ജീമോന്‍ റാന്നി
ഹൂസ്റ്റണ്‍: സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സമത്വത്തിന്റെയും പ്രതീകമായ ഓണം കേരളാ സീനിയേര്‍സ് ഓഫ് ഹൂസ്റ്റന്റെ ആഭിമുഖ്യത്തില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ നടത്തി. മിസ്സോറി സിറ്റി അപ്ന ബസാര്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെട്ട ആഘോഷത്തില്‍ ഹൂസ്റ്റണിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നിരവധി പേര്‍ പങ്കെടുത്ത് ആശംസകള്‍ അറിയിച്ചു.
പ്രൗഢഗംഭീരമായിരുന്ന ചടങ്ങില്‍ ഫോര്‍ട്‌ബെന്‍ഡ് കൗണ്ടി ജഡ്ജ് കെ.പി.ജോര്‍ജ്, മിസ്സോറി സിറ്റി മേയര്‍ റോബിന്‍ ഇലക്കാട്ട്, സ്റ്റാഫുഡ് സിറ്റി കൗണ്‍സില്‍മാന്‍ കെന്‍ മാത്യു, ഹൂസ്റ്റണ്‍ മലയാളം സൊസൈറ്റി അംഗവും സാഹിത്യകാരനും പ്രമുഖ മാധ്യമപ്രവര്‍ത്തകനുമായ എ.സി. ജോര്‍ജ്, ടി.എന്‍.ശാമുവേല്‍, നൈനാന്‍ മാത്തുള്ള, കെഎച്ച്എന്‍എ ദേശീയ പ്രസിഡന്റ് ജി.കെ.പിള്ള, ഡാളസില്‍ നിന്നും അതിഥിയായി കടന്നു വന്ന ഡോ.ശ്രീകുമാര്‍, ഫോര്‍ട്ട് ബെന്റ് കൗണ്ടിയില്‍ കോര്‍ട്ട് ഹൌസ് ജഡ്ജ് സ്ഥാനത്തേക്ക് മത്സരിക്കുന്ന സുരേന്ദ്രന്‍ കെ.പട്ടേല്‍, മറിയാമ്മ ഉമ്മന്‍, പൊന്നു പിള്ള തുടങ്ങിയവര്‍ ഭദ്രദീപം തെളിയിച്ചു.
മാര്‍ത്താ ചാക്കോയും പൊന്നു പിള്ളയും ചേര്‍ന്ന് ആലപിച്ച ”അഖിലാണ്ഡമണ്ഡലമ ണിയിച്ചൊരുക്കി” എന്ന ഈശ്വര പ്രധാന ഗാനത്തോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചത്. ജഡ്ജ് കെ.പി. ജോര്‍ജ്, മേയര്‍ റോബിന്‍ ഇലക്കാട്ട്, സിറ്റി കൗണ്‍സില്‍മാന്‍ കെന്‍ മാത്യു എന്നിവര്‍ അവരവരുടെ കൗണ്ടി, സിറ്റികളില്‍ ചെയ്യുന്ന ജനോപകരപ്രദമായ വിവിധ പ്രവര്‍ത്തനങ്ങളെപ്പറ്റി സംക്ഷിപ്ത വിവരണം നല്‍കി ഓണാശംസകള്‍ അറിയിച്ചു.
പൊന്നു പിള്ള കേരള സീനിയര്‍സ് ഓഫ് ഹൂസ്റ്റന്റെ നാളിതുവരെയുള്ള പ്രവര്‍ത്തന ങ്ങളെയും ഭാവി പ്രവര്‍ത്തഞങ്ങളെയും പറ്റി വിവരിച്ചു. 20 വര്‍ഷങ്ങളായി വിവിധ മേഖലകളില്‍ സജീവ സാന്നിധ്യമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് കേരളാ സീനിയേഴ്‌സ് ഓഫ് ഹൂസ്റ്റണ്‍. കേരളത്തിലും ഹൂസ്റ്റണിലുമായി നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഈ സംഘടനയ്ക്ക് നേതൃത്വം നല്‍കുന്നത് ഹൂസ്റ്റണിലെ കലാ സാംസ്‌കാരിക വേദികളില്‍ എപ്പോഴും നിറ സാന്നിധ്യമായിരിയ്ക്കുന്ന പൊന്നു പിള്ളയാണ്.
എ.സി. ജോര്‍ജ്, നൈനാന്‍ മാത്തുള്ള, ജി.കെ. പിള്ള എന്നിവര്‍ സംഘടനയ്ക്ക് ആശംസകളും ഓണാശംസകളും നേര്‍ന്നു. ഡോ. മനു ചാക്കോ മാവേലി മന്നന്റെ വരവിനെ കുറിച്ച് ആലപിച്ച ഓണപ്പാട്ടും ടി.എന്‍ ശാമുവേല്‍ ആലപിച്ച ഓണ കവിതയും ആഘോഷത്തിന് മികവ് നല്‍കി. ഫാന്‍സിമോളും സുകുമാരന്‍ നായരും നേതൃത്വം നല്‍കിയ വള്ളപ്പാട്ട് എല്ലാവരും ചേര്‍ന്ന് ഏറ്റുപാടിയപ്പോള്‍ ഗൃഹാതുരത്വ സ്മരണകള്‍ ഉണര്‍ത്തിയ ആഘോഷമായി.
ജോര്‍ജ് തോമസ്, ഏബ്രഹാം തോമസ് (അച്ചന്‍കുഞ്ഞു),വാവച്ചന്‍ മത്തായി, ഗിരിജ, മനോജ് തുടങ്ങിയവര്‍ രുചിയും സ്വാദും നിറഞ്ഞ ഓണസദ്യയുടെ വിളമ്പലിന് നേതൃത്വം നല്‍കി. എല്ലാവരും ചേര്‍ന്ന് ഒരു കുടുംബമായി ആസ്വദിച്ച ഈ ഓണാഘോഷം എന്നും ഓര്‍മ്മകളില്‍ ഉണ്ടായിരിക്കുമെന്ന് പങ്കെടുത്ത എല്ലാവരും അഭിപ്രായപ്പെട്ടു. 100 ല്‍ പരം ആളുകള്‍ പങ്കെടുത്ത ഓണാഘോഷം വിഭവസമൃദ്ധമായ ഓണ സദ്യയോടെയാണ് സമാപിച്ചത്.