മാഹി: ഇഷ്ടപ്പട്ട സിനിമ താരത്തോടുള്ള ആരാധനയും സ്‌നേഹവും കാരണം പല സാഹസങ്ങള്‍ക്കും മുതിരുന്ന ആരാധകരെ നമ്മള്‍ കാണാറുണ്ട്. അങ്ങനെ ഒരു ആരാധകനെ കുറിച്ചാണ് പറഞ്ഞുവരുന്നത്. പേര് സ്മിജിത്ത് മോഹന്‍, കടുത്ത മോഹന്‍ലാല്‍ ആരാധകന്‍.
ജീവന് തുല്യം സ്‌നേഹിക്കുന്ന ലാലേട്ടന് വേണ്ടി അദ്ദേഹം അഭിനയിച്ച 346 സിനിമകളുടെ പേര് മനോഹരമായി ഏഴുതിച്ചേര്‍ത്ത് വിസ്മയ ചിത്രം തീര്‍ത്തിരിക്കുകയാണ് ഈ ആരാധകന്‍. ടൈപ്പോ ഗ്രാഫിക് പോട്രൈറ്റ് രീതിയില്‍ വരച്ച ഈ ചിത്രത്തില്‍ മോഹന്‍ലാല്‍ അഭിനയിച്ച 346 ചിത്രങ്ങളുടെ പേരും മനോഹരമായി ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
ലോക്ക് ഡൗണ്‍ കാലത്ത് ആറ് ദിവസം എടുത്ത് വരച്ചു തീര്‍ത്ത ഈ ചിത്രം ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും ഇടം നേടിയിരിക്കുകയാണ്. മോഹന്‍ലാലിനോടുള്ള കടുത്ത ആരാധനയാണ് ഇങ്ങനയൊരു ചിത്രം വരയ്ക്കാന്‍ പ്രേരിപ്പിച്ചതെന്ന് സ്മിജിത്ത് പറഞ്ഞു.
വിവിധ വര്‍ണങ്ങളില്‍ ചാലിച്ചെടുത്ത ഈ ചിത്രത്തിന് 24 ഇഞ്ച് നീളവും 21 ഇഞ്ച് വീതിയുമാണുള്ളത്. 346 സിനിമ പേരുകളും ഇംഗ്ലീഷില്‍ വിവിധ ശൈലിയില്‍ എഴുതിയാണ് ചിത്രം പൂര്‍ത്തിയാക്കിയത്. മാഹി പന്തക്കല്‍ സ്വദേശിയായ സ്മിജിത്ത് മോഹന്‍ വര്‍ഷങ്ങളോളമായി ചിത്രകല രംഗത്ത് പ്രവര്‍ത്തിക്കുന്നയാളാണ്.
ടൈപ്പോ ഗ്രാഫിക് രീതി ഏറെ ഇഷ്ടപ്പെടുന്ന സ്മിജിത്ത് രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്‍ പൃഥിരാജിന്റെ 100 സിനിമ പേരുകള്‍ ചേര്‍ത്തുള്ള ചിത്രവും വരച്ചിരുന്നു.
തലശേരി സ്‌കൂള്‍ ഓഫ് ആര്‍ട്‌സ്, മാഹി മലയാള കലാഗ്രാമം എന്നിവിടങ്ങളില്‍ നിന്നാണ് സ്മിജിത്ത് ചിത്രകല അഭ്യസിച്ചത്. ആനിമേഷന്‍ ഫിലിം മേക്കിംഗില്‍ പ്രത്യേക താല്‍പര്യുള്ള സ്മിജിത്ത് ഒട്ടേറെ മലയാള സിനിമകളില്‍ സഹ സംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
കുംഭസാരം, ബഷീറിന്റെ പ്രേമലേഖനം, ഉത്തരം പറയാതെ, പഞ്ചവര്‍ണതത്ത, ഗ്രാന്‍ഡ് ഫാദര്‍ എന്നിങ്ങനെ പോകും അവ.
ഈയടുത്ത് ആരോഗ്യപ്രവര്‍ത്തകര്‍ക്കും പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ആദരവ് അര്‍പ്പിച്ച് സ്മിജിത്ത് സംവിധാനം ചെയ്ത ‘ദ റിയല്‍ ഹീറോ’ എന്ന ഹ്രസ്വ ചിത്രം മോഹന്‍ലാല്‍ തന്റെ ഓഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തിരുന്നു.
താന്‍ വരച്ച ഈ അപൂര്‍വ ചിത്രം സുഹൃത്ത് വഴി ലാലേട്ടന് അയച്ചുകൊടുത്തിട്ടുണ്ടെന്നും താരരാജാവിന്റെ മറുപടിക്കായുള്ള കാത്തിരിപ്പിലാണെന്നും സ്മിജിത്ത് വണ്‍ ഇന്ത്യ മലയാളത്തോട് വ്യക്തമാക്കി.