എ.എസ് ശ്രീകുമാര്‍
അച്യുതം കേശവം രാമനാരായണം
കൃഷ്ണദാമോദരം വാസുദേവം ഹരിം
ശ്രീധരം മാധവം ഗോപികാ വല്ലഭം
ജാനകീ നായകം രാമചന്ദ്രം ഭജേ…
ജന്‍മാഷ്ടമിയുടെ നിറവിലാണ് വിശ്വാസികള്‍. ഓഗസ്റ്റ് 30-ാം തീയതിയാണ് ഇക്കൊല്ലത്തെ ശ്രൂകൃഷ്ണജയന്തി. ഹിന്ദുമത വിശ്വാസപ്രകാരം ത്രിമൂര്‍ത്തികളില്‍ ഒരാളായ മഹാവിഷ്ണുവിന്റെ എട്ടാമത്തെ അവതാരമായ ശ്രീകൃഷ്ണന്റെ ജന്മദിവസം.
ഇത് ശ്രീകൃഷ്ണ ജന്മാഷ്ടമിയായി ഹിന്ദുക്കള്‍ കൊണ്ടാടുന്നു. ചിങ്ങമാസത്തില്‍ കൃഷ്ണപക്ഷത്തിലെ രോഹിണി നക്ഷത്ര ദിവസത്തില്‍ ആഘോഷിക്കപ്പെടുന്ന ഈ സുദിനം കൃഷ്ണാഷ്ടമി, ഗോകുലാഷ്ടമി, അഷ്ടമി രോഹിണി, ശ്രീകൃഷ്ണ ജയന്തി, ജന്മാഷ്ടമി എന്നീ പേരുകളിലും അറിയപ്പെടുന്നു.
പരമ്പരാഗത വിശ്വാസപ്രമാണവും ജ്യോതിഷ കല്പനകളുമനുസരിച്ച് കൃഷ്ണന്റെ ജനനം ക്രിസ്തുവിനു മുന്‍പ് 3228 ജൂലൈ എട്ടിനാണ്. യദുവംശത്തിന്റെ തലസ്ഥാനമായ മഥുരയിലെ രാജകുടുംബത്തില്‍ വസുദേവരുടേയും ദേവകിയുടേയും അഷ്ടമപുത്രനായി, അതായത് എട്ടാമത്തെ പുത്രനായി ശ്രീകൃഷ്മന്‍ ജനിച്ചു.
അലറി പെയ്യുന്ന പേമാരിയും, അഗ്‌നിത്തൂണുകള്‍പ്പോലെ പ്രകമ്പനംകൊണ്ട ഭൂമിയും, അരിച്ചിറങ്ങുന്ന കോടമഞ്ഞും, ആടിത്തിമര്‍ക്കുന്ന കൊടുംകാറ്റും കൂടിയ ഒരു ഭീകര രാത്രിയിലാണ് ഭഗവാന്‍ മഹാവിഷ്ണു സമ്പൂര്‍ണ്ണാവതാരമായി കൃഷ്ണന്റെ രൂപത്തില്‍ പിറവിയെടുത്തത്.
വിഷ്ണുവിന്റെ പൂര്‍ണ പുണ്യാവതാരമായി ഏവരാലും ആദരിക്കപ്പെട്ടവനായിട്ടും ഭഗവാന്റെ മരണം എന്തേ ആരും അറിഞ്ഞില്ല എന്ന ചോദ്യമുണ്ട്. ശ്രീകൃഷ്ണന്റെ മരണം 3102 ഫെബ്രുവരി 18നാണെന്ന് ജ്യോതിഷ കല്‍പനകളനുസരിച്ച് വിശ്വസിക്കപ്പെടുന്നു.
