ന്യൂഡല്‍ഹി: പാര്‍ട്ടിയെ ദുര്‍ബലമാക്കുന്ന രീതിയില്‍ പരസ്യപ്രസ്താവന നടത്തുന്നവരെ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ കെ.പി.സി.സി.യോട് ഹൈക്കമാന്‍ഡ്. ഇത്തരക്കാരെ കെ.പി.സി.സി.യിലോ ഡി.സി.സി.യിലോ ഭാരവാഹികളാക്കേണ്ടെന്ന നിലപാട് നേതൃത്വത്തിന് കൈമാറാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നിര്‍ദേശിച്ചതായറിയുന്നു.
കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയെ സെമി കേഡര്‍ രൂപത്തിലാക്കാന്‍ അധ്യക്ഷന്‍ കെ. സുധാകരന്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് ഹൈക്കമാന്‍ഡ് പൂര്‍ണ പിന്തുണ നല്‍കുമെന്ന് സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ വ്യക്തമാക്കി.
പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കി പ്രാഥമികാംഗത്വം രാജിവെച്ച പാലക്കാട്ടെ എ.വി. ഗോപിനാഥിനെ ഉള്‍പ്പെടെ തിരിച്ചുകൊണ്ടുവരാന്‍ ശ്രമങ്ങള്‍ നടത്തേണ്ടതില്ലെന്നും കെ.പി.സി.സി. നേതൃത്വത്തിന് ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കിയതായാണറിയുന്നത്.
പാര്‍ട്ടിയില്‍ ഉള്‍പ്പാര്‍ട്ടി ജനാധിപത്യം ശക്തമാക്കും. പാര്‍ട്ടി വേദികളില്‍ ആര്‍ക്കും എന്തു വിമര്‍ശനവും പറയാം. എന്നാല്‍, പൊതുവേദികളില്‍ അത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നവരുടെ വിവരങ്ങള്‍ ഹൈക്കമാന്‍ഡിന് കൈമാറണം.
എല്ലാവരുമായും കൂടിയാലോചന നടത്തിയാലും കെ.പി.സി.സി. അധ്യക്ഷനും പ്രതിപക്ഷനേതാവും ചേര്‍ന്നെടുക്കുന്ന തീരുമാനങ്ങള്‍ക്ക് മാത്രമായിരിക്കും മുന്‍ഗണന നല്‍കുകയെന്നും ഹൈക്കമാന്‍ഡ് വൃത്തങ്ങള്‍ വ്യക്തമാക്കി.
വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള പ്രവര്‍ത്തകരെ ഡി.സി.സി. അധ്യക്ഷന്മാരായി നിശ്ചയിച്ചപ്പോള്‍ ‘പെട്ടി തൂക്കി’കളെന്നു വിളിച്ചാക്ഷേപിച്ചത് രാഹുല്‍ ഗാന്ധിയെ പ്രകോപിപ്പിച്ചതായാണറിയുന്നത്.
ഇതിന്റെ പശ്ചാത്തലത്തിലാണ് നേതാക്കളുടെ പ്രസ്താവനയുടെ സമ്പൂര്‍ണ ഉള്ളടക്കം ആവശ്യപ്പെട്ടിട്ടുള്ളത്. ഇത് താരിഖ് അന്‍വര്‍ ചൊവ്വാഴ്ചയോ ബുധനാഴ്ചയോ അധ്യക്ഷ സോണിയാ ഗാന്ധിക്ക് കൈമാറുമെന്നറിയുന്നു.