കോട്ടയം: ചങ്ങനാശേരിയില്‍ അമിത വേഗതയിലെത്തിയ ബൈക്ക് മറ്റൊരു ബൈക്കില്‍ ഇടിച്ചു കയറി മൂന്നു പേര് മരിച്ചു. പോത്തോട് അമൃതശ്രീ വീട്ടില്‍ മുരുകന് ആചാരി(67), ചങ്ങനാശേരി ടിബി റോഡില്‍ കാര്‍ത്തിക ജൂവലറി ഉടമ പുഴവാത് കാര്‍ത്തിക ഭവനില്‍ സേതുനാഥ് നടേശന്(41), പുതുപ്പള്ളി തച്ചുകുന്ന് പാലച്ചുവട്ടില്‍ സുരേഷ് സുജാത ദമ്പതികളുടെ മകന് ശരത് (19) എന്നിവരാണ് മരിച്ചത്.
ഇന്നലെ രാത്രി 7 മണിയോടെ ചങ്ങനാശേരി ബൈപാസില്‍ പാലാത്ര ഭാഗത്തു വച്ചായിരുന്നു നാടിനെ നടുക്കിയ അപകടം.
സേതുനാഥും മുരുകന് ആചാരിയും സഞ്ചരിച്ചിരുന്ന ബൈക്കിലേക്ക് ശരത്ത് ഓടിച്ചിരുന്ന ബൈക്ക് ഇടിച്ചു കയറിയാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. പിന്നീടു സമീപമുണ്ടായിരുന്ന കാറിന്റെ പിന്നിലേക്കും ബൈക്ക് ഇടിച്ചു കയറി.
ഇടിയുടെ ആഘാതത്തില്‍ മൂന്നു പേരും റോഡിലേക്കു തെറിച്ചു വീണു. ശരത്തും സേതുനാഥും സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. ശരീരഭാഗങ്ങള്‍ ചിതറിത്തെറിച്ച നിലയിലായിരുന്നു. മുരുകനെ ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
വൈകുന്നേരം മുതല്‍ 2 ബൈക്കുകളിലായി യുവാക്കള്‍ ബൈപാസിലൂടെ അമിതവേഗതയില്‍ എത്തി അഭ്യാസപ്രകടനം നടത്തിയിരുന്നതായും ശരത്ത് അപകടത്തില്‍പെട്ടപ്പോള്‍ ഒപ്പമുണ്ടായിരുന്ന ബൈക്ക് നിര്‍ത്താതെ കടന്നു കളഞ്ഞതായും നാട്ടുകാര്‍ ആരോപിച്ചു.
സംഭവത്തെ തുടര്‍ന്ന് റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു. ജില്ലാ പൊലീസ് മേധാവി ഡി.ശില്പ ഉള്‍പ്പെടെയുള്ളവര്‍ സംഭവസ്ഥലത്ത് എത്തിയിരുന്നു.