എ.എസ് ശ്രീകുമാര്‍
അമേരിക്കന്‍ മലയാളികളുടെ ഐക്യത്തിന്റെ ശബ്ദമായ ഫോമായുടെ ചരിത്രത്തിലെ ഏറ്റവും ജനപങ്കാളിത്തമുള്ളതും വര്‍ണാഭവുമായ കണ്‍വന്‍ഷന് ഭദ്രദീപം തെളിയാന്‍ ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രം. ഫാമാ കുടുംബാംഗങ്ങള്‍ക്കും മറ്റും എന്നെന്നും ഓര്‍ത്തുവയ്ക്കാന്‍ പറ്റുന്ന അവിസ്മരണീയമായ ഒരു അവധിക്കാലം സമ്മാനിക്കുന്ന മെക്‌സിക്കോയിലെ കാന്‍കൂണ്‍ കണ്‍വന്‍ഷന്റെ കൊടി ഉയരാന്‍ ആവേശത്തോടെ കാത്തിരിക്കുകയാണേവരും. ഓണക്കാലത്തെ ഈ മലയാളി മാമാങ്കത്തിന്റെ പശ്ചാത്തലത്തില്‍, ഏറ്റവും വലിയ പ്രവാസി മലയാളി സംഘടനയായ ഫോമായുടെ, സുവ്യക്തമായ കാഴ്ച്ചപ്പാടും കര്‍മപരിപാടികളും വ്യക്തിബന്ധങ്ങളുമായി അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ ജനകീയ പ്രതിഛായയുള്ള സംഘാടകന്‍ ബിജു തോണിക്കടവില്‍ സംസാരിക്കുന്നു…
അര്‍പ്പണ ബോധമുള്ള പൊതുപ്രവര്‍ത്തകന്‍ ശ്രീ ബിജു തോണിക്കടവിലിനെക്കുറിച്ച്…
യു.എസിലെ മറ്റ് സമൂഹങ്ങളുമായുള്ള മലയാളികളുടെ ബന്ധം ശക്തിപ്പെടുത്തണമെന്ന വിശാല ചിന്തയുള്ള നേതാവാണ് ബിജു തോണിക്കടവില്‍. ഏറ്റെടുക്കുന്ന ജോലികള്‍ മികവോടെ പൂര്‍ത്തീകരിക്കുന്ന ഇദ്ദേഹം സ്ത്രീകളെ അമേരിക്കന്‍ രാഷ്ട്രീയത്തില്‍ പ്രോല്‍സാഹിപ്പിക്കണമെന്ന ആശയം മുന്നോട്ട് വയ്ക്കുന്നു. ഒട്ടേറെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലെ പങ്കാളിയാണ്.
പത്തനംതിട്ട ജില്ലയിലെ റാന്നി, നാറാണമൂഴി തോണിക്കടവില്‍ ടി.എം തോമസിന്റെയും ഏലിയാമ്മയുടെയും മകനായ ബിജു തോണിക്കടവിലിന് നാട്ടില്‍ കൃത്യമായ പൊതുപ്രവര്‍ത്തന ധാരയുണ്ടായിരുന്നു. യുവചേതന ആര്‍ട് ആന്റ് സ്പോര്‍ട് ക്ലബ് പ്രസിഡന്റായി സംഘടനാ പ്രവര്‍ത്തനത്തിന് തുടക്കമിട്ട ബിജു യൂത്ത് കേണ്‍ഗ്രസ് നാറാണമൂഴി മണ്ഡലം പ്രസിഡന്റ്, കോണ്‍ഗ്രസ് ഐ നാറാണമൂഴി മണ്ഡലം വൈസ് പ്രസിഡന്റ്, സേവാദള്‍ പത്തനംതിട്ട ജില്ലാ ട്രഷറര്‍, റാന്നി ബ്ലോക്ക് കോണ്‍ഗ്രസ് കോണ്‍ഗ്രസ് കമ്മിറ്റി മെമ്പര്‍, റാന്നി ബ്ലോക്ക് സേവാദള്‍ ചെയര്‍മാന്‍, നാറാണമൂഴി സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍, സമുദായ ട്രസ്റ്റി തുടങ്ങിയ സ്ഥാനങ്ങള്‍ അലങ്കരിച്ചു. നാറാണമൂഴി പഞ്ചായത്ത് തൊഴിലാളി യൂണിയനിലൂടെ തൊഴിലാളി ക്ഷേമ പ്രവര്‍ത്തനങ്ങലിലും വ്യാപൃതനായി.
