കൊളംബോ: എല്‍.ടി.ടി.ഇ നേതാവ് വേലുപ്പിള്ള പ്രഭാകരന് ജീവനോടെയുണ്ടെന്ന തമിഴ് നാഷനലിസ്റ്റ് മൂവ്മെന്റ് നേതാവ് പി.
നെടുമാരന്റെ വാദം തള്ളി ശ്രീലങ്ക. പ്രഭാകരന് കൊല്ലപ്പെട്ടുവെന്നും ഡി.എന്‍.എ തെളിവാണെന്നും ശ്രീലങ്കന്‍ പ്രതിരോധ മന്ത്രാലയ വക്താവ് കേണല്‍ നളിന്‍ ഹെരാത്ത് അറിയിച്ചു.
‘2009 മെയ് 19ന് പ്രഭാകരന് കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചതാണ്. ഡി.എന്‍.എ അതിന് തെളിവാണ്.’ -കേണല്‍ നളിന്‍ ഹെരാത്ത് പി.ടി.ഐയോട് പറഞ്ഞു.
പ്രഭാകരന് ജീവനോടെയുണ്ടെന്നും വേണ്ട സമയത്ത് പൊതുജനമധ്യത്തിലെത്തുമെന്നുമായിരുന്നു നെടുമാരന്റെ അവകാശവാദം. തമിഴ് ഈഴം സംബന്ധിച്ച പദ്ധതികള്‍ അദ്ദേഹം അറിയിക്കുമെന്നും നെടുമാരന് പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് വിഷയത്തില്‍ പ്രതികരണവുമായി ശ്രീലങ്ക രംഗത്തെത്തിയത്.
2009 മെയ് 19നാണ് പ്രഭാകരന്റെ മരണം ശ്രീലങ്കന്‍ സൈന്യം സ്ഥിരീകരിച്ചത്. പ്രഭാകരന്റെ മൃതശരീരം മുന്‍ സഹപ്രവര്ത്തകന് മുരളീധരന് തിരിച്ചറിഞ്ഞുവെന്ന് വ്യക്തമാക്കി മൃതശരീര ചിത്രങ്ങള്‍ ശ്രീലങ്കന്‍ സേന പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.