Wednesday, October 9, 2024

HomeHealth and Beautyകോവിഡ് മുക്തര്‍ക്ക് ആശ്വാസമായി ശ്വസന വ്യായാമങ്ങള്‍ ശീലമാക്കാം

കോവിഡ് മുക്തര്‍ക്ക് ആശ്വാസമായി ശ്വസന വ്യായാമങ്ങള്‍ ശീലമാക്കാം

spot_img
spot_img

ഇരുന്നുകൊണ്ടുള്ള ശ്വസന വ്യായാമം: കട്ടിലിന്റെ അറ്റത്ത് അല്ലെങ്കില്‍ ഒരു കസേരയില്‍ നിവര്‍ന്നിരിക്കുക. ഇരുകൈകളും വയറിനു ചുറ്റും വിരലുകള്‍ പരസ്പരം സ്പര്‍ശിക്കുന്ന രീതിയില്‍ വയ്ക്കുക. വായ അടച്ച ശേഷം നാവ് മേല്‍ അണ്ണാക്കില്‍ സ്പര്‍ശിക്കുന്ന രീതിയില്‍ വയ്ക്കുക. ഇരു മൂക്കിലൂടെയും ശ്വാസം ഉള്ളിലേക്ക് വലിക്കുക.

പതിയെ ശ്വാസം ഉദരഭാഗത്തെ കൊണ്ടുവരിക. ഇങ്ങനെ ചെയ്യുമ്പോള്‍ നിങ്ങളുടെ വയര്‍ വികസിക്കുകയും പരസ്പരം സ്പര്‍ശിച്ചു ഇരിക്കുന്ന കൈവിരലുകള്‍ അകലുകയും ചെയ്യും. തുടര്‍ന്ന് മൂക്കിലൂടെ പതിയെ ശ്വാസം പുറത്തേക്കു വിടുക. ഒരു മിനിട്ട് നേരം തുടര്‍ച്ചയായി വ്യായാമം ആവര്‍ത്തിക്കുക. തുടര്‍ന്ന് നിന്നു കൊണ്ടും ശ്വസന വ്യായാമം ഒരു മിനിട്ട് ആവര്‍ത്തിച്ച് ചെയ്യാന്‍ ശ്രമിക്കാം.

കോട്ടുവായ് ഇട്ടു കൊണ്ടുള്ള ശ്വസന വ്യായാമം: ദീര്‍ഘ ശ്വസന വ്യായാമത്തോടൊപ്പം ശാരീരിക ചലനങ്ങള്‍ കൂടെ ഉള്‍പ്പെടുത്തുന്നതോടെ കൈകളുടെയും തോടുകളുടെയും പേശി ബലം വര്‍ധിപ്പിക്കാനും ഏകോപനം വര്‍ധിപ്പിക്കാനും ഈ വ്യായാമം സഹായിക്കുന്നു. കട്ടിലിന്റെ അറ്റത്ത് അല്ലെങ്കില്‍ ഒരു കസേരയില്‍ ഇരുന്നുകൊണ്ട് ഇത് ചെയ്യാവുന്നതാണ്.

നിവര്‍ന്നിരുന്ന് ശേഷം രണ്ട് കൈകളും ഇരുവശത്തേക്കും ഉയര്‍ത്തി വായ തുറന്ന് കോട്ടുവായ ഇടാം. തുടര്‍ന്ന് വായ അടച്ച് ചിരിച്ചുകൊണ്ട് മൂന്ന് സെക്കന്‍ഡ് സമയം കൊണ്ട് കൈകള്‍ താഴേക്ക് കൊണ്ടുവരാം. ഇതേ ക്രമത്തില്‍ ഈ വ്യായാമം ഒരു മിനിട്ട് നേരം ആവര്‍ത്തിക്കാം

മൂളിക്കൊണ്ടുള്ള ശ്വസന വ്യായാമം : ശ്വാസം പുറത്തേക്ക് വിടുമ്പോള്‍ മൂളുന്നത് ശരീരത്തില്‍ നൈട്രിക് ഓക്‌സൈഡ് ഉല്പാദനം വര്‍ധിപ്പിക്കാന്‍ സഹായിക്കും. നൈട്രിക് ഓക്‌സൈഡ് ക്ഷതം സംഭവിച്ച നാഡീകോശങ്ങളെ പുനരുജ്ജീവിപ്പിക്കാനും രക്തക്കുഴലുകള്‍ വികസിപ്പിക്കാനും ശരീരമാസകലം കൂടുതല്‍ ഓക്‌സിജന്‍ എത്തിക്കാനും സഹായകമാകും. മൃദുവായ ശബ്ദത്തില്‍ ഉള്ള മോഡല്‍ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനും രോഗിയെ സുഖകരമായ ഒരു അവസ്ഥയിലേക്ക് എത്തിക്കാനും സഹായകമാണ്.