മരിക്കുമ്പോള്‍ ശ്രീകൃഷ്ണന്റെ പ്രായം 126 വയസും ഏഴു മാസവും 10 ദിവസവുമായിരുന്നത്രേ. ജീവിതത്തില്‍ എപ്പോഴും പ്രിയപ്പെട്ടവര്‍ കൂടെയുണ്ടായിരുന്നിട്ടും ശ്രീകൃഷ്ണന്‍ അനാഥമായി മരണം വരിക്കാന്‍ ഇടയായതെങ്ങനെയെന്നും ഈ ജന്‍മാഷ്ടമിയിലും അന്വേഷിക്കാം. അതിന്റെ കാര്യകാരണം മഹാഭാരതത്തില്‍ പറയുന്നതിങ്ങനെ…
കുരുക്ഷേത്ര യുദ്ധത്തിന്റെ 18-ാം ദിവസം, യുദ്ധം തീര്‍ന്നപ്പോള്‍ അവശേഷിച്ചത് പാണ്ഡവ പക്ഷത്ത് പഞ്ചപാണ്ഡവന്‍മാരും, പാണ്ഡവ പക്ഷത്തെ ഒരു അക്ഷൗഹിണിപ്പടയുടെ നായകനായിരുന്ന സാത്യകിയും കൗരവപക്ഷത്ത് അശ്വത്ഥാമാവ്, കൃപര്‍, കൃതവര്‍മാവ് എന്നീ മൂന്നുപേരും മാത്രം.
ഈ ദുരന്തമുഹൂര്‍ത്തത്തിലാണ് കൃഷ്ണന്‍ ഗാന്ധാരിയെ സന്ദര്‍ശിക്കാനെത്തിയത്. തന്റെ പുത്രന്മാരെല്ലാം കൊല്ലപ്പെട്ടതില്‍ അഗാധ ദുഖിതയായ ഗാന്ധാരി ഈ സര്‍വനാശത്തിന്റെ കാരണക്കാരന്‍ ശ്രീകൃഷ്ണനാണെന്ന് മനസ്സിലാക്കി ഭഗവാനെ ഇപ്രകാരം ശപിച്ചു.
”മുപ്പത്തിയാറ് വര്‍ഷങ്ങള്‍ക്ക് ശേഷം നീ മരിക്കും. യാദവന്മാര്‍ നിന്നെ മറക്കും. നീ ജനിച്ച ദ്വാരക ഓര്‍മ്മകളില്‍ പോലും അവശേഷിക്കാതെ നാമാവശേഷമാകും…”
ഗാന്ധാരീ ശാപത്തെ കൃഷ്ണന്‍ പുഞ്ചിരി കൊണ്ടാണ് സ്വീകരിച്ചത്. എന്നാല്‍ അപ്പോഴും ഭഗവാന്‍ കൃഷ്ണന്‍ അത് തന്റെ തന്നെ നിശ്ചയമാണെന്ന് ഗാന്ധാരിയെ അറിയിച്ചിരുന്നു.
കൃഷ്ണ കുലമായ യാദവനാശത്തിന് മുനിശാപവും കാരണമായി…ഒരിക്കല്‍ കണ്വന്‍, വിശ്വാമിത്രന്‍ തുടങ്ങിയ മുനിമാര്‍ ഭഗവാനെ ദര്‍ശിക്കാനായി ദ്വാരകയിലേക്ക് എത്തുകയുണ്ടായി. അതേസമയം തന്നെ യാദവന്മാരും ശ്രീകൃഷ്ണനെ ദര്‍ശിക്കാന്‍ ദ്വാരകയിലേയ്ക്ക് വന്നു.
അപ്പോള്‍ യാദവന്മാര്‍ കൃഷ്ണപുത്രനായ സാംബനെ (ശ്രീകഷ്ണന് ജാംബവതിയിലുണ്ടായ പുത്രന്‍) ഗര്‍ഭിണിയുടെ വേഷം കെട്ടിച്ച് മുനിമാരുടെ മുന്നിലേയ്ക്ക് കൊണ്ടുവന്ന് നിര്‍ത്തി ”ഇവള്‍ പ്രസവിക്കുന്ന കുഞ്ഞ് ആണോ, പെണ്ണോ…” എന്ന് ചോദിച്ചു.
ഇതുകേട്ട് കോപിഷ്ടരായ മുനിമാര്‍ ”ഇവള്‍ ഒരു ഇരുമ്പുലക്കയെ പ്രസവിക്കും. അത് യാദവകുലത്തിന്റെ സര്‍വ നാശത്തിന് കാരണമായിത്തീരുകയും ചെയ്യും…” എന്ന് ശപിച്ചു. കുറച്ചുദിവസം കഴിഞ്ഞപ്പോള്‍ സാംബന്‍ ഒരു ഇരുമ്പുലക്കയെ പ്രസവിച്ചു. മുനി ശാപമോര്‍ത്ത കൃഷ്ണന്റെ നിര്‍ദ്ദേശമനുസരിച്ച് യാദവന്മാര്‍ ആ ഇരുമ്പുലക്ക രാകിപ്പൊടിച്ച് കടലിലെറിഞ്ഞു.
