Saturday, July 27, 2024

HomeArt and Cultureഓര്‍മ്മക്കുറിപ്പില്‍ ഒരു കഥ

ഓര്‍മ്മക്കുറിപ്പില്‍ ഒരു കഥ

spot_img
spot_img

പിറന്നാള്‍ ആഘോഷിക്കാത്ത കൂട്ടുകാരന്‍

ഉണ്ണി പൂരുരുട്ടാതി

2018 ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തു വന്നിരുന്ന നീലക്കുയില്‍ സീരിയലിലെ ഷൂട്ടിംഗ് ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ നടക്കുമ്പോഴാണ് ആ ഫോണ്‍ എനിക്ക് വന്നത്. സേവ് ചെയ്യാത്ത വിദേശ നമ്പറാണ്. പക്ഷേ ട്രൂകോളറിലെ ആ പേര്… ‘ദേവനാരായണന്‍’. ഓര്‍മ്മ തുണ്ടില്‍ എവിടെയോ ആ പേര് മറന്നു കിടക്കുന്നത് പോലെ. വീണ്ടും കോള്‍ വന്നപ്പോള്‍ ആശ്ചര്യത്തോടെ എടുത്തു.

”ഉണ്ണി, പാല്‍ക്കുപ്പിയാ…ഓര്‍മ്മയുണ്ടോ..?” ആ ശബ്ദത്തില്‍ നിറയെ ചിരി ആയിരുന്നു. അതെ. ദേവന്‍ തന്നെ. 25 വര്‍ഷം മുമ്പ് ഞാന്‍ ചാര്‍ത്തിക്കൊടുത്ത ആ പേര്, പാല്‍ക്കുപ്പി. കറുമ്പന്‍ ആയ എനിക്ക് സ്വര്‍ണ്ണനിറമുള്ള ദേവനെ അങ്ങനെ വിളിക്കാനാണ് അന്ന് തോന്നിയത്. ഇപ്പോ 18 വര്‍ഷങ്ങള്‍ക് ശേഷമാണ് ഈ വിളി.

”ഉണ്ണി നിനക്ക് സുഖമാണോ. നീ വല്യ സീരിയലുകാരന്‍ ആയല്ലേ..?” അപ്പോളും എന്റെ ആശ്ചര്യം മാറിയില്ല.
”ദേവ നീ ഇപ്പോ എവിടുന്നാ ? ഇടയ്ക്ക് ആരോ പറഞ്ഞു നീ വിദേശത്ത് ഉദ്യോഗസ്ഥന്‍ ആണെന്ന്…” അവനില്‍ അപ്പോഴും ആ പഴയ ചിരി.

”ഇപ്പോ ജര്‍മനിയിലാണ്. ഇവിടെ ഇന്ത്യന്‍ എംബസിയില്‍ ഉദ്യോഗസ്ഥനാ…” കേട്ടപ്പോള്‍ സന്തോഷം തോന്നി. അവന്റെ കഷ്ടപ്പാടിന് ദൈവം കൊടുത്ത പുണ്യം. ഞാനോര്‍ത്തു. പഴയ ബന്ധങ്ങള്‍ കണ്ടുപിടിക്കാന്‍ ദൈവം ലോകത്ത് സൃഷ്ടിച്ച ന്യൂജന്‍ തപാല്‍ ഓഫീസ് ആണ് ഫേസ്ബുക്ക്. ഒരിക്കല്‍ പട്ടിണിയുടെയും ഇല്ലായ്മയുടെയും പുസ്തകം നോക്കി ജീവിതത്തെ ആര്‍ത്തിയോടെ നോക്കി നിന്നവര്‍. പിന്നെ എപ്പോഴോ, ഏതോ തിരുവില്‍ വച്ച് ദൈവം രണ്ടു വഴികളിലൂടെ യാത്ര ചെയ്യിച്ചുഞങ്ങളെ..! ഒരിക്കലും കണ്ടുമുട്ടില്ലാന്ന് ഉറപ്പിച്ചു തന്നെ. അന്നു മറന്ന ഓര്‍മ്മകളിലൊന്നാണ്ഇപ്പോള്‍ ഫോണിന് അപ്പുറം.

”ദേവന്റെ കുടുംബം ഒക്കെ..?. അമ്മയും ദേവൂട്ടിയും..?” എനിക്കറിയാന്‍ ഒരുപാട് കാര്യങ്ങള്‍ ഉണ്ടായിരുന്നു.

”അമ്മ എന്റെ കൂടെ ജര്‍മ്മനിയില്‍ ഉണ്ട്. വൈഫ് ഇറ്റലികാരിയാ. രണ്ടുകുട്ടികള്‍ എന്നെപ്പോലെ ഇരട്ടകളാണ്. ദേവൂട്ടി കുടുംബവുമൊത്ത് ഹോളണ്ടില്‍ ആണ്. അവളാണ് ഉണ്ണിയുടെ ഫേസ്ബുക്ക് അക്കൗണ്ട് കണ്ടുപിടിച്ചത്…” എനിക്ക് ഒരുപാട് സന്തോഷം തോന്നി. ആ കുടുംബം എത്രയോ ഉയരത്തില്‍ എത്തിയിരിക്കുന്നു. ഇപ്പോ ദേവന്റെ അമ്മ സൗമിനി അമ്മ എത്രസന്തോഷിക്കുന്നുണ്ടാവും.