1997ല്‍ അമേരിക്കയിലെത്തിയ ബിജു തോണിക്കടവില്‍ ഫ്ളോറിഡ പാംബീച്ച് മലയാളി അസോസിയേഷന്‍ ഓഡിറ്റര്‍, കമ്മിറ്റി മെമ്പര്‍, ജോയിന്റ് സെക്രട്ടറി, വൈസ് പ്രസിഡന്റ്, പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചു. ഫോമായുടെ ആര്‍.സി.സി പ്രോജക്ടിന് മാതൃസംഘടനയിലൂടെ നല്ലൊരു സംഖ്യ സമാഹരിച്ച് നല്‍കി.
ഫോമാ സണ്‍ഷൈന്‍ റീജിയന്‍ ചെയര്‍മാന്‍, ആര്‍.വി.പി, യൂത്ത് ഫെസ്റ്റിവല്‍ കണ്‍വീനര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച ബിജു ഫോമായുടെ വില്ലേജ് പ്രോജക്ടിന് തന്റെ റീജിയണില്‍ നിന്ന് 7 വീടുകള്‍ നല്‍കി. അതിലൊന്ന് മാതൃ സംഘടനയുടെ വകയായിരുന്നു. സണ്‍ഷൈന്‍ റീജിയന്‍ ചെയര്‍മാനും, ആര്‍.വി.പിയുമായിരുന്നു. ആര്‍.വി.പിയായിരിക്കെ സണ്‍ഷൈന്‍ റീജിയണില്‍ ആരംഭിച്ച കൃഷിപാഠം ഏറെ ശ്രദ്ധിക്കപ്പെട്ടു. കോവിഡ് കാലത്ത് ഹെല്‍പ്പ് ലൈന്‍ ഉള്‍പ്പെടെയുള്ള പരിപാടികള്‍ ആസൂത്രണം ചെയ്തു. സാന്ത്വന സംഗീതം കോ-ഓര്‍ഡിനേറ്ററായിരുന്നു.
മലയാള ഭാഷാ പഠനത്തിനായി ഏഷ്യാനെറ്റ് ന്യൂസുമായി ചേര്‍ന്നുള്ള പരിപാടിയില്‍ ഫോമായ്ക്കും മികച്ച സംഘാടകനായി ബിജുവിനും അവാര്‍ഡ് ലഭിച്ചു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ് ബിജു തോണിക്കടവില്‍. പാംബീച്ച് കൗണ്ടി ഷെറീഫ് ഓഫീസിലാണ് ബിജുവും ഭാര്യ ജൂണാ തോമസും ജോലി ചെയ്യുന്നത്. സോണിയ തോമസ്, സജെ തോമസ് എന്നിവര്‍ മക്കള്‍.
