തൃശൂര്‍: എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസ് പ്രതി ഷാറൂഖ് സെയ്ഫിയെ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിയ്യൂരിലെ അതിസുരക്ഷ ജയിലിലേക്കു മാറ്റി.
പൊലീസ് കസ്റ്റഡിയില്‍ വിട്ട പ്രതിയെ കാലാവധി അവസാനിച്ചതോടെ വന്‍ സുരക്ഷയില്‍ ചൊവ്വാഴ്ച ഉച്ചയോടെ അന്വേഷണ സംഘം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് എസ്.വി. മനേഷ് മുമ്ബാകെ ഹാജരാക്കുകയായിരുന്നു. തുടര്‍ന്നാണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്.
അറസ്റ്റിലായതിനു പിന്നാലെ വൈദ്യപരിശോധനക്ക് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ച പ്രതിയെ ഏപ്രില്‍ ഏഴിന് അവിടെയെത്തി മജിസ്ട്രേറ്റ് 20 വരെ റിമാന്‍ഡ് ചെയ്തിരുന്നു. പിന്നീട് അന്നു വൈകീട്ട് കോടതിയില്‍ ഹാജരാക്കി അന്വേഷണസംഘം കസ്റ്റഡിയില്‍ വാങ്ങുകയും ചെയ്തു.
യു.എ.പി.എ അടക്കം ഗുരുതര കുറ്റങ്ങള്‍ ചുമത്തിയതിനാല്‍ പ്രതിക്ക് കൂടുതല്‍ സുരക്ഷ ആവശ്യമുണ്ടെന്ന് പൊലീസ് ആവശ്യപ്പെട്ടപ്രകാരമാണ് വിയ്യൂരിലേക്കു മാറ്റിയത്.
പ്രതിക്കുവേണ്ടി ചീഫ് ഡിഫന്‍സ് കൗണ്‍സല്‍ പി. പീതാംബരന്‍ നല്‍കിയ ജാമ്യാപേക്ഷ പരിഗണിച്ച കോടതി പൊലീസ് റിപ്പോര്‍ട്ട് നല്‍കാനായി അപേക്ഷ ബുധനാഴ്ചത്തേക്കു മാറ്റി