40,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇല്ലാതായ സംഭവിച്ച നിയാഡര്‍താലുകളുടെ വംശനാശത്തിലേക്ക് നയിച്ച കാരണങ്ങളില്‍ ഒന്നു കൂടി കണ്ടെത്തി ഗവേഷകര്‍. മനുഷ്യരില്‍ അപൂര്‍വവും എന്നാല്‍ നിയാഡര്‍താലുകള്‍ക്കിടയില്‍ വ്യാപകമായും കണ്ടുവന്നിരുന്ന രക്തസംബന്ധിയായ അസുഖമാണ് വംശനാശത്തിലേക്ക് നയിച്ചതെന്നാണ് പുതിയ പഠനം പറയുന്നത്.
നിയാഡര്‍താലുകളും ആധുനിക മനുഷ്യരും തമ്മിലുളള ലൈംഗിക ബന്ധമായിരുന്നു ഇതിന് കാരണമായത്. പ്ലൊസ് വണ്‍ ജേണലിലാണ് ഗവേഷണ ഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഗര്‍ഭിണിയുടെ രക്തവും ഗര്‍ഭസ്ഥശിശുവിന്റെ രക്തവും ചേരാതെ വരികയും വലിയ തോതിലുള്ള വിളര്‍ച്ചയിലേക്ക് നയിക്കുകയും ചെയ്യുന്ന എച്ച്ഡിഎഫ്എന്‍ (haemolytic disease of the foetus and new-born) എന്ന രോഗാവസ്ഥയാണ് നിയാഡര്‍താലുകള്‍ക്ക് വെല്ലുവിളിയായത്.
ഒരേസമയം കുഞ്ഞിനും മാതാവിനും ജീവന് ഭീഷണിയാണ് ഈ രോഗം. നിയാഡര്‍താലുകളുടെ രക്തസാംപിളുകള്‍ പരിശോധിച്ചപ്പോഴാണ് ഗവേഷകര്‍ക്ക് ഈ നിര്‍ണായകവിവരം ലഭിച്ചത്.
എച്ച്ഡിഎഫ്എന്‍ രോഗാവസ്ഥയിലേക്ക് നയിക്കുന്ന ജനിതക മാറ്റം നിയാഡര്‍താലുകളില്‍ വ്യാപകമായിരുന്നു. ആദ്യ പ്രസവത്തിന് ശേഷമുള്ള പ്രസവങ്ങളില്‍ ഈ രോഗം വളരെയധികം മാരകമാവുകയും നിയാഡര്‍താലുകളുടെ വംശവര്‍ധനവിന് തന്നെ ഭീഷണിയാവുകയുമായിരുന്നു. ഹോമോസാപിയന്‍സും ഡെനിസോവന്‍സുമായുള്ള നിയാഡര്‍താല്‍ മനുഷ്യരുടെ ഇണചേരലുകള്‍ ഈ രോഗസാധ്യത വര്‍ധിപ്പിക്കുകയാണ് ചെയ്തത്.
നിയാഡര്‍താലുകളുടെ വംശനാശത്തിന് ഈ രോഗവും പങ്കുവഹിച്ചു. പ്രത്യേകിച്ചും ഹോമോസാപ്പിയന്‍സുമായി ഇടപഴകിയ പ്രദേശങ്ങളിലെല്ലാം ഇത് സംഭവിച്ചെന്നും പ്ലൊസ് വണ്ണില്‍ പ്രസിദ്ധീകരിച്ച ഗവേഷണം പറയുന്നു.
ആധുനിക മനുഷ്യരില്‍ അപൂര്‍വമായി കാണപ്പെടുന്ന രോഗാവസ്ഥയാണ് എച്ച്ഡിഎഫ്എന്‍. ഒരു ലക്ഷം ഗര്‍ഭിണികളില്‍ മൂന്നു പേര്‍ക്കാണ് ഈ ജനിതക വ്യതിയാനം വഴിയുള്ള രോഗം കാണപ്പെടുന്നത്.
ഏതാണ്ട് 40,000 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് നിയാഡര്‍താലുകള്‍ക്ക് വംശനാശം സംഭവിച്ചത്. നിയാഡര്‍താലുകളെ അതിജീവിച്ച് ഭൂമിയില്‍ മേല്‍ക്കൈ നേടാന്‍ ഹോമോസാപിയന്‍സായ നമുക്ക് സാധിച്ചത് എങ്ങനെയന്ന ചോദ്യത്തിനുള്ള ഉത്തരത്തില്‍ ഒന്നു കൂടി കൂട്ടിച്ചേര്‍ത്തിരിക്കുകയാണ് പുതിയ പഠനം.