ഒട്ടേറെ വിസമയങ്ങള്‍ ഒളിഞ്ഞിരിക്കുന്ന കാന്‍കൂണില്‍ ഫോമായുടെ ചരിത്രത്തില്‍ അടയാളപ്പെടുത്തുന്ന സ്വപ്ന കണ്‍വന്‍ഷന്റെ പശ്ചാത്തലത്തില്‍ ബിജു തോണിക്കടവിലുമായി നടത്തിയ സംഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങള്‍…
? കാന്‍കൂണ്‍ കണ്‍വന്‍ഷനെക്കുറിച്ചുള്ള പ്രതീക്ഷകള്‍…
- ഫോമായുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ പങ്കെടുക്കുന്ന കണ്‍വന്‍ഷനാണിത്. അത്രയും രജിസ്‌ട്രേഷന്‍ ആയിട്ടുണ്ട്. 600ല്‍ പരം ഡെലിഗേറ്റുകളും എത്തുന്നുണ്ട്. കോവിഡ് മൂലം ടൂറിനും മറ്റ് ഔട്ടിങ്ങിനും പോകാന്‍ പറ്റാതിരുന്ന സാഹചര്യത്തില്‍ ഏവരും ഈ കണ്‍വന്‍ഷനെ ഒരു ടൂര്‍ പാക്കേജായിട്ടും കാണുന്നുണ്ട്. കാന്‍കൂണില്‍ ഫാമിലിയുമായി എത്തി എന്‍ജോയ് ചെയ്യാമെന്ന വിശ്വാസം എല്ലാവര്‍ക്കും ഉണ്ട്. 80 ശതമാനത്തിലധികം പേരും തങ്ങളുടെ കുടുംബവുമായിട്ടാണ് കാന്‍കൂണിലേക്ക് പറക്കുന്നത്. ആയതിനാല്‍ കണ്‍വന്‍ഷന്‍ വന്‍ വിജയമായിരിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
? മെക്‌സിക്കോ തിരഞ്ഞെടുക്കാനുള്ള കാരണം…
- ഇതുവരെ അമേരിക്കയിലെ വിവിധ സ്ഥലങ്ങളിലാണ് ഫോമാ കണ്‍വന്‍ഷനുകള്‍ നടന്നിട്ടുള്ളത്. അതിനൊരു മാറ്റമുണ്ടാവണമെന്നു തോന്നി. ഡെസ്റ്റിനേഷന്‍ കണ്‍വന്‍ഷന്‍ എന്നത് പുതിയൊരു ആശയമാണ്. എക്‌സിക്ക്യൂട്ടീവ് കമ്മറ്റിയുടെ മാത്രം തീരുമാനമല്ല, നാഷണല്‍ കമ്മറ്റി ഉള്‍പ്പെടെ എല്ലാവരുടെയും കൂട്ടായ അഭിപ്രായം അറിഞ്ഞ ശേഷമാണ് കാന്‍കൂണ്‍ ഫിക്‌സ് ചെയ്തത്.
? മെക്‌സിക്കോ തിരഞ്ഞെടുക്കുമ്പോള്‍ ആശങ്കകളുണ്ടായിരുന്നോ…
- തുടക്കത്തില്‍ അല്പം ഭയമുണ്ടായിരുന്നു. എന്നാല്‍ നല്ല തോതില്‍ രജിസ്‌ട്രേഷന്‍ ഉണ്ടായപ്പോള്‍ ആ തീരുമാനം നല്ലതായിരുന്നുവെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞു. ഫോമാ കുടുംബത്തെ സംബന്ധിച്ചിടത്തോളം ഈ കണ്‍വന്‍ഷന്‍ പുതിയൊരു അനുഭവമായിരിക്കും.
? കഴിഞ്ഞ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തനം എങ്ങനെ വിലയിരുത്തുന്നു…
- ഞാന്‍ ഫോമായില്‍ എത്തിയ നാള്‍ മുതല്‍ ആത്മാര്‍ത്ഥമായും സമയാധിഷ്ഠിതമായും പ്രവര്‍ത്തിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. കോവിഡിന്റെ മൂര്‍ദ്ധന്യാവസ്ഥയിലാണ് ഈ കമ്മറ്റി ചാര്‍ജെടുത്തത്. പാന്‍ഡെമിക്കിനെ അതിജീവിക്കത്തക്കവിധത്തില്‍ സമൂഹത്തിനു വേണ്ടി പ്രവര്‍ത്തിക്കുവാന്‍ സാധിച്ചു. രോഗം ബാധിച്ച് നിരവധി സുഹൃത്തുക്കള്‍ നമ്മെ വിട്ടുപിരിഞ്ഞു പോയപ്പോള്‍ അവരുടെ മരണാനന്തര ചടങ്ങുകള്‍, ആര്‍ക്കും