”ഉണ്ണി ഞങ്ങളെല്ലാവരും അടുത്ത മാസം കേരളത്തിലെത്തും. നീണ്ട പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാ നാട്ടിലേക്ക്. അവിടെ കാത്തിരിക്കാന്‍ ഞങ്ങള്‍ക്കു ആരും ഇല്ലല്ലോ…” അവന്റെ വാക്കുകളില്‍ ചിരി ഇല്ലായിരുന്നു.

”ബന്ധുക്കളുമായി ഇപ്പോഴും..?”

”ഇല്ല…” പെട്ടെന്നായിരുന്നു ഉത്തരം.

”രണ്ടുമാസം ഞങ്ങള്‍ കൊച്ചിയില്‍ ഉണ്ടാവും. കുട്ടികളുടെ ആദ്യ പിറന്നാള്‍ അവിടെവച്ചാ ആഘോഷിക്കുന്നത്. ഉണ്ണി ഫാമിലിയായിട്ട് വരണം…”

”വരും. എല്ലാവരെയും എനിക്ക് വീണ്ടും കാണണം…” ഞാന്‍ വാക്കു കൊടുത്തു. ഞങ്ങള്‍ കുറെ സംസാരിച്ചു. എന്നെപ്പറ്റി കുടുംബത്തെപ്പറ്റി, എല്ലാം. ഫോണ്‍ വെക്കാന്‍ നേരം ഞാന്‍ ചോദിച്ചു ”ദേവന്‍ ഇപ്പോഴും നീ നിന്റെ പിറന്നാള്‍ ആഘോഷിക്കാറുണ്ടോ..?” മറുതലയ്ക്കല്‍ നിശബ്ദത. പിന്നെ പറഞ്ഞു. ”ഉണ്ണി നീഒന്നും മറന്നിട്ടില്ലല്ലേ…” ഞാനൊന്നു മൂളി. 17 വയസ്സില്‍ നീ ആദ്യമായി ആഘോഷിച്ച പിറന്നാളിന്റെ നൊമ്പരം അന്നു എന്റെ നെഞ്ചിലേക്കിട്ടു തന്നപ്പോള്‍ഉണ്ടായ വീര്‍പ്പുമുട്ടല്‍ എത്രയാന്നു നിനക്കറിയില്ല കൂട്ടുകാരാ…മനസ്സില്‍ പറഞ്ഞു. പുറത്തേക്കു വന്നില്ല.

”ഉണ്ണി. എന്റെ ജീവിതത്തില്‍ പിന്നൊരിക്കലും പിറന്നാള്‍ ആഘോഷിച്ചിട്ടില്ല…” സംസാരിച്ചു സംസാരിച്ച് ഫോണ്‍ വെച്ചപോഴും, രാത്രിയില്‍ ഭാര്യയോടു ഈ പുതിയ വിശേഷം പറഞ്ഞപ്പോഴും ഒരിക്കലും മറക്കാത്ത. ആര് കേട്ടാലും ഒന്നു നൊമ്പരപ്പെടുന്ന ആ ഓര്‍മ്മകള്‍ ഞാന്‍ ഭാര്യയോട് പങ്കുവെച്ചു. കേട്ടപ്പോ അവരെക്കുറിച്ച് അവള്‍ക്കു കൂടുതല്‍ അറിയണം എന്നായി. ഞാന്‍ അവന്റെ കൊച്ചു കുടുംബത്തെ പറ്റി ഓര്‍മയില്‍നിന്ന് ചികഞ്ഞെടുത്തു.


ദേവനും ദേവൂട്ടിയും അമ്മയെ കാത്തിരിക്കുകയാണ്. ഇന്നിവരുടെ പതിനഞ്ചാം പിറന്നാളാണ്. ജീവിതത്തില്‍ ആദ്യായി കേക്കു മുറിച്ചാഘോഷിക്കാന്‍ പോകുന്ന സന്തോഷത്തിലാണ്. മദ്യം ഇവരുടെ രണ്ടാം വയസ്സില്‍തന്നെ അച്ഛന്‍ ദിവാകര കുറുപ്പിനെ പരലോകത്തെത്തിച്ചപ്പോള്‍ ജീവിക്കാന്‍ സൗദാമിനി അമ്മക്കു ലോട്ടറി കച്ചവടത്തിനിറങ്ങേണ്ടിവന്നു. കുട്ടികളുടെ ആഗ്രഹങ്ങള്‍ സാധിച്ചു കൊടുക്കാന്‍ ഒരിക്കല്‍ പോലും പറ്റിയിട്ടില്ല. ഇന്നാദ്യമായാണ് കുട്ടികള്‍ അമ്മയോട് അങ്ങനെ ഒരാഗ്രഹം പറഞ്ഞത്.

