ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധത്തിനായി മൂക്കിലൂടെ നല്കുന്ന ലോകത്തിലെ ആദ്യ വാക്സിന് പുറത്തിറക്കി ഇന്ത്യ.കേന്ദ്ര ആരോഗ്യമന്ത്രി ഡോ മന്‍സുഖ് മാണ്ഡവ്യ, ശാസ്ത്ര സാങ്കേതിക മന്ത്രി ജിതേന്ദ്ര സിംഗ് എന്നിവര്‍ ചേര്‍ന്നാണ് വാക്സിന് പുറത്തിറക്കിയത്.
ഇന്‍കൊവാക് എന്ന വാക്സിന് ഭാരത് ബയോടെക് ആണ് തയ്യാറാക്കിയത്. സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോസിന് 325 രൂപയും സ്വകാര്യ ആശുപത്രികളില്‍ 800 രൂപയുമാണ് വില. രണ്ട് ഡോസ് നല്‍കുന്നതിനും ബൂസ്റ്റര്‍ ഡോസായി സ്വീകരിക്കുന്നതിനും നേരത്തേ വാക്സിന് അനുമതി ലഭിച്ചിരുന്നു.
അതിനുമുമ്പ് 18 വയസിന് മുകളില്‍ ഉള്ളവര്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ ഉപയോഗിക്കാനുള്ള അനുമതി മാത്രമായിരുന്നു സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്ട്രോള് ഓര്ഗനൈസേഷന് (സിഡിഎസ്സിഒ) നല്‍കിയിരുന്നത്. 28 ദിവസത്തെ ഇടവേളയിലാണ് രണ്ട് ഡോസുകള്‍ നല്‍കേണ്ടത്.അതേസമയം മുന്‍കരുതല്‍ ഡോസ് എടുത്തവര്‍ക്ക് നാസല്‍ വാക്സിന് നല്‍കേണ്ട ആവശ്യം ഇല്ല.
നിലവില്‍, ഭാരത് ബയോടെക്കിന്റെ കൊവാക്സിന്, സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീല്‍ഡ്, കൊവാക്സ്, റഷ്യന്‍ സ്പുട്നിക് വി, ബയോളജിക്കല്‍ ഇ ലിമിറ്റഡിന്റെ കോര്‍ബിവാക്സ് എന്നിവയാണ് കോവിന്‍ പോര്‍ട്ടലില്‍ ലിസ്റ്റ് ചെയ്തിട്ടുള്ളത്.