നേരിട്ടു പങ്കെടുക്കുവാന്‍ പറ്റാതിരുന്ന ആ ഘട്ടത്തില്‍ ബന്ധുമിത്രാദികളെയും മതപുരോഹിതന്മാരേയും പങ്കെടുപ്പിച്ചുകൊണ്ട് നടത്തുവാന്‍ സാധിച്ചു. കോവിഡ് ആശങ്കയിലും വിഷമതയിലും കഴിഞ്ഞിരുന്ന ജനങ്ങള്‍ക്ക് മാനസിക സന്തോഷം നല്‍കുന്ന സാന്ത്വന സംഗീതം എന്ന പരിപാടി അവതരിപ്പിക്കുവാന്‍ കഴിഞ്ഞു. എനിക്കായിരുന്നു അതിന്റെ ചാര്‍ജ്. സാന്ത്വന സംഗീതത്തിന്റെ 84 എപ്പിസോഡുകള്‍ കഴിഞ്ഞിരിക്കുകയാണ്. ഈ പരിപാടി മൂലം നമ്മുടെ കലയേയും ഭാഷയേയും സംസ്‌കാരത്തേയും കുട്ടികളിലേക്കെത്തിക്കുവാന്‍ സാധിച്ചു. അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന 80ല്‍ പരം കുട്ടികള്‍ക്ക് സാന്ത്വന സംഗീതത്തിലൂടെ ഗാനങ്ങള്‍ ആലപിക്കുവാന്‍ അവസരം ലഭിച്ചു. നിരവധി അവതാരകരേയും കൊണ്ടുവരാന്‍ പറ്റിയിട്ടുണ്ട്.
? ഫോമാ കേരളത്തില്‍ ആവിഷ്‌ക്കരിച്ച പരിപാടികളെ കുറിച്ച്…
- കോവിഡ് ദുരിതാശ്വാസ പദ്ധതി എന്ന നിലയില്‍ കേരളത്തിലെ താലൂക്ക് ആശുപത്രികളില്‍ 18 വെന്റിലേറ്ററുകള്‍ എത്തിച്ചു. ഇക്കാര്യത്തില്‍ ഫോമായുടെ അസോസിയേഷനുകള്‍ നല്‍കിയ പിന്തുണ അഭിനന്ദനീയമാണ്. അവരാണ് ഫോമായുടെ നട്ടെല്ല്. അംഗസംഘടനകളെയെല്ലാം വിശ്വാസത്തിലെടുത്തുകൊണ്ടാണ് നാട്ടിലെ പരിപാടികള്‍ വിജയകരമായി നടപ്പിലാക്കിയത്. അഡ്വന്റ് ഹെല്‍ത്തില്‍ ജോലി ചെയ്യുന്ന എന്റെ ഒരു സുഹൃത്തു വഴി മൂന്ന് വെന്റിലേറ്ററുകളും ഒരു കണ്ടെയ്‌നര്‍ ജീവന്‍രക്ഷാ ഉള്‍പ്പെടെയുള്ള സാധനങ്ങളും നാട്ടിലുള്ളവര്‍ക്ക് ലഭ്യമാക്കി. പ്രളയകാലത്തെ കഴിഞ്ഞ കമ്മറ്റി 40 വീടുകള്‍ വെച്ചു കൊടുത്തപ്പോള്‍ അതിന്റെ കോ-ഓര്‍ഡിനേറ്ററായി എനിക്കു പ്രവര്‍ത്തിക്കുവാന്‍ കഴിഞ്ഞു. എന്റെ റീജിയനില്‍ നിന്ന് ഏഴ് വീടുകള്‍ കൊടുത്തു. മൂന്ന് വീടുകളുടെ പൂര്‍ത്തീകരണത്തിന് 6000 ഡോളര്‍ സമാഹരിച്ചു നല്‍കി. രണ്ടാം പ്രളയകാലത്ത് ഫോമാ പ്രസിഡന്റ് അനിയന്‍ ജോര്‍ജ്ജിനൊപ്പം നാട്ടില്‍ പോവുകയും ദുരിതബാധിതതര്‍ക്ക് സാമ്പത്തിക സഹായം നല്‍കുകയും ചെയ്തു. ഹെല്‍പ്പിങ്ങ് ഹാന്‍ഡ്‌സിലൂടെ നിരവധി പേരെ സഹായിക്കുവാനും കഴിഞ്ഞു. ഫോമായെ കൂടുതലായി ജനഹൃദയങ്ങളിലെത്തിക്കാന്‍ ഈ സംരംഭം കൊണ്ട് സാധിച്ചു. ഹെല്‍പ്പിങ്ങ് ഹാന്‍ഡ്‌സ് പ്രോജക്ടില്‍ ഏറ്റവും കൂടുതല്‍ അംഗങ്ങളെ ചേര്‍ക്കുവാന്‍ സാധിച്ചതില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു. അങ്ങനെ നോക്കിയാല്‍ എല്ലാ മേഖലയിലും ദ്രുതഗതിയിലുള്ള വളര്‍ച്ചയുടെ കാലമായിരുന്നു കഴിഞ്ഞ രണ്ടു വര്‍ഷമെന്ന് ആത്മാഭിമാനത്തോടെ പറയുവാന്‍ സാധിക്കും.