ദിവാകര കുറുപ്പ് വല്യതറവാട്ടുകാരനാണ്. അഞ്ചു സഹോദരന്‍മാര്‍ക്കും രണ്ടു സഹോദരികള്‍ക്കും മുന്നില്‍ വരാന്‍ ഭയമാണ്. കാരണം കുറുപ്പ് നാട്ടിലെ തന്റേടിയാണ്. സഹോദരങ്ങളൊക്കെ ഗവര്‍മെന്റ് ജോലിക്കാരും. അവരെല്ലാം മാസം ഒരു വിഹിതം കുറുപ്പിനു കൊടുക്കണം. അതു തെറ്റിച്ചാല്‍..? സ്വഭാവം നന്നാക്കാന്‍ കല്യാണം കഴിപ്പിച്ചു. എന്നിട്ടും തോന്ന്യാസം കൂടി വന്നു. അമ്പല പറമ്പിലിട്ടു ആരോ വെട്ടി കൊന്നപ്പോള്‍ നാടു കരഞ്ഞു. വീട്ടുകാര്‍ ആശ്വസിച്ചു. കുറുപ്പിനോടുളള ദേഷ്യം മുഴുവന്‍ ഭാര്യയോടും മക്കളോടും കാട്ടി തുടങ്ങിയപ്പോള്‍ സൗദാമിനി മക്കളെയും കൊണ്ടു സ്വന്തം വീട്ടിലേക്കു പോയി.

ദേവനും ദേവൂട്ടിക്കും പതിനാല് വയസ്സായപ്പോള്‍ വീതത്തിനു വേണ്ടി വീണ്ടും കുറുപ്പിന്റെ തറവാട്ടിലേക്ക്…ആദ്യം കയറ്റി താമസിപ്പിക്കാന്‍ സഹോദരങ്ങള്‍ തമ്മില്‍ പോര് . സഹായിക്കാന്‍ നില്‍ക്കുന്ന കുടുംബക്കാരുടെ ഉള്ളിലിരിപ്പും സ്വത്ത് തന്നെ. എന്തെങ്കിലും തന്ന് പേരിലേക്കു എഴുതി മേടിക്കുക. ആ വല്യ തറവാടിലെ ഒരു മുറിയില്‍ ആ അമ്മയും രണ്ടു മക്കളും താമസം തുടങ്ങി. ജീവിക്കാന്‍ ലോട്ടറി കച്ചവടവും.

”തറവാടിനെ നാണം കെടുത്താന്‍…” ഭര്‍ത്താവിന്റ കുടുബത്തിന്റ പ്രതിക്ഷേധം സൗദാമിനിക്കു മനസ്സിലാകുമായിരുന്നു. പക്ഷേ, ജീവിക്കാന്‍ ആരും സഹായിക്കാന്‍ തയ്യാറായില്ല.

”എല്ലാവര്‍ക്കും തരുന്ന പോലെ തുല്യമായിട്ടു ഞങ്ങള്‍ക്കു തരണം…” സൗദാമിനിയില്‍ നിന്നു അങ്ങനെയൊരു തീരുമാനം അവരാരും പ്രതീക്ഷിച്ചില്ല. അതോടെ ആ കുടുബം തറവാട്ടുകാരുടെ ശത്രുവായി. ഒരോ ദിവസവും ഏങ്ങനെ തള്ളി നീക്കുമെന്നറിയാത്ത സൗദാമിനിയുടേയും കുട്ടികളുടേയും ഗതികേടിനെ ആരും തിരക്കിയില്ല. പോരാത്തതിനു ദേവുട്ടിക്കു ചുഴലിദീനവും. അതു തിരിച്ചറിഞ്ഞതു വല്ലാത്തൊരവസ്ഥയിലാ..! തറവാട്ടില്‍ താമസിക്കുന്ന കുറുപ്പിന്റ ഒരു സഹോദരന്റ മകളുടെ പെണ്ണുകാണല്‍ ചടങ്ങ്. വല്യ കുടുബക്കാരാ വരന്റ കുടുബം.

