കീവ് : ദക്ഷിണ യുക്രെയിനിലെ റഷ്യന്‍ നിയന്ത്രണത്തിലുള്ള നോവ കഖോവ്ക ഡാം തകര്‍ന്നു. ഡിനിപ്രോ നദിക്ക് കുറുകെ 1956ല്‍ നിര്‍മിച്ച ഡാമിന് 30മീറ്റര്‍ ഉയരവും 3.2കിലോമീറ്റര്‍ നീളവുമുണ്ട്.
ഇവിടെയാണ് കഖോവ്ക ഹൈഡ്രോ ഇലക്ട്രിക് പവര്‍ പ്ലാന്റ് പ്രവര്‍ത്തിക്കുന്നത്. ഡാം തകര്‍ന്നതോടെ അടുത്തുള്ള പ്രദേശങ്ങള്‍ വെള്ളത്തിലായി. അടുത്ത അഞ്ച് മണിക്കൂറില്‍ ജലനിരപ്പ് ഉയരാനാണ് സാദ്ധ്യതയെന്ന് അധികൃതര്‍ അറിയിച്ചു. നദിയുടെ പടിഞ്ഞാറന്‍ തീരത്തുള്ള 19 ഗ്രാമങ്ങളിലും കെര്‍സണ്‍ നഗരത്തിന്റെ ഒരു ഭാഗവും വലിയ ഭീഷണിയിലാണ്.ഇതേത്തുടര്‍ന്ന് ആളുകളെ ഒഴിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചിട്ടുണ്ട്.ക്രീമിയയിലെ വിവിധയിടങ്ങളിലേയ്ക്ക് ജലവിതരണം നടത്തുന്ന അണക്കെട്ടാണ് ഇത്.
2014മുതല്‍ റഷ്യന്‍ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന അണക്കെട്ട് തകര്‍ത്തത് റഷ്യയാണെന്നാണ് യുക്രെയിന്റെ ആരോപണം. റഷ്യന്‍ സൈന്യം നടത്തിയ ‘ഇക്കോസൈഡ്’ എന്നാണ് യുക്രെയിനിലെ പ്രസിഡന്‍ഷ്യല്‍ അഡ്മിനിസ്ട്രേഷന് മേധാവി ഇതിനെ വിശേഷിപ്പിച്ചത്. എന്നാല്‍ സംഭവത്തിന്റെ ഉത്തരവാദിത്തം യുക്രെയിന്റെതാണെന്നാണ് റഷ്യയുടെ പ്രത്യാരോപണം.