? കേരളാ കണ്‍വന്‍ഷന്റെ വിജയത്തെക്കുറിച്ച്…
- കഴിഞ്ഞ മെയ്മാസത്തില്‍ നടന്ന കേരളാ കണ്‍വന്‍ഷനില്‍ വലിയ നാല് പ്രോഗ്രാമുകളാണ് സംഘടിപ്പിച്ചത്. കൊച്ചിയില്‍ വച്ചു നടത്തിയ ബിസിനസ് മീറ്റില്‍ യൂസഫലി ഉള്‍പ്പെടെയുള്ള വന്‍കിട ബിസിനസുകാര്‍ പങ്കെടുത്തു. കേരള കണ്‍വന്‍ഷന്‍ എന്ന നിലയില്‍ തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ നടത്തിയ സമ്മേളന പരിപാടിയില്‍ മൂന്ന് മന്ത്രിമാരും എം.പിമാരും എം.എല്‍.എമാരും സന്നിഹിതരായിരുന്നു. വിമന്‍സ് ഫോറത്തിന്റെ നേതൃത്വത്തില്‍ 50ല്‍ പരം കുട്ടികള്‍ക്ക് ഉപരിപഠനത്തിനായി 50,000 രൂപ വീതം നല്‍കി. എന്റെ നാടായ റാന്നിയിലെ അടിച്ചിപ്പുഴ ആദിവാസ കോളനിയില്‍ മുത്തൂറ്റു ഗ്രൂപ്പുമായി ചേര്‍ന്ന് മെഡിക്കല്‍ ക്യാമ്പ് നടത്തി. 375ലധികം ആള്‍ക്കാര്‍ രജിസ്റ്റര്‍ ചെയത് ആ ക്യമ്പില്‍ പങ്കെടുത്തു എന്നത് ചരിത്ര സംഭവമാണ്. ക്യാമ്പിലെത്തിയവര്‍ക്കെല്ലാം ഉച്ചഭക്ഷണവും മരുന്നും നല്‍കി. അതിന്റെ ചുമതലയും എനിക്കായിരുന്നു. കേരള കണ്‍വന്‍ഷന്റെ സമാപന സമ്മേളനം കൊല്ലം ബീച്ച് റിസോര്‍ട്ടില്‍ വച്ചാണ് നടത്തിയത്. ബീച്ചില്‍ വലിയ പട്ടങ്ങള്‍ പറത്തിക്കൊണ്ട് 365 ദിവസവും ലോക സമാധാനം എന്ന സന്ദേശം നല്‍കുകയുണ്ടായി. മ്യൂസിക് നൈറ്റോടുകൂടിയാണ് കേരള കണ്‍വന്‍ഷന്‍ സമാപിച്ചത്. കേരള കണ്‍വന്‍ഷന്റെ ചുമതല വഹിച്ച ഡോ. ജേക്കബ് തോമസിന്റെ സേവനം സ്തുത്യര്‍ഹമാണ്.
