ന്യൂഡല്‍ഹി: രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ 64 ശതമാനവും കേരളത്തില്‍. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍െറ ബുധനാഴ്ച രാവിലെ എട്ടുമണിവരേയുള്ള കണക്കു പ്രകാരം രാജ്യത്ത് 37,593 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍, കേരളത്തില്‍ ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ച (24,296) കണക്കാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ബുധനാഴ്ച കേരളത്തില്‍ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 31,000 കടന്നിരുന്നു. വ്യാഴാഴ്ച രാജ്യത്തെ ആകെ രോഗികളുടെ എണ്ണം പ്രസിദ്ധീകരിക്കുമ്പോള്‍ കേരളത്തിന്‍െറ കണക്ക് 70 ശതമാനത്തോളം ആയേക്കും.
പ്രതിദിന കോവിഡ് ബാധിതരില്‍ രണ്ടാമതുള്ള മഹാരാഷ്ട്രയില്‍ ഒരാഴ്ചയില്‍ അധികമായി 5,000ല്‍ താഴെ കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ 1,600ല്‍ താഴെയാണ് പ്രതിദിന രോഗികളുടെ എണ്ണം.
മറ്റു സംസ്ഥാനങ്ങളില്‍ 1,000ല്‍ താഴെയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഡല്‍ഹിയില്‍ 151 പേര്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് നിലവില്‍ കോവിഡ് ബാധിച്ച് ആശുപത്രികളിലും വീടുകളിലുമായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണത്തിലും പകുതിയോളം കേരളത്തിലാണ്.
3,22,327 പേരാണ് നിലവില്‍ കോവിഡ് ബാധിതര്‍. കേരളത്തില്‍ ബുധനാഴ്ചയിലെ കണക്കുള്‍പ്പെടെ 1,70,292 പേരാണ് ചികിത്സയില്‍. രണ്ടാമതുള്ള മഹാരാഷ്ട്രയില്‍ 53,260 പേര്‍ മാത്രമാണമുള്ളത്.
കര്‍ണാടക (19,810), തമിഴ്‌നാട് (18,603), ആന്ധ്രപ്രദേശ് (13,677) എന്നിങ്ങനെയാണ് കണക്ക്. മറ്റു സംസ്ഥാനങ്ങളില്‍ 10,000ല്‍ താഴെയാണ്.
ഡല്‍ഹിയില്‍ നിലവില്‍ 500ല്‍ താഴെ രോഗികള്‍ മാത്രമാണ് ചികിത്സയില്‍. മഹാരാഷ്ട്രയടക്കം ഭൂരിഭാഗം സംസ്ഥാനങ്ങളിലും പ്രതിദിന രോഗികളേക്കാള്‍ രോഗമുക്തി നേടുന്നവരുടെ എണ്ണമാണ് കൂടുതല്‍.