ഷിംല: ഹിമാചല്‍ പ്രദേശിലെ മുഖ്യമന്ത്രിക്കായി കോണ്‍ഗ്രസില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഇതിനിടെ തെരഞ്ഞെടുപ്പ് വിജയത്തിന് നേതൃത്വം നല്‍കിയ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വധേര ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുമെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
ഹിമാചല്‍ പ്രദേശില്‍ പാര്‍ട്ടിയുടെ പ്രചാരണത്തിന് മുന്‍നിരയില്‍ പ്രിയങ്കാ ഗാന്ധി ഉണ്ടായിരുന്നു. പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്‌ക്കൊപ്പം നിരവധി പ്രചാരണ റാലികളില്‍ പ്രിയങ്ക പങ്കാളിയായി. കൂടാതെ തെരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങള്‍ ആസൂത്രണം ചെയ്യുന്നതിലും സജീവ സാന്നിധ്യമായിരുന്നു പ്രിയങ്ക. കോണ്‍ഗ്രസിന് വിജയം ഉറപ്പാക്കുന്നതിലും ബിജെപിയുടെ തിരഞ്ഞെടുപ്പ് തന്ത്രം പരാജയപ്പെടുത്തുന്നതിലും പ്രിയങ്ക വഹിച്ച പങ്ക് വളരെ വലുതാണെന്നാണ് നേതൃത്വം പറയുന്നത്. പ്രിയങ്കയുടെ നേതൃത്വത്തെ അഭിനന്ദിച്ച് മുതിര്‍ന്ന നേതാക്കളടക്കം രംഗത്തെത്തിയിരുന്നു.
പ്രിയങ്കാ ഗാന്ധി പ്രചാരണ ചുമതല വഹിച്ച ആദ്യ തിരഞ്ഞെടുപ്പ് വിജയം കൂടിയാണിത്. ഈ വര്‍ഷം ആദ്യം ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രിയങ്ക തന്നെയായിരുന്നു പ്രചാരണത്തിന് നേതൃത്വം നല്‍കിയത്. എന്നാല്‍, സംസ്ഥാനത്ത് കോണ്‍ഗ്രസ് ദയനീയ പരാജയം ഏറ്റുവാങ്ങി. അഗ്നിപഥ്, വിലക്കയറ്റം, തൊഴിലില്ലായ്മ, പഴയ പെന്‍ഷന്‍ പദ്ധതി തുടങ്ങിയ വിഷയങ്ങളാണ് ഹിമാചലിലെ പ്രചാരണ റാലികളിലുടനീളം പ്രിയങ്ക ഉയര്‍ത്തിക്കാട്ടിയത്