ന്യൂയോര്‍ക്ക്: അഫ്ഗാനിസ്ഥാനിലെ ബാഗ്രാം വ്യോമസേനാ താവളം പിടിച്ചെടുക്കാന്‍ ചൈനയുടെ ശ്രമമെന്ന് മുന്‍ യുഎസ് നയതന്ത്ര പ്രതിനിധി നിക്കി ഹേലി.
അഫ്ഗാനിസ്ഥാനില്‍ നിലയുറപ്പിച്ച ശേഷം പാകിസ്ഥാനെ ഉപയോഗിച്ച് ഇന്ത്യയെ ആക്രമിക്കാന്‍ ചൈന പദ്ധതിയിടുന്നതായി ഹേലി മുന്നറിയിപ്പ് നല്‍കി. യുഎസ്, ചൈനയെ വീക്ഷിക്കേണ്ടത് ആവശ്യമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
‘അഫ്ഗാനിസ്ഥാനില്‍നിന്ന് സൈന്യത്തെ പിന്‍വലിച്ചതോടെ യുഎസ് പ്രസിഡന്‍റ് ജോ ബൈഡനോടുള്ള അമേരിക്കന്‍ സഖ്യകക്ഷികളുടെ വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. നിലവില്‍ നിരവധി വെല്ലുവിളികളാണ് യുഎസ് നേരിടുന്നത്. സ്വന്തം പൗരന്മാരുടെ സംരക്ഷണം ഉറപ്പുവരുത്തുകയും സൈബര്‍ സുരക്ഷ ശക്തിപ്പെടുത്തുകയും വേണം.
റഷ്യയെ പോലുള്ള രാജ്യങ്ങള്‍ ഹാക്ക് ചെയ്യാന്‍ സാധ്യത കൂടുതലാണ്. കാരണം പ്രത്യാക്രമണ സാധ്യതകള്‍ കുറവാണെന്നത് തന്നെ. വിശ്വാസം നഷ്ടപ്പെട്ട സഖ്യകക്ഷികളുമായി അടിയന്തരമായി ബൈഡന്‍ ആഴത്തിലുള്ള ബന്ധം സ്ഥാപിക്കണം.
ഇന്ത്യ, ജപ്പാന്‍, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളുമായി ചര്‍ച്ചകളില്‍ ഏര്‍പ്പെടണം. അവര്‍ക്ക് പിന്നില്‍ യുഎസ് ഉണ്ടെന്ന വിശ്വാസം ഉറപ്പിക്കണം.’ ഹേലി പറഞ്ഞു.
ലോകമെമ്പാടും തീവ്രവാദത്തിനെതിരായ നടപടികള്‍ യുഎസ് തുടങ്ങേണ്ടതുണ്ട്. കാരണം അഫ്ഗാനിലെ സൈന്യത്തിന്റെ പിന്മാറ്റം ഭീകരര്‍ വിജയമായി കാണുകയും അവര്‍ ലോകമെമ്പാടും പുതിയ റിക്രൂട്ട്‌മെന്‍റ് നടത്താനും സാധ്യതയുണ്ട്. അങ്ങനെയൊരു അവസ്ഥ വന്നാല്‍, കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലാകും.
അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ സൈന്യത്തിന്‍റെ പിന്മാറ്റത്തിനെതിരെയും ഹേലി തുറന്നടിച്ചു. ജോ ബൈഡനു മേല്‍ യുഎസ് ജനതയ്ക്ക് ഉണ്ടായിരുന്ന വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു.
അഫ്ഗാന്‍ തെരുവുകളില്‍ ഭീകരരുടെ അഴിഞ്ഞാട്ടമാണ്. അതിന് കാരണമാകട്ടെ, അമേരിക്കയുടെ പിന്മാറ്റവും. കോടികളുടെ ആയുധങ്ങള്‍ ഉപേക്ഷിച്ചുകൊണ്ടാണ് അമേരിക്കന്‍ സൈന്യം അവിടെനിന്നും ഓടിരക്ഷപ്പെട്ടത്.
സൈന്യത്തിനും കുടുംബാംഗങ്ങള്‍ക്കും ജോ ബൈഡനുമേല്‍ ഉണ്ടായ വിശ്വാസം മൊത്തത്തില്‍ തകര്‍ന്നിരിക്കുകയാണെന്നും നിക്കി ഹേലി ആരോപിച്ചു.