”ഇന്നു നിങ്ങള്‍ മുറിക്കു പുറത്തിറങ്ങരുത്. ഇന്ദൂന് വല്യ ഒരാലോചനയാ വന്നിരിക്കുന്നത്. ഒരു മുറിയില്‍ ഒരു കുടുബം ഉണ്ടെന്നറിഞ്ഞാല്‍ ചിലപ്പോള്‍ കല്യാണം നടന്നില്ല…” ഇന്ദന്റെ അമ്മയുടെ കര്‍ശന നിര്‍ദേശം. സൗദാമിനിയോ ദേവൂട്ടിയോ ഡ്രസ്സു മാറുമ്പോ, പുറത്തിറങ്ങി നില്‍ക്കുന്ന ദേവന്റ മനസ്സില്‍ ഒരുപാട് വേദന വളരുന്നുണ്ടെന്നു ആ അമ്മക്കറിയാം. പക്ഷേ, ഗതികേട്..! അപ്പുറത്ത് ചടങ്ങ് നടക്കുമ്പോഴാണ് മണ്ണണ്ണ സ്റ്റൗവില്‍ തീ പടര്‍ന്ന് സൗദാമിനി അന്താളിച്ചു പോയത്. വേഗം പോയി മുറി തുറക്കാന്‍ നോക്കിയപ്പോള്‍ പുറത്തുന്ന് പൂട്ടിയിരിക്കുന്നു. ദേവന്‍ വാതലില്‍ ആഞ്ഞു തട്ടാന്‍ നോക്കിയപ്പോള്‍ അമ്മ തടഞ്ഞു.

”വേണ്ട.. അവര്‍ക്കു നാണകേടാവണ്ടാ…” മണ്‍കുടത്തിലെ വെള്ളം എടുത്ത് സൗദാമിനി സ്റ്റൗവിലേക്കൊഴിച്ചു. മുറിയാകെ പുക പടര്‍ന്നു. ദേവൂട്ടിക്കു ശ്വാസം മുട്ടി. അതൊരു വിറയലിലേക്കും, പതുക്കെ പതുക്കെ ചുഴലിദീനം പോലെ ഗ്വാസം കിട്ടാതെ പിടയാനും തുടങ്ങി. ആധി പിടിച്ച് സൗദാമിനി തന്നെ വാതലില്‍ തട്ടി നിലവിളിച്ചു. അന്നുമുതല്‍ ദേവൂട്ടി ചുഴലി ദീനക്കാരിയായി. ആ കാഴ്ച്ച അത്രയും ദൈവം കണ്ടതുകൊണ്ടാവാം ഇന്ദൂന്റ ആ വിവാഹം മുടങ്ങി പോയി. അതോടെ ശത്രുത കൂടി. ഒരിക്കല്‍ സൗദാമിനി സ്വന്തം വീട്ടില്‍ പോയപ്പോള്‍ അപ്പന്‍ പറമ്പില്‍ തൂങ്ങി നില്‍ക്കുന്ന ഒരു പൂവന്‍ കോഴിയെ കൊന്നു സഞ്ചിയില്‍ ഇട്ടു കൊടുത്തു.

”മസാല കൂട്ടി വെച്ചാല്‍ മതി. ദേവനു ഒരുപാടിഷ്ടാ…” മകള്‍ക്കു കൊടുത്തു വിടാന്‍ ആ വയസ്സായ അപ്പന്റ കൈയ്യില്‍ വേറൊന്നുമില്ലായിരുന്നു. കറിവെച്ചപ്പോള്‍ മണമടിച്ചിട്ട് കുടുബക്കാര്‍ ഓടിയെത്തി.

”ജീവിക്കാന്‍ വഴിയില്ല. കോഴിക്കറിയേ കഴിക്കു…” കുത്തരി ചോറില്‍ കോഴി ചാറൊഴിച്ചു ഉരുള ഉരുട്ടുമ്പോഴാണ് ഭാര്യയെ അനുസരിക്കുന്ന കുറുപ്പിന്റ സഹോദരന്റ കളിയാക്കല്‍. പിന്നെ ചോറിറങ്ങിയില്ല. സ്‌കൂളില്‍ ദേവന്റ കൂട്ടുകാരന്‍ അഭിനയിച്ച സിനിമ ടി.വിയില്‍ വന്നപ്പോള്‍ കാണാന്‍ അവന്‍ ഒരു പാട് ആഗ്രഹിച്ചു. എവിടെ പോയി കാണും. തറവാട്ടിലെ സ്വീകരണമുറിയില്‍ ചെന്നിരുന്നുകാണാന്‍ മനസ്സ് അനുവദിച്ചില്ല. ഇറക്കിവിടും.

പക്ഷേ, കണ്ടേ പറ്റു. സ്വീകരണ മുറിയോടു ചേര്‍ന്നുള്ള വീടിന്റ സൈഡിലെ മുറിയിലാണ് ദേവന്റേയും കുടുബത്തിന്റേയും താമസം. ഇവരുടെ മുറിയില്‍ നിന്നു സ്വീകരണമുറിയിലേക്കുള്ള വാതില്‍ അവര്‍ അവിടുന്ന് അടച്ചിരിക്കുകയാണ്. ആ വാതലിന്റ മേലെയുള്ള പഴയ കാലത്തെ കള്ളി കളിയായിട്ടുള്ള വെന്റിലേഷനിലൂടെ ബഞ്ചില്‍ കയറി നിന്നുദേവന്‍ സിനിമ കണ്ടു. പിന്നെ അതൊരു ശീലമായി.സൗദാമിനി തടഞ്ഞു.