പക്ഷേ, തിരമാലകള്‍ക്കൊപ്പം ഇരുമ്പു പൊടി സമുദ്രതീരത്ത് വന്നടിയുകയും എരപ്പുല്ലുകളായി വളരുകയും ചെയ്തു. അമ്പു പോലെ എയ്തു വിടാവുന്നതും സമുദ്ര തീരത്ത് വളരുന്നതുമായ ഒന്നാണ് എരപ്പുല്ല്.
പിന്നീട് അരുതായ്മകളുടെ ദുരന്ത കാലഘട്ടമായിരുന്നു. അനിഷ്ട സംഭവങ്ങള്‍ തടയാന്‍ കൃഷ്ണന്‍ യാദവരെയും കൂട്ടി തീര്‍ത്ഥയാത്ര പുറപ്പെട്ടു. ദ്വാരകയ്ക്ക് സമീപമുള്ള പുണ്യ തീര്‍ത്ഥമായ പ്രഭാസത്തിലെത്തിയപ്പോള്‍ യാദവര്‍ അമിതമായി മദ്യപിച്ച് ഏറ്റുമുട്ടാന്‍ തുടങ്ങി. അവര്‍ സമുദ്രതീരത്ത് മുളച്ചുനില്‍ക്കുന്ന ഏരകപ്പുല്ലുകള്‍ പറിച്ചെടുത്ത് പരസ്പരം പ്രഹരിക്കുകയായിരുന്നു. എരപ്പുല്ലുകള്‍ പറിച്ചെടുക്കുന്ന നിമിഷം തന്നെ ഇരുമ്പുലക്കകളായി മാറിക്കൊണ്ടിരുന്നു.
അങ്ങനെ അനേകം യാദവന്മാര്‍ തമ്മിലടിച്ച് അവിടെ മരിച്ചുവീണു. ഇതു കണ്ട കൃഷ്ണന്‍ എരകപ്പുല്ലുകള്‍ പറിച്ചെടുത്ത് ശേഷിച്ച യാദവരെയൊക്കെ കൊന്നുകളഞ്ഞു. അങ്ങനെ യാദവവംശം നാമാവശേഷമായി. പിന്നെ കൃഷ്ണന്‍ തന്റെ ജ്യേഷ്ഠനായ ബലരാമന്‍ സമാധിയില്‍ മുഴുകി ദേഹം വെടിഞ്ഞിരിക്കുന്നത് കണ്ടു. കുറച്ചുനേരം വനത്തില്‍ ചുറ്റിക്കറങ്ങിയതിന് ശേഷം കൃഷ്ണന്‍ യോഗനിരതനായി പാദങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് കിടന്നു.
ഈ സമയം ‘ജരന്‍’ എന്നൊരു വേടന്‍ ഭഗവാന്റെ തൃപ്പാദങ്ങള്‍ കണ്ട് മാനാണെന്ന് തെറ്റിദ്ധരിച്ച് അമ്പെയ്തു. ജരന്‍ പൂര്‍വജന്മത്തില്‍ വാനരരാജാവായ ബാലിയായിരുന്നു. അന്ന് ശ്രീരാമന്‍ ബാലിയെ അമ്പെയ്തതിന്റെ പകരമായിട്ടാണ് ഇപ്പോള്‍ ഭഗവാന്‍ കൃഷ്ണനെ അമ്പെയ്തത്. ആ അമ്പേറ്റ് ഭഗവാന്‍ കൃഷ്ണന്‍ ദേഹം വെടിഞ്ഞ് വിഷ്ണു സ്വരൂപത്തോടുകൂടി തന്റെ ആവാസ സ്ഥാനമായിരിക്കുന്ന വൈകുണ്ഠത്തിലേക്ക് പോയി.
വിഷ്ണു പുരാണം അംശം അഞ്ച് അദ്ധ്യായം 38ലായി വ്യസമുനി അര്‍ജ്ജുനനോട് പറയുന്നത് കൂടി ഇതോടൊപ്പം ചേര്‍ത്ത് വായിക്കാം…”അര്‍ജ്ജുനാ, ഭഗവാന്‍ കൃഷ്ണന്‍ സ്വയം കാലസ്വരൂപനാകുന്നു. അദ്ദേഹം ഭൂഭാരം തീര്‍ക്കുവാനായി മാത്രം അവതരിച്ചതായിരുന്നു.
