ദുബായ് : മുന്‍ കേരള ടെന്നിസ് താരവും എറണാകുളം എളമക്കര സ്വദേശിനിയുമായ തന്‍വി ഭട്ടിനെ(21) ദുബായില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുടുംബാംഗങ്ങള്‍ക്കൊപ്പം ദുബായിലായിരുന്നു താമസം.
യൂറോളജിസ്റ്റ് ഡോ. സഞ്ജയ് ഭട്ടിന്റെയും കണ്ണുരോഗ വിദഗ്ധ ഡോ. ലൈലാന്‍ ഭട്ടിന്റെയും മകളാണ്. സഹോദരന്‍ ആദിത്യയും മുന്‍ കേരളാ ടെന്നിസ് ചാംപ്യനാണ്. ഞായറാഴ്ചയാണ് തന്‍വിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം സംസ്കരിച്ചു.
നിരവധി ദേശീയ, സംസ്ഥാന ചാംപ്യന്‍ഷിപ്പുകളില്‍ തന്‍വി സ്വര്‍ണം നേടിയിട്ടുണ്ട്. 2012 ല്‍ ദോഹയില്‍ നടന്ന അണ്ടര്‍ 14 ഏഷ്യന്‍ സീരിസില്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജേതാവായി. അന്ന് ഇവര്‍ക്ക് 12 വയസായിരുന്നു.
രാജ്യത്തിനു പുറത്ത് തന്‍വി ആദ്യമായി പങ്കെടുത്ത മല്‍സരമായിരുന്നു ഇത്. ദോഹയില്‍ മല്‍സരിച്ച ഏക ഇന്ത്യക്കാരിയായ തന്‍വി, ഖത്തറിന്റെ അണ്ടര്‍ 14 ഒന്നാം നമ്പര്‍ താരം ഉള്‍പ്പെടെയുള്ളവരെ പരാജയപ്പെടുത്തിയിരുന്നു.
ടെന്നിസ് പ്രേമിയായ പിതാവ് സഞ്ജയ് ഭട്ടിന്റെ ആഗ്രഹപ്രകാരമാണു തന്‍വി ആദ്യം കോര്‍ട്ടിലിറങ്ങുന്നത്. കടവന്ത്ര റീജനല്‍ സ്‌പോര്‍ട്‌സ് സെന്ററിലെ മഹേഷ് ഭൂപതി ടെന്നിസ് അക്കാദമിയിലായിരുന്നു പരിശീലനം. എളമക്കര ഭവന്‍സ് വിദ്യാ മന്ദിര്‍, ചോയിസ് സ്കൂള്‍ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.
റഗുലര്‍ ക്ലാസുകള്‍ ഒഴിവാക്കി എന്‍സിഇആര്‍ടിയുടെ ഓപ്പണ്‍ സ്കൂള്‍ വഴിയായിരുന്നു പിന്നീട് പഠനം. മല്‍സരത്തിന്റെയും പരിശീലനത്തിന്റെയും സൗകര്യാര്‍ഥമായിരുന്നു ഈ തീരുമാനം. റാഫേല്‍ നദാല്‍, സെറിന വില്യംസ് എന്നിവരെ ഏറെ ഇഷ്ടപ്പെട്ട തന്‍വി രാജ്യത്തെ പ്രധാന മല്‍സരങ്ങളിലെല്ലാം പങ്കെടുത്തു.
കൊച്ചിയില്‍ ശ്രീചിത്തിര തിരുനാള്‍ സ്മാരക ടെന്നിസ് മല്‍സരത്തില്‍ ആദ്യമായി പങ്കെടുത്തു കിരീടനേട്ടവുമായി കരുത്തു തെളിയിച്ചു. ഗുവാഹത്തിയില്‍ നടന്ന ആസം സൂപ്പര്‍ സീരിസ് അണ്ടര്‍ 12, കൊല്‍ക്കത്തയില്‍ നടന്ന ചാംപ്യന്‍ഷിപ്പ് സീരിസില്‍ അണ്ടര്‍ 12, അണ്ടര്‍ 14 എന്നിവ ഉള്‍പ്പെടെ പത്തോളം കിരീട നേട്ടങ്ങള്‍ സ്വന്തം പേരിലാക്കി. ടെന്നിസില്‍ ശോഭനമായ ഭാവി മുന്നില്‍ കണ്ടു മുന്നേറിയ തന്‍വി മുട്ടുകാലിനേറ്റ പരുക്കിനെത്തുടര്‍ന്ന് രണ്ടു തവണ ശസ്ത്രക്രിയക്കു വിധേയയായി.
പതിനേഴാം വയസ്സില്‍ നട്ടെല്ലിനെയും പരുക്കു ബാധിച്ചതോടെ ടെന്നിസില്‍ നിന്ന് പിന്‍മാറുകയായിരുന്നു. പിന്നീട് ദുബായിലെത്തി. ദുബായ് ഹാരിയറ്റ് വാട് ആന്‍ഡ് മിഡില്‍സെക്‌സ് കോളജില്‍ സൈക്കോളജി– ഇംഗ്ലിഷ് ബിരുദ വിദ്യാര്‍ഥിയായിരുന്നു.