”അവര്‍ കണ്ടാല്‍ കിടത്തി പൊറിപ്പിക്കില്ല…”

”എന്തെങ്കിലും ഒന്ന് കണണ്ടേ അമ്മേ..?” അവന്റ നിസ്സഹായത കണ്ടപ്പോള്‍ സൗദാമിനിക്കു സങ്കടായി. പിന്നെ പിന്നെ ദേവനൊപ്പം ദേവൂട്ടിയും ബെഞ്ചില്‍ കയറി ടി.വി കണ്ടു. പിന്നെ അവര്‍ക്കൊപ്പം സൗദാമിനിയും ടി.വി കണ്ടു. അതു ഇന്ദു കണ്ടുപിടിച്ചു.

”നാണം കെട്ടവര്‍…” അവര്‍ വെന്റിലേഷന്‍ കാര്‍ഡ്‌ബോര്‍ഡു കൊണ്ടു അടച്ചു. സ്വന്തമായി ഒരു ടി.വി. അതവര്‍ക്കൊരു സ്വപ്നമായിരുന്നു. അതു സാധിച്ചു കൊടുക്കാന്‍ സൗദാമിനിക്കു പറ്റിയില്ല. മക്കള്‍ക്കു വിഷമമില്ലായിരുന്നു. ഗതികേട് അവരുടെ ഒരു കൂടപിറപ്പായി മാറിയിരുന്നു. പക്ഷേ, ഇപ്പോള്‍ ഈ ആഗ്രഹം അതൊരു പാട് ചെറുതായിരുന്നു. പിറന്നാളിനു കേക്കു മുറിക്കുക. അമ്മ ലോട്ടറി കച്ചവടം കഴിഞ്ഞ് കേക്കുമായി വരുന്നതും കാത്തിരിക്കുകയാണ് ഇരട്ടകള്‍. ആദ്യയാണ് കേക്കു മുറിച്ച് ഒരാഘോഷം. നാലുമണിയായപ്പോഴേക്കും സൗദാമിനിയുടെ വയറു കാളാന്‍ തുടങ്ങി.

”ഇശ്വരാ.. ഇന്ന് ലോട്ടറി ഒന്നും വിറ്റുപോയിട്ടില്ല…” രാവിലെ തുടങ്ങിയ മഴയാണ്. നഗരത്തിനു നന്നേ തിരക്കു കുറവ്. കേക്കു വാങ്ങാനുള്ള കാശ് പോലും കിട്ടിയിട്ടില്ല. പിള്ളേരുടെ കുഞ്ഞ് ആഗ്രഹാ…സാധിച്ചു കൊടുക്കാന്‍ പറ്റിയില്ലെങ്കില്‍….കമ്പി ഒടിഞ്ഞ കുടയുമായി അവര്‍ വീണ്ടും ലോട്ടറി നീട്ടി തെണ്ടി നടന്നു. മഴ അവര്‍ക്കു ചുറ്റും സമയ ദോഷത്തിന്റ കാര്‍മേഘം പുരട്ടി. സന്ധ്യ ആകുന്നു. എന്നും നാലുമണിക്കേ വീട്ടിലെത്തുന്നതാ. ഇന്നിപ്പോള്‍…വീട്ടിലേക്കു പോകുന്ന വഴിയിലാണ് വര്‍ഗ്ഗീസിന്റ ബേക്കറി കട. മക്കള്‍ക്കു വേണ്ടി രണ്ടും കല്പിച്ചു കടയിലേക്കു കയറി.

”ഒരു കേക്കു വേണം. ക്രീമിന്റ..!

”ബെര്‍ത്ത്‌ഡേ കേക്കാണോ..?” ജോലിക്കാരന്റ അന്വ ക്ഷണം.

”പേരു പറഞ്ഞോ…” സൗമിനിക്കു കാര്യം മനസ്സിലായില്ല.എന്നിട്ടും മക്കള്‍ടെ രണ്ടുപേരുടേയും പേരു പറഞ്ഞു. അഞ്ചു മിനിറ്റു കാത്തു നിന്നപ്പോള്‍ കേക്കു പായ്ക്കു ചെയ്തു തന്നു. ഏങ്ങനെ കടം പറയും എന്നു കരുതി വീര്‍പ്പുമുട്ടി നിന്ന സൗമിനിയോടു വര്‍ഗ്ഗീസ് കേക്കിന്റ വില പറഞ്ഞപ്പോള്‍ അവര്‍ വല്ലാതായി. ചുറ്റും നോക്കിയിട്ടു ശബ്ദം താഴ്ത്തി അവര്‍ പറഞ്ഞു.