? കേരളാ ഗവണ്‍മെന്റ് ഫോമായ്ക്ക് നല്‍കുന്ന പിന്തുണ എത്രത്തോളമാണ്…
- അത്ര വലിയ പിന്തുണ ലഭിച്ചു എന്ന് പറയുവാന്‍ ആവില്ല. കാരണം, കോവിഡ് സമയത്തെ അടിയന്തിര പ്രാധാന്യം കണക്കിലെടുത്ത് നമ്മള്‍ നാട്ടിലേക്കയച്ച വെന്റിലേറ്ററുകളും മറ്റും യഥാസമയം എത്തേണ്ട സ്ഥലത്ത് എത്തിക്കുവാന്‍ സര്‍ക്കാരന്റെ മെഷിനറിക്ക് സാധിച്ചില്ല. എന്നാല്‍ പിന്നെ എന്തിന് ഇതൊക്കെ നാട്ടിലേക്ക് അയക്കണമെന്ന ചോദ്യം അമേരിക്കന്‍ മലയാളികള്‍ക്ക് പൊതുവേ ഉണ്ട്. വിദേശ മലയാളികള്‍ ഒന്നും പ്രതീക്ഷിച്ചുകൊണ്ടല്ല, ജന്മനാടിനു വേണ്ടി സഹായങ്ങള്‍ ചെയ്യുന്നത്. അപ്പോള്‍ അവരെയെല്ലാം ചേര്‍ത്തു നിര്‍ത്തേണ്ടത് ഒരു ജനകീയ സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. വിദേശ മലയാളികളുടെ പ്രായമായ മാതാപിതാക്കള്‍ നാട്ടിലുണ്ട്. വസ്തുവകകളും ഉണ്ട്. അതിനൊക്കെ സംരക്ഷണം നല്‍കാന്‍ ഗവണ്‍മെന്റ് മുന്നോട്ടു വരണം. വിദേശ മലയാളികളുടെ നിക്ഷേപങ്ങള്‍ എക്കാലത്തും കേരളത്തിന് ഗുണം മാത്രമേ ചെയ്തിട്ടുള്ളു.
? നോര്‍ക്കയുമായുള്ള ഫോമായുടെ ബന്ധം എങ്ങനെ…
- നോര്‍ക്ക ഫോമായില്‍ നിന്നല്പം അകലെയായിരുന്നു. പക്ഷേ, ഫോമാ അമേരിക്കയിലും കേരളത്തിലും നടത്തുന്ന ജനകീയ പ്രവര്‍ത്തനങ്ങള്‍ കണ്ട് മനസ്സിലാക്കി അവര്‍ ഇപ്പോള്‍ അടുത്ത് വന്നിട്ടുണ്ട്. ആ നിലപാടിനെ ഫോമാ സന്തോഷത്തോടെ സ്വീകരിക്കുന്നു. അതേസമയം കൂടുതല്‍ സഹകരണം ഗവണ്‍മെന്റിന്റെ ഭാഗത്തു നിന്നും ഉണ്ടാവേണ്ടതുണ്ട്.
? ജോയിന്റ് ട്രഷറര്‍ എന്ന നിലയില്‍ താങ്കള്‍ സംതൃപ്തനാണോ…
- നൂറുശതമാനം സംതൃപ്തി ഉണ്ടെന്നു പറയുവാനൊക്കില്ല. എന്നാല്‍ നല്ലൊരു ടീമിന്റെ കൂടെ പ്രവര്‍ത്തിക്കുവാന്‍ കഴിഞ്ഞു എന്ന സന്തോഷമുണ്ട്. ജോയിന്റ് ട്രഷറര്‍ എന്ന നിലയില്‍ ഒട്ടി മിക്ക റീജനുകളുടെയും പരിപാടിയില്‍ പങ്കെടുക്കുവാന്‍ എനിക്കു സാധിച്ചിട്ടുണ്ട്. അവരുടെ സ്‌നേഹാദരങ്ങള്‍ ഏറ്റുവാങ്ങാനും അവസരം ലഭിച്ചു. കഴിഞ്ഞ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളില്‍ എനിക്കു സംതൃപ്തിയുണ്ട്.