അദ്ദേഹം ഭൂമീദേവിയുടെയും ദേവന്മാരുടെയും അപേക്ഷ പ്രകാരം ഭൂമിയില്‍ അവതാരമെടുത്തു. അസംഖ്യങ്ങളായ ദുഷ്ടരാജാക്കന്മാരെയും മറ്റും വധിച്ചു തന്റെ അവതാരകൃത്യം നേടി. അതിനു ശേഷം വൃഷ്ണി-അന്ധക കുലങ്ങളേയും ഉപസംഹരിച്ചു.
ശേഷം തന്റെ ഇച്ഛയാല്‍ ഭൂലോകം വെടിഞ്ഞു വൈകുണ്ഠം പ്രാപിച്ചു. അതിനാല്‍ നീ ദുഖിക്കരുത്…” ഇത്തരത്തില്‍ സ്വയം കാലസ്വരൂപനായ ഈശ്വരന്‍ കാലഘട്ടത്തിന്റെ ആവശ്യമനുസരിച്ചു അവതാരമെടുക്കുന്നു . ഉദ്ദേശം സാധിച്ചു കഴിഞ്ഞാല്‍ ലീലയെ ഉപസംഹരിക്കുന്നു.
ഭഗവാന്‍ മനുഷ്യ-ജന്തുവര്‍ഗത്തിനായിട്ട് തന്ന ദിവ്യവചസ്സുകളെ യഥാവിധി അനുസരിക്കുവാന്‍ അനുഗ്രഹിക്കണേ എന്ന് പ്രാര്‍ത്ഥിക്കുവാള്ള മറ്റൊരു ജന്‍മാഷ്ടമിയാണിത്. അതേസമയം, ശ്രീകൃഷ്ണന്റെ ഓടക്കുഴലിന്റെ പ്രസക്തിയും പ്രാധാന്യവും മനസ്സിലാക്കാനും ഈ ജന്‍മാഷ്ടമി അവസരമൊരുക്കുന്നു.
ഒമ്പത് ദ്വാരങ്ങള്‍ ആണ് ഓടക്കുഴലില്‍ ഉള്ളത്. മനുഷ്യ ശരീരത്തിലും ഈ നവ ദ്വാരങ്ങള്‍ ഉണ്ട്. അതുകൊണ്ടുതന്നെ ഓടക്കുഴല്‍ മനുഷ്യ ശരീരത്തിന്റെ പ്രതീകം തന്നെയാണ്.. ഭഗവാന്‍ ശ്രീകൃഷ്ണന്‍ ആത്മാവായി, അതില്‍ കുടികൊള്ളുന്നു.
പ്രണവമാകുന്ന ഓംകാരനാദമാണ് ശ്രീകഷ്ണന്റെ ഓടക്കുഴല്‍ വിളി. ഈശ്വരന്റെ അടയാളമായ ഓംകാര നാദത്തില്‍ ശ്രദ്ധയെ ഉറപ്പിച്ചുകൊണ്ട് വേണം ഏതു കര്‍മ്മവും അനുഷ്ടിക്കുവാന്‍. അങ്ങനെ ഭഗവാനില്‍ ശ്രദ്ധയുള്ള സദ്ജനങ്ങള്‍ എപ്പോഴും ഓടക്കുഴല്‍ വിളി നാദത്തിന്റെ സംരക്ഷണ വലയത്തില്‍ ആയിരിക്കും.
അല്ലാത്തവര്‍ ഭഗവാനില്‍ നിന്നും വേര്‍പ്പെട്ട് അനേക ജന്മങ്ങള്‍ അലയേണ്ടി വന്നേക്കാം. മാത്രമല്ല അവര്‍ അപകടങ്ങളിലും ചതിക്കുഴികളിലും നിരന്തരം അകപ്പെടുകയും ചെയ്യും.
അഞ്ജന ശ്രീധരാ ചാരുമൂര്‍ത്തേ കൃഷ്ണാ
അഞ്ജലി കൂപ്പി വണങ്ങിടുന്നേന്‍
കൃഷ്ണാ ഹരേ ജയ കൃഷ്ണാ ഹരേ ജയ
കൃഷ്ണാ ഹരേ ജയ കൈതൊഴുന്നേന്‍
നേര്‍കാഴ്ചയുടെ മാന്യ വായനക്കാര്‍ക്ക് ശ്രീകൃഷ്ണ ജയന്തിയുടെ പ്രാര്‍ത്ഥനാശംസകള്‍…