”കാശ് നാളെ തരാം ഇന്നു ലോട്ടറി ഒന്നും വിററില്ല. പിള്ളേരുടെ പിറന്നാളായി പോയി…”

”കാശിലാത്തോര്‍ക്ക് പറഞ്ഞ പണിയല്ല ഈ ആഘോഷമൊക്കെ. ആ കേക്ക് ഇങ്ങുതാ. കടം പറഞ്ഞാല്‍ നാളെ പിന്നെയീ വഴി കാണില്ല..” വര്‍ഗ്ഗീസ് ബലമായി കേക്കു പിടിച്ചു വാങ്ങി.

”അയ്യോ. നാളെ വൈകുന്നേരം ഉറപ്പായും കൊണ്ടു വരാം. മക്കള്‍ കാത്തിരിക്യാ…” പറഞ്ഞപ്പോഴേക്കും അവരുടെ കണ്ണുനിറഞ്ഞു പോയി.

”അതിന് കേക്കു തന്നെ മുറിക്കണമെന്നില്ലല്ലോ… ബണ്‍ ആയാലും മതി…” വര്‍ഗ്ഗീസ് ഒരു ബണ്‍ എടുത്തു നീട്ടി. കൂടെ വക്രിച്ച ഒരു നോട്ടവും. സൗദാമിനി കടയില്‍ നിന്നു തിരിച്ചിറങ്ങി. പിള്ളേരോടു എന്തു പറയും. വീടിന്റ ഗയിറ്റു കടക്കുമ്പോള്‍ തടഞ്ഞു കൊണ്ട് കുറുപ്പിന്റെ സഹോദരന്‍.

”ഞങ്ങളെ നാണം കെടുത്താന്‍ ലോട്ടറി കച്ചോടം ചെയ്യുന്നതും പോരാ. നേരം ഇരുട്ടുമ്പോഴുള്ള ഈ കയറി വരവ്. അതിവിടെ നടക്കില്ല…” ഉത്തരം ഇല്ലാതെ അകത്തേക്കു ചെല്ലുമ്പോള്‍ വാതില്‍ പടിയില്‍ മക്കള്‍ കാത്തു നില്‍ക്കുന്നു. അവര്‍ ഒന്നും ചോദിക്കേണ്ടി വന്നില്ല. ഒറ്റ ശ്വാസത്തില്‍ അമ്മയുടെ ഗതികേടു പറഞ്ഞ് കരഞ്ഞു. മക്കള്‍ അമ്മയെ ചേര്‍ത്തുപിടിച്ചു.

”പോട്ടമ്മേ…അടുത്ത വര്‍ഷവും പിറന്നാളു വരുല്ലോ…നമ്മുക്കപ്പോള്‍ ആഘോഷിക്കാം…” ദേവൂട്ടിയാണ് ആശ്വസിപ്പിച്ചത്. അമ്മയെ ആഗ്രഹങ്ങള്‍ പറഞ്ഞു സങ്കടപ്പെടുത്താന്‍പാടില്ലായിരുന്നുവെന്ന് ദേവനോര്‍ത്തു. മേശയില്‍ കേക്കു വെയ്ക്കാന്‍ കളര്‍ പേപ്പര്‍ വിരിച്ചിട്ടിരിക്കുന്നതു കണ്ടപ്പോള്‍ സൗദാമിനി വല്ലാതായി.

”അമ്മേ.. അരിപ്പൊടി ഇരുപ്പില്ലേ…അതുവച്ച്‌നമ്മുക്കു വട്ടേപ്പം ഉണ്ടാക്കാം അതു മുറിച്ച് നമ്മുക്കു പിറന്നാള്‍ ആശ്വസിക്കാം…” ദേവൂട്ടി ആശ്വസിപ്പിച്ചു. അമ്മ മക്കള്‍ക്കു വേണ്ടി വട്ടേപ്പം ഉണ്ടാക്കി കളര്‍ പേപ്പറിനുമുകളില്‍ വച്ചു. മുന്നു പേരും ചേര്‍ന്ന് വട്ടേപ്പംമുറിച്ചു. രുചി ഇല്ലാത്ത രണ്ടു കഷണങ്ങള്‍ അമ്മ ഇരട്ടകളായ മക്കളുടെ വായിലേക്കു വെച്ചു കൊടുത്തു. അവര്‍ സന്തോഷം അഭിനയിച്ചു. മക്കള്‍ ഒരോ ചെറിയ കഷണങ്ങള്‍ അമ്മയുടെ ചുണ്ടില്‍ വെച്ചു കൊടുത്തു. അതു ചവച്ചിറക്കിയപ്പോള്‍ അമ്മയുടെ കണ്ണില്‍ നിന്നു ഒരു തുള്ളി കണ്ണീര്‍ അടര്‍ന്ന് ബാക്കിയായ വട്ടേപ്പത്തിന്‍ വീണു. ദേവനതു താങ്ങാന്‍ പറ്റിയില്ല. അവന്‍ അമ്മയെ കെട്ടിപിടിച്ചു ആശ്വസിപ്പിച്ചു.