ഒരു കട്ടിലിന്റെ അറ്റത്ത് അല്ലെങ്കില്‍ കസേരയില്‍ ഇരിക്കുക. കൈകള്‍ രണ്ടും വിരലുകള്‍ പരസ്പരം സ്പര്‍ശിക്കുന്ന രീതിയില്‍ വയറിന്റെ പുറത്ത് വയ്ക്കുക വായ അടച്ച ശേഷം നാവ് മേല്‍ അണ്ണാക്കില്‍ വയ്ക്കുക. തുടര്‍ന്ന് രണ്ടു മൂക്കിലൂടെയും ശ്വാസം ദീര്‍ഘമായി അകത്തേക്ക് വലിക്കുക. പതിയെ ശ്വാസം ഉദര ഭാഗത്തേക്ക് കൊണ്ടുവരിക.

ഇങ്ങനെ ചെയ്യുമ്പോള്‍ വയര്‍ വികസിക്കുന്നത് മൂലം പരസ്പരം സ്പര്‍ശിച്ചിരിക്കുന്ന കൈവിരലുകള്‍ അകലും. ശ്വാസകോശം പൂര്‍ണമായും നിറഞ്ഞ ശേഷം വായ അടച്ചു വച്ചുകൊണ്ട് തന്നെ മൂക്കിലൂടെ ശ്വാസം പുറത്തേക്ക് വിടുക. ഇതോടൊപ്പം മൃദുവായ തുടര്‍ച്ചയായ ഒരു മൂളല്‍ ശബ്ദവും പുറപ്പെടുവിക്കുക.

ഇങ്ങനെ ചെയ്യുമ്പോള്‍ വയറിന്റെ പുറത്ത് വെച്ചിരുന്ന കൈകള്‍ കൂടുതല്‍ താഴേക്ക് നീങ്ങാന്‍ സാധ്യതയുണ്ട്. ഈ വ്യായാമം ഇതേ ക്രമത്തില്‍ ഒരു മിനിട്ട് നേരം ആവര്‍ത്തിച്ച് ചെയ്യുക.

കമിഴ്ന്നു കിടന്നു കൊണ്ടുള്ള ദീര്‍ഘ ശ്വസന വ്യായാമങ്ങള്‍: കട്ടിലില്‍ കമിഴ്ന്നു കിടക്കുക. നിങ്ങളുടെ മുഖം മടക്കി വച്ചിരിക്കുന്ന കൈകള്‍ക്ക് മേല്‍ വിശ്രമിക്കുന്ന രീതിയില്‍ വച്ചാല്‍ ശ്വസിക്കാന്‍ കൂടുതല്‍ സൗകര്യമാകും. വായ അടച്ച ശേഷം നാവ് മേല്‍ അണ്ണാക്കില്‍ സ്പര്‍ശിക്കുന്ന രീതിയില്‍ വയ്ക്കുക.

ഇങ്ങനെ കിടന്നു കൊണ്ടുതന്നെ രണ്ടു മൂക്കിലൂടെയും ശ്വാസം ദീര്‍ഘമായി അകത്തേക്കു വലിക്കുക. എന്നിട്ട് പതിയെ ഉദര ഭാഗത്തേക്ക് ശ്വാസം കൊണ്ടുവരിക. ഇങ്ങനെ ചെയ്യുമ്പോള്‍ ഉദരഭാഗം മെത്തയില്‍ സ്പര്‍ശിക്കുന്നത് നിങ്ങള്‍ക്ക് അറിയാന്‍ കഴിയും. തുടര്‍ന്ന് ഇരു മൂക്കിലൂടെയും ശ്വാസം പുറത്തേക്കു വിടുക. ഇതേ ക്രമത്തില്‍ ശ്വസന വ്യായാമങ്ങള്‍ ഒരു മിനിട്ട് നേരം ആവര്‍ത്തിക്കുക.

പ്രമേഹം, അമിതരക്തസമ്മര്‍ദം, അപസ്മാരം, ഹൃദ്രോഗം, വൃക്കരോഗങ്ങള്‍ തുടങ്ങിയ ഗുരുതര ജീവിതശൈലി ജന്യരോഗങ്ങള്‍ക്ക് മരുന്നുകള്‍ കഴിച്ചുകൊണ്ടിരിക്കുന്നവര്‍ ചികിത്സിക്കുന്ന ഡോക്ടറുടെ അനുവാദം വാങ്ങിയ ശേഷം മാത്രം ഈ വ്യായാമങ്ങള്‍ ചെയ്യുക.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments