തിരുവനന്തപുരം: ഫോര്‍ട്ട് ആശുപത്രിയില്‍ രണ്ടംഗ സംഘത്തിന്റെ ആക്രമണത്തിനിരയായ ഡോ. മാലു മുരളി ഭീതിദമായ അന്തരീക്ഷത്തിന്റെ ഞെട്ടലില്‍ നിന്നും മുക്തയായിട്ടില്ല. ആക്രമണത്തിന് ശേഷം ദിവസം രണ്ട് കഴിഞ്ഞിട്ടും അതിനെ കുറിച്ച് പറയുമ്പോള്‍ ഡോക്ടറുടെ ശബ്ദം വിറകൊണ്ടു. കണ്ണുകള്‍ നിറഞ്ഞു.രോഗവിവരങ്ങള്‍ തിരക്കുന്നതിനിടയിലായിരുന്നു അയാളുടെ അതിക്രമം.
സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വന്ന ദ്യശ്യങ്ങളെക്കാള് ഭീകര അക്രമമായിരുന്നു നടന്നത്. ഭിത്തിയില്‍ ചേര്‍ത്ത് നിര്‍ത്തി മര്‍ദ്ദിച്ചു. തറയിലേക്ക് വീണിട്ടും മര്‍ദനം തുടര്‍ന്നു. മുതുകിലും ചവിട്ടി. കാലില്‍ പിടിച്ച് വലിച്ചിഴച്ചു. എല്ലാവരുടെയും മുന്നില്‍ വച്ച് വസ്ത്രം വലിച്ചു കീറി.
ഡോക്ടര്‍ എന്നതിലുപരിയായി ഒരു സ്ത്രീയാണെന്നു പോലും പരിഗണിക്കാതെയായിരുന്നു ആക്രമണം. ഇപ്പോഴും ശരീരമാസകലം വേദനയാണ്. കണ്ണ് നിറഞ്ഞ് വിതുമ്പലോടെ ഡോ. മാലു പറയുന്നു.
കായംകുളം സ്വദേശിയാണ് മാലു. ഡോക്ടറായ അച്ഛന് മുരളിയുടെ ഉടമസ്ഥതയിലുള്ള ആശുപത്രിയിയിലെ സുരക്ഷിതമായ ജോലി ഉപേക്ഷിച്ച് സാധാരണക്കാരെ പരിചരിക്കണമെന്ന ആഗ്രഹത്തിലാണ് ഫോര്‍ട്ട് ആശുപത്രിയിലേക്ക് എത്തിയത്.
3 മാസം മുന്‍പാണ് കരാര്‍ അടിസ്ഥാനത്തില്‍ ആശുപത്രിയില്‍ ചാര്‍ജ് എടുത്തത്. ദുരനുഭവത്തിന് ശേഷവും ഫോര്‍ട്ട് ആശുപത്രിയില്‍ തന്നെ തുടരാനുള്ള ആഗ്രഹവും ഡോക്ടര്‍ പങ്ക് വയ്ക്കുന്നു. .
സംഭവത്തില്‍ ഉള്‍പ്പെടെ കുടുംബാംഗങ്ങള്‍ കടുത്ത ആശങ്കയിലാണെന്ന് മാലു പറയുന്നു. ഭര്‍ത്താവ് ബ്രിജു രാമന്‍കുട്ടിയും ഡോക്ടറാണ്.സ്ഥിരം കുറ്റവാളികളായ വളളക്കടവ് പള്ളത്ത് വീട്ടില്‍ റഫീഖ് (34), മണക്കാട് കരിമഠം കോളനിയിലെ റഷീദ് (41) എന്നിവരാണ് വ്യാഴാഴ്ച രാത്രി 12.30ഓടെ അത്യാഹിത വിഭാഗത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ.മാലു മുരളിയെയും സെക്യൂരിറ്റി ജീവനക്കാരന് സുബാഷിനെയും മര്‍ദിച്ചത്.
ഒപിയില്‍ തലകറക്കം കാരണം കൊണ്ടുവന്ന രോഗിയെ പരിശോധിക്കവേയാണ് റഫീഖിന്റെ കൂടെ വന്ന അക്രമികള്‍ ക്യൂവില്‍ നില്‍ക്കാതെ മുറിയിലേക്ക് തള്ളിക്കയറി എത്തിയത്. കഴുത്തിനു പുറകില്‍ ബ്ലയ്ഡ് കൊണ്ട് വരഞ്ഞതു പോലൊരു മുറിവായിരുന്നു.
കേസ് ഷീറ്റില്‍ രേഖപ്പെത്താനായി ഇത് എങ്ങനെ സംഭവിച്ചെന്നു ചേദിച്ചപ്പോള്‍ അത് നീയറിയേണ്ട എന്നു പറഞ്ഞ് ഡോക്ടറോട് തട്ടിക്കയറുകയായിരുന്നു. വീണ്ടും ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ അതു ചോദിക്കാന്‍ “നീയാരാടീ’യെന്നു ചോദിച്ചു കയ്യില്‍ കയറി ഇറുക്കിപ്പിടിച്ചു. ഇതിന് പിന്നാലെയായിരുന്നു അതിഭീകര മര്‍ദ്ദനം.