”’അമ്മേ…ഇനി ഒരിക്കലും ദേവന്റ ജീവിതത്തില്‍ പിറന്നാള്‍ ആഘോഷിക്കില്ല. ഞാനെത്ര വലിയവനായാലും ഇതെന്റ അവസാന പിറന്നാളാ…” ഒരു പതിനഞ്ചുകാരന്റ വേദനക്കു ഭൂമിയോളംവലിപ്പമില്ലായിരുന്നെങ്കിലും ഒരുഹൃദയത്തോളം സങ്കടമുണ്ടായിരുന്നു.

എന്നെ വിടാതെ അണച്ചുപിടിച്ചിരിക്കുന്ന ദേവന്റ കണ്ണുകളും നിറഞ്ഞിരുന്നു. എറണാകുളം താജ് മലബാറിലെ ലോബിയിലാണ് ഞങ്ങളിപ്പോ. ബെര്‍ത്ത്‌ഡേക്കു വന്നവര്‍ എല്ലാരും പോയി കഴിഞ്ഞിരിക്കുന്നു. ദേവന്റെ കുടുബവും ഞാനും ബാക്കിയായി. സൗദാമിനിയമ്മയെ വര്‍ഷങ്ങള്‍ക്കു ശേഷം ഞാന്‍ കണ്ടു. അവരുടെ മുഖത്തെ സ്ഥായിയായ വിഷാദം മാറിയിരിക്കുന്നു. ഒരിക്കല്‍ ലോട്ടറി വിറ്റു മക്കള്‍ക്കു വേണ്ടി ജീവിച്ച ഒരമ്മ. ഇന്ന് ആ മുഖത്ത് ചിരി മാത്രം. ദേവൂട്ടിയേയും ഭര്‍ത്താവിനേയും കണ്ടു. എല്ലാവരും എത്ര സ്‌നേഹത്തോടെയാ പെരുമാറിയത്. വര്‍ഷങ്ങള്‍ക്കുശേഷം അവരുടെയൊക്കെ ജീവിതത്തിലേക്കു ഒരു കൂടപിറപ്പ് കടന്നുവന്നതു പോലെയായിരുന്നു ഞാനവര്‍ക്ക്. യാത്ര പറഞ്ഞപ്പോള്‍ സൗദാമിനിയമ്മ കൈകള്‍ ചേര്‍ത്തുപിടിച്ചു.

”അടുത്ത ആഴ്ച്ച തിരികെ പോകും. ഇതി ഒരു വരവ് ഉണ്ടാകില്ല. പോകും മുമ്പേ തറവാട്ടിലും ഒന്നു പോണം…”

”അവിടെ ആരെങ്കിലും ഇപ്പോ ഉണ്ടോ..?”

”ഇല്ല, വീതം വാങ്ങി എല്ലാരും നാലുവഴിക്കായി. വീടുണ്ട്. ഒന്നു കാണാന്‍ ഒരാഗ്രഹം. അത്രേയുള്ളു…” എന്റ കൂടെ വരാന്‍ പറ്റാതിരുന്ന ഭാര്യക്കും മകനും കുറെ സമ്മാന പൊതികള്‍ പായ്ക്കു ചെയ്തു ദേവന്റ ഇറ്റലിക്കാരിയായ ഭാര്യ എന്റ മുന്നില്‍ വെച്ചു.

”ഉണ്ണി നിന്റെ ജോലി സേഫാണോ..? ബുദ്ധിമുട്ടാണെങ്കില്‍ പറയാന്‍ മടിക്കരുത്…” ദേവന്റ വാക്കുകള്‍ക്ക് ആന്മാര്‍ത്ഥതയുടെ കടലിരമ്പം ഉണ്ടായിരുന്നു. ഞാന്‍ ചിരിച്ചു. ഇങ്ങനെ കുറെ നല്ല ചങ്കുകള്‍ ജീവിതത്തില്‍ ഉണ്ട്. ഒരു പക്ഷേ, ഇല്ലായ്മയില്‍ ഒന്നുമല്ലാത്തവന്റ വേഷത്തില്‍ ചേര്‍ത്തുപിടിച്ചതു കൊണ്ടാവാം. സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ യാത്രയാക്കാന്‍ ദേവനും വന്നു. ഞാന്‍ അവസാനമായി അവനോടു ചോദിച്ചു.

”ദേവാ. നീ എത്ര ഉയരത്തിലാ. ഇപ്പോഴും നീ കൂടെപിറപ്പിനെ പോലെ പെരുമാറുന്നു. രക്ത ബന്ധമുള്ള ബന്ധുക്കളെ നീ അകറ്റി നിര്‍ത്തുന്നു…” ദേവന്‍ പറയാന്‍ കാത്തുവെച്ച മറുപടി പോലെ വാചാലനായി.

”ഉണ്ണി നമ്മള്‍ ആദ്യം പരിചയപ്പെടുമ്പോള്‍ ആ വല്യ തറവാട്ടിലെ ഒരു മുറിയില്‍ ജീവിക്കുന്ന കുടുബമാണെന്നു നിനക്കറിയില്ലായിരുന്നു. ഞാനാരോടും പറഞ്ഞും ഇല്ല. ഒരിക്കല്‍ നീ എന്നെ തിരക്കി തറവാട്ടില്‍ വന്നപ്പോള്‍, ഞങ്ങളുടെ ഗതികേട് നീ അറിഞ്ഞപ്പോള്‍, മറ്റു കൂട്ടുകാരെ അറിയിക്കാതെ എന്നെ നീ ചേര്‍ത്തു നിര്‍ത്തി ധൈര്യം തന്നു. വേറെആരോടുംപറയണ്ട. വലിയവനാകണം. എല്ലാം നേടണം…”

ദേവന്റെ ആ വാക്കുകള്‍ തന്ന എനര്‍ജി അത്ര വലുതായിരുന്നു. അന്നാണ് കൂട്ടുകാരന്റ അര്‍ത്ഥം ഞാനറിഞ്ഞത്. ദേവന്റ കണ്ണു നിറഞ്ഞോ..? എനിക്കു പോകേണ്ട ട്രെയിന്‍ അനൗന്‍സ് ചെയ്തു. ചെറുതായി മഴ ചാറി തുടങ്ങിയ ആ നേരത്ത് ഒരു ലോട്ടറിക്കാരന്‍ ഞങ്ങള്‍ക്കടുത്തെത്തി.

”സാര്‍ ഇതുവരെ ഒന്നും വിറ്റിട്ടില്ല. ഒരു ടിക്കറ്റെടുക്ക്വോ..?” അയാളുടെ സ്വരം യാചനയുടെതായിരുന്നു. ലോട്ടറി ടിക്കറ്റ് കൂടാതെ ഒരു സഞ്ചി അയാളുടെ കൈയ്യില്‍ ഉണ്ടായിരുന്നു.

”ആ ലോട്ടറി മുഴുവന്‍ തന്നേക്കു…” ദേവന്‍ പറഞ്ഞപ്പോള്‍ ലോട്ടറി ക്കാരന്റ കണ്ണു തള്ളി പോയി. അതു മുഴുവന്‍ വാങ്ങി ആയിരം രൂപ കൂടുതല്‍ കൊടുത്തു. ശേഷം വാങ്ങിയ ലോട്ടറി മുഴുവന്‍ അയാളുടെ കൈയ്യില്‍ വെച്ചു കൊടുത്തു.

”ഇരിക്കട്ടെ എന്റ ഒരു സന്തോഷത്തിന്. ഒരു പക്ഷേ, ഇതില്‍ ഭാഗ്യം ഒളിഞ്ഞിരിപ്പുണ്ടെങ്കിലോ..? ദേവന്‍ പറഞ്ഞപ്പോള്‍ ഒരു ദൈവത്തെ മുന്നില്‍ കണ്ട പോലെ ലോട്ടറിക്കാരന്‍ അവനെ നോക്കി നിന്നു. പിന്നെ ചാറ്റല്‍ മഴയില്‍ അയാള്‍ നടന്നു പോയി. ദേവനെ ഞാന്‍ നോക്കി. ഒരിക്കല്‍ പിറന്നാള്‍ കേക്കു വാങ്ങാന്‍ ലോട്ടറി വില്‍ക്കാന്‍ ഓടി നടന്ന ഒരമ്മയുടെ മകന്‍. ദൈവമാണ് ആ ലോട്ടറി ക്കാരനെ അവന്റ മുന്നിലെത്തിച്ചത്. ഒരു പക്ഷേ ഒരു കേക്കിനു വേണ്ടി അയാളുടെ വീട്ടിലും മക്കള്‍ കാത്തിരിക്കുന്നുണ്ടാവാം. എനിക്കുള്ള ട്രയില്‍ ഫ്‌ലാറ്റ്‌ഫോമില്‍ എത്തി.

”പോട്ടെ…”

ഞാന്‍ യാത്ര പറഞ്ഞു അകത്തേക്കു നടന്നു. എന്തന്നില്ലാത്ത സന്തോഷം തോന്നി. ലോട്ടറി ക്കാരന്റ ആശ്വാസം കൊണ്ടു ചിരിക്കുന്ന മുഖം തെളിഞ്ഞു വന്നു. ഒന്നൂടെ ദേവനോടു യാത്ര പറയണമെന്നു തോന്നി. ആള്‍ത്തിരക്കിനിടയില്‍ നിന്നു തിരിഞ്ഞു നോക്കി. ദേവന്‍ അവിടെ തന്നെ നില്‍ക്കുകയാണ്. എന്നെ യാത്രയാക്കി കൊണ്ട്. ഇപ്പോള്‍ എന്തോ എന്റ കണ്ണും നിറഞ്ഞു. ദേവന്‍ഒരിക്കല്‍ കൂടി കൈവീശി. ഇപ്പോള്‍ അവനു ചുറ്റും ശരിക്കും മഴ പെയ്തു തുടങ്ങി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments