തൃശ്ശൂര്‍: 100 കോടിയുടെ തട്ടിപ്പ് നടന്നുവെന്ന് കണ്ടെത്തിയ കരുവന്നൂര്‍ ബാങ്കിലെ സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി സഹകരണ രജിസ്ട്രാര്‍ പിരിച്ചുവിട്ടു. വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങളിന്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയ പശ്ചാത്തലത്തിലാണ് നടപടി.
ഭരണസമിതിക്കും തട്ടിപ്പിനെക്കുറിച്ച് അറിവുണ്ടായിരുന്നെന്നത് കണക്കിലെടുത്താണ് കെ.കെ. ദിവാകരന്‍ പ്രസിഡന്റായിരിക്കുന്ന ഭരണസമിതി ജില്ലാ രജിസ്ട്രാര്‍ പിരിച്ചുവിട്ടിരിക്കുന്നത്. മുകുന്ദപുരം അസിസ്റ്റന്റ് റജിസ്ട്രാര്‍ (ജനറല്‍) എംസി അജിത്തിനെ കരുവന്നൂര്‍ ബാങ്ക് അഡ്മിനിസ്‌ട്രേറ്ററായി ചുമതലപ്പെടുത്തി.
സംഭവത്തില്‍ ബാങ്ക് സെക്രട്ടറി ഉള്‍പ്പടെ നാലോളം പേരെ നേരത്തെ സസ്‌പെന്റ് ചെയ്തിരുന്നു.
വായ്പ അനുവദിക്കല്‍, സൂപ്പര്‍മാര്‍ക്കറ്റ് നടത്തിപ്പ് എന്നിവയില്‍ 100 കോടിയുടെ തട്ടിപ്പ് നടന്നുവെന്നാണ് പരാതി. 1921ല്‍ ആരംഭിച്ച ബാങ്കിന് 40 വര്‍ഷമായി സി.പി.എമ്മിന്റെ ഭരണസമിതിയാണ്.
മുന്‍ സെക്രട്ടറി സുനില്‍കുമാര്‍, മുന്‍ ബ്രാഞ്ച് മാനേജര്‍ ബിജു, മുന്‍ സീനിയര്‍ അക്കൗണ്ടന്റ് ജില്‍സ്, സൂപ്പര്‍ മാര്‍ക്കറ്റ് അക്കൗണ്ടന്റായിരുന്ന റെജി അനില്‍, കിരണ്‍, ബിജോയ് എന്നിവരുടെ പേരിലാണ് കേസ്. വിശ്വാസവഞ്ചന, തട്ടിപ്പ്, വ്യാജരേഖ ചമയ്ക്കല്‍ എന്നിവയ്ക്ക് പുറമെ ബാങ്ക് ജീവനക്കാര്‍ തട്ടിപ്പ് നടത്തിയതിനുള്ള വകുപ്പും ചേര്‍ത്തിട്ടുണ്ട്. ടി.ആര്‍. സുനില്‍കുമാറും ബിജുവും സി.പി.എം. ലോക്കല്‍ കമ്മിറ്റി അംഗങ്ങളും ജില്‍സ് പാര്‍ട്ടി അംഗവുമാണ്.
നിക്ഷേപകര്‍ക്ക് ആഴ്ചയില്‍ 10,000 രൂപയില്‍ കൂടുതല്‍ പിന്‍വലിക്കാനാവാത്ത സാമ്പത്തിക സ്ഥിതിയിലേക്ക് ബാങ്ക് എത്തിയിരുന്നു. 46 ആളുകളുടെ പേരില്‍ എടുത്ത 22.85 കോടി രൂപ മുഴുവന്‍ കിരണ്‍ എന്നയാളുടെ ഒരു അക്കൗണ്ടിലേക്കാണ് വരവുചെയ്തിരിക്കുന്നത്. സഹകരണ വകുപ്പിന്റെ ഓഡിറ്റിങ്ങില്‍ ക്രമക്കേടുകള്‍ തെളിഞ്ഞിട്ടുണ്ട്.
ബാങ്കിന്റെ കീഴിലുള്ള സൂപ്പര്‍മാര്‍ക്കറ്റിലേക്ക് സാധനങ്ങള്‍ വാങ്ങിയതില്‍ ഒരുവര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചപ്പോള്‍ മാത്രം ഒന്നരക്കോടിയിലധികം കുറവുണ്ടെന്ന് കണ്ടെത്തി.