കൊച്ചി: സീറോ മലബാര്‍ സഭാ ഭൂമിയിടപാട് കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ഹൈക്കോടതിയില്‍ തിരിച്ചടി. ആലഞ്ചേരി വിചാരണ നേരിടണമെന്ന ജില്ലാ സെഷന്‍സ് കോടതിയുടെ ഉത്തരവ് ഹൈക്കോടതി ശരിവെച്ചു.
കേസുമായി ബന്ധപ്പെട്ട് ആറ് ഹര്‍ജികളാണ് ആലഞ്ചേരി നല്‍കിയിരുന്നത്. ഈ ആറു ഹര്‍ജികളും ഹൈക്കോടതി തള്ളി.
നേരത്തെ, തൃക്കാക്കര മജിസ്‌ട്രേട്ട് കോടതിയാണ് ആലഞ്ചേരി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസ് എടുക്കുകയും വിചാരണയ്ക്ക് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സമന്‍സ് അയക്കുകയും ചെയ്തത്. ഇതിനെതിരെ ആലഞ്ചേരി എറണാകുളം സെഷന്‍സ് കോടതിയില്‍ അപ്പീല്‍ നല്‍കി. എന്നാല്‍ അപ്പീല്‍ അനുവദിക്കപ്പെട്ടില്ല.
ഇടപാടില്‍ പ്രഥമദൃഷ്ട്യാ ക്രമക്കേടുകളുണ്ടെന്നും ആലഞ്ചേരി കേസില്‍ ഉള്‍പ്പെടുന്നുവെന്നും കണ്ടാണ് ഇരു കോടതികളും ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിനെതിരായാണ് അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചത്.
ആകെ എട്ടുകേസുകളുണ്ടെങ്കിലും തൃക്കാക്കര കോടതി സമന്‍സ് നല്‍കിയിട്ടുള്ളത് ആറു കേസുകളിലാണ്. ഇവ റദ്ദാക്കണമെന്നും വിചാരണ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ആലഞ്ചേരി ഹൈക്കോടതിയെ സമീപിച്ചത്.
സഭാ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് നേരത്തെ ഇന്‍കംടാക്‌സിന്റെ റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു. ഗുരുതര സാമ്പത്തിക ക്രമക്കേട് നടന്നു എന്നതുള്‍പ്പെടെയുള്ള പരാമര്‍ശങ്ങള്‍ ഈ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു.