ബ്യൂനസ് ഏരിയസ്: ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ മരണം ഡോക്ടര്‍മാരുടെ അനാസ്ഥയുടെ മൂലമെന്ന് അന്വേഷണ റിപ്പോര്‍ട്ട്. ചികിത്സയില്‍ അനാസ്ഥ കാണിച്ചെന്ന് കരുതപ്പെടുന്ന ഏഴ് പേര്‍ക്കെതിരെ കേസെടുത്തു. മനപൂര്‍വമല്ലാത്ത നരഹത്യാ കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. മറഡോണയുടെ മരണവുമായി ബന്ധപ്പെട്ട് മെഡിക്കല്‍ ബോര്‍ഡ് നടത്തിയ അന്വേഷണത്തിന്റെ ഫലം പരിഗണിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കുറ്റക്കാരെന്ന് തെളിഞ്ഞാല്‍ ഇവര്‍ക്ക് 8 മുതല്‍ 25 വര്‍ഷം വരെ തടവ് ലഭിക്കും.
മറഡോണയുടെ കുടുംബ ഡോക്ടര്‍ ലിയോപോള്‍ഡോ ലുക്ക്, സൈക്യാട്രിസ്റ്റ് അഗസ്റ്റിന കൊസാചോവ്, മറഡോണയുടെ മെഡിക്കല്‍ ടീമിലെ രണ്ട് ആരോഗ്യ വിദഗ്ധര്‍, ഒരു ഡോക്ടര്‍, ഒരു സൈക്കോളജിസ്റ്റ്, നഴ്‌സ് കോര്‍ഡിനേറ്റര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. ഇവര്‍ക്കെതിരെ പ്രോസിക്യൂട്ടര്‍മാര്‍ സ്വമേധയാ കൊലക്കുറ്റം ചുമത്തുകയായിരുന്നു.
അവസാന നിമിഷങ്ങളില്‍ മറഡോണയ്ക്ക് മതിയായ ചികിത്സ ലഭിച്ചില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. മരണത്തിന് മുന്‍പ് 12 മണിക്കൂറോളം അദ്ദേഹം അതിതീവ്ര വേദന അനുഭവിച്ചിരുന്നു. ആ സമയത്ത് കൃത്യമായ ചികിത്സ ലഭ്യമാക്കാന്‍ ഡോക്ടര്‍മാര്‍ക്ക് കഴിഞ്ഞിരുന്നില്ല. കൃത്യസമയത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കിയിരുന്നെങ്കില്‍ അദ്ദേഹം ഇപ്പോഴും ജീവിച്ചിരുന്നേനെ എന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നു.
ഹൃദയാഘാതത്തെ തുടര്‍ന്ന് നവംബര്‍ 25 നായിരുന്നു മറഡോണ അന്തരിച്ചത്. തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. ഇതിനുശേഷം വിശ്രമത്തിലായിരുന്നു. ഇതിനിടെയാണ് മരണം സംഭവിച്ചത്.