വാഷിംഗ്ടണ്‍: താലിബാന്‍ അഫ്ഗാനിസ്ഥാന്‍ പിടിച്ചടക്കിയതിന് പിന്നാലെ ആദ്യ പ്രതികരണവുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. അഫ്ഗാനിലെ നിലവിലെ സ്ഥിതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് ബൈഡന്‍ പറഞ്ഞു.
അഫ്ഗാനിസ്ഥാനിലെ നിലവിലെ സ്ഥിതികളെക്കുറിച്ച് അമേരിക്കന്‍ സുരക്ഷാ സംഘവും താനും സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. അഫ്ഗാനിസ്ഥാനിലെ പല കാര്യങ്ങളിലും അമേരിക്ക പെട്ടെന്ന് തന്നെ പ്രതികരിച്ചു.
അഫ്ഗാനിസ്ഥാനിലെ തകര്‍ച്ച നേരിടാന്‍ വേണ്ടിയുള്ള പദ്ധതികള്‍ അമേരിക്ക നടപ്പിലാക്കി വന്നു. എന്നാല്‍, അഫ്ഗാന്‍ രാഷ്ട്രീയ നേതാക്കള്‍ക്ക് രാജ്യത്തിന്റെ ഭാവിയ്ക്ക് വേണ്ടി ഒന്നിച്ച് നില്‍ക്കാനും ചര്‍ച്ച ചെയ്യാനും സാധിച്ചില്ല. കഴിഞ്ഞകാലത്തെ തെറ്റുകള്‍ അമേരിക്ക ആവര്‍ത്തിക്കില്ല. ഇനിയും അമേരിക്കന്‍ പൗരന്മാര്‍ക്ക് ജീവന്‍ നഷ്ടമാകരുത്.
തീവ്രവാദത്തിനെതിരായ ചെറുത്ത് നില്‍പ്പായിരിക്കണം നമ്മുടെ ലക്ഷ്യമെന്ന് വര്‍ഷങ്ങളോളമായി താന്‍ വാദിക്കുന്നുണ്ടെന്നും ഇന്ന് തീവ്രവാദം അഫ്ഗാനിസ്ഥാനിനപ്പുറത്തേക്ക് വ്യാപിച്ചിരിക്കുന്നുവെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.
ഞാന്‍ അമേരിക്കയുടെ പ്രസിഡന്റാണ്. ഈ പ്രശ്‌നം എന്നോട് കൂടി അവസാനിക്കണം അദ്ദേഹം പറഞ്ഞു.
വ്യക്തമായ ലക്ഷ്യങ്ങളോടെയാണ് അമേരിക്ക അഫ്ഗാനിസ്ഥാനിലേക്ക് സൈന്യത്തെ അയച്ചത്. 2001 സെപ്തംബര്‍ 11ന് തങ്ങളെ ആക്രമിച്ച അല്‍ഖ്വയ്ദയെ ലക്ഷ്യമിട്ടാണ് പോയത്. അമേരിക്കയെ ആക്രമിക്കാനുള്ള ഒരു താവളമായി അഫ്ഗാനിസ്ഥാനെ ഉപയോഗിക്കാന്‍ അല്‍ഖ്വയ്ദയ്ക്ക് കഴിയില്ലെന്ന് ഉറപ്പു വരുത്തുകയായിരുന്നു ലക്ഷ്യം.
അത് ഞങ്ങള്‍ നിര്‍വ്വഹിച്ചു. ഒസാമ ബിന്‍ലാദനെ വേട്ടയാടുന്നത് അമേരിക്ക ഒരിക്കലും ഉപേക്ഷിച്ചില്ല. ഒരു പതിറ്റാണ്ട് മുമ്പ് അമേരിക്ക ബിന്‍ലാദനെ ഇല്ലാതാക്കി. ബൈഡന്‍ പറഞ്ഞു.