തിരുവനന്തപുരം: കാര്യവട്ടം സ്റ്റേഡിയത്തില്‍ ഇന്ത്യ- ശ്രീലങ്ക ഏകദിന മത്സരത്തില്‍ കാണികള്‍ കുറഞ്ഞ സംഭവത്തില്‍ കായിക മന്ത്രിക്കെതിരെ സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്.
മന്ത്രി അബ്ദുറഹ്മാന്റെ പരാമര്‍ശം വരുത്തിവെച്ച വിന കഴിഞ്ഞ ദിവസം നേരില്‍ കണ്ടെന്ന് പറഞ്ഞ പന്ന്യന്‍, ഈ അവസ്ഥ പരിതാപകരമാണെന്നും പ്രതികരിച്ചു.
മന്ത്രിയുടെ പരാമര്‍ശം കെസിഎയ്ക്ക് മാത്രമല്ല സര്‍ക്കാരിന് കൂടിയാണ് നഷ്ടം വരുത്തിവെച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്റര്‍നാഷണല്‍ മത്സരങ്ങള്‍ ഇവിടെ നിന്നും മാറിപ്പോയാല്‍ നഷ്ടം കായിക പ്രേമികള്‍ക്ക് കൂടിയാണെന്നും സിപിഐ നേതാവ് കൂട്ടിച്ചേര്‍ത്തു.
പട്ടിണിപാവങ്ങള്‍ കളി കാണാന്‍ വരേണ്ടെന്ന മന്ത്രിയുടെ പ്രസ്താവന തിരിച്ചടിയായെന്നാണ് കെസിഎയുടേയും അഭിപ്രായം. കെസിഎ പ്രസിഡന്റ് ജയേഷ് ജോര്‍ജ് ഇത് പരസ്യമായി സമ്മതിച്ചിരുന്നു. കളികാണാന്‍ എത്താതിരുന്നതില്‍ നഷ്ടം ആരാധകര്ക്കാണെന്നായിരുന്നു അസോസിയേഷന് ജോയിന്റ് സെക്രട്ടറി ബിനീഷ് കോടിയേരിയുടെ പ്രതികരണം.
40,000 പേര് കൊള്ളുന്ന സ്റ്റേഡിയത്തില്‍ ആകെ എത്തിയത് 6000 താഴെ കാണികള്‍ മാത്രമാണ്.