, കിഫ്ബി വിഷയങ്ങളില്‍ തോമസ് ഐസക്കുമായി ഏറ്റുമുട്ടിയത് സതീശന്‍ തന്നെയാണ്. 2011ല്‍ യു.ഡി.എഫ് അധികാരത്തില്‍ വന്നു. ഉമ്മന്‍ ചാണ്ടി സര്‍ക്കാരില്‍ ഐ ഗ്രൂപ്പില്‍ നിന്നുള്ള ഒരു മന്ത്രി വി.ഡി ആയിരിക്കുമെന്ന് ഏതാണ്ടുറപ്പായി. എന്നാല്‍, എന്‍.എസ്.എസ് നോമിനിയായി വി.എസ്. ശിവകുമാര്‍ വന്നതോടെ സതീശന് മന്ത്രിസഭയില്‍ അവസരം ലഭിച്ചില്ല. പകരം കോണ്‍ഗ്രസ് വിപ്പ് സ്ഥാനമാണ് അദ്ദേഹത്തിന് ലഭിച്ചത്.

2014ല്‍ രാഹുല്‍ ഗാന്ധിയുടെ നേരിട്ടുള്ള ഇടപെടലില്‍ കെ.പി.സി.സി വൈസ് പ്രസിഡന്റായി. ഡി.സി.സി ഭാരവാഹിത്വം മുതല്‍ കെ.പി.സി.സി.വൈസ് പ്രസിഡന്റ് പദവി വരെ വഹിച്ച സതീശന്റെ ജനകീയത വി.ഡിയെ ഗ്രൂപ്പുകള്‍ക്കതീതനായ നേതാവാക്കി. ഗ്രൂപ്പുകള്‍ക്കപ്പുറം കോണ്‍ഗ്രസിനെ ഒറ്റ ദിശയില്‍ മുന്നോട്ടുകൊണ്ടുപോകാനുള്ള ദൗത്യമാണ് ഇപ്പോള്‍ പാര്‍ട്ടി അദ്ദേഹത്തിന് നല്‍കിയിരിക്കുന്നതും.

അങ്ങനെ സംസ്ഥാന കോണ്‍ഗ്രസിലെ തലമുറ മാറ്റത്തിനു കൂടി തുടക്കമിടുകയാണ് പ്രതിപക്ഷ നേതൃപദവിയിലേക്ക് വി.ഡി സതീശനെ നിയമിച്ചതോടെ പാര്‍ട്ടി ഹൈക്കമാന്‍ഡ്. ഭരണത്തുടര്‍ച്ചയുമായി രാഷ്ട്രീയ വിജയത്തിന്റെ അത്യുന്നതിയില്‍ നില്‍ക്കുന്ന പിണറായിയെ നേരിടുന്നതിനൊപ്പം സ്വന്തം പാര്‍ട്ടിയിലെ അതൃപ്തരെ അനുനയിപ്പിക്കലും പുതിയ പ്രതിപക്ഷ നേതാവിന് മുന്നിലെ വെല്ലുവിളിയാണ്.

മൂര്‍ച്ചയുളള നാവും തേച്ചു മിനുക്കിയ ചിന്തയുമാണ് സമകാലികരായ കോണ്‍ഗ്രസുകാര്‍ക്കിടയില്‍ വി.ഡി സതീശനെ എന്നും വേറിട്ടു നിര്‍ത്തിയത്. സംസ്ഥാനമെമ്പാടും ഓടിനടന്ന് പ്രസംഗ മല്‍സരങ്ങളിലും ഡിബേറ്റുകളിലുമെല്ലാം സമ്മാനങ്ങള്‍ വാരിക്കൂട്ടിയൊരു വിദ്യാര്‍ഥി ജീവിതകാലത്തിന്റെ തുടര്‍ച്ചയാണ് ഈ നേതാവിന്റെ രാഷ്ട്രീയ ജീവിതം. ആര്‍ ലക്ഷ്മിപ്രിയയാണ് ഭാര്യ. ഏക മകള്‍ ഉണ്ണിമായ.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments