(പി ഡി ജോർജ് നടവയൽ)
ഫിലഡൽഫിയ/പാലാ: ഫിലഡൽഫിയാ- കൊച്ചി ഫ്ളൈറ്റുകൾ തുടരണമെന്നുള്ള, ഓർമാ ഇൻ്റർനാഷണൽ നിവേദനം, ഭാരത വിദേശകാര്യ (സ്റ്റേറ്റ്) മന്ത്രി വി. മുരളീധരന് നൽകി. ഷാജി അഗസ്റ്റിൻ ( ഓർമാ ഇൻ്റർനാഷണൽ ജനറൽ സെക്രട്ടറി), എബി ജോസ് ( ഓർമാ ഇൻ്റർനാഷണൽ ഇൻഡ്യാ പ്രൊവിൻസ് പ്രസിഡൻ്റ്), കുര്യാക്കോസ് മാണിവയലിൽ ( ഓർമാ ഇൻറ്റർനാഷണൽ കേരളാ ചാപ്റ്റർ പ്രസിഡൻ്റ്) എന്നിവർ നിവേദക സംഘത്തെ നയിച്ചു. തിരക്കിട്ട ഔദ്യോഗിക പരിപാടികൾക്കിടയിലും നിവേദക സംഘത്തിന് സമയം അനുവദിച്ച മന്ത്രിയുടെ അനുഭാവ നിലപാടിന് ഓർമാ ഇൻ്റർനാഷണൽ (ഓവർസീസ് റസിഡൻ്റ് മലയാളീസ് അസ്സോസിയേഷൻ ഇൻ്റർനാഷണൽ) എക്സിക്യൂട്ടിവ് കമ്മിറ്റി നന്ദി അറിയിച്ചു.
ഖ്വത്തറിൽ, കണക്ഷൻ ഫ്ളൈറ്റ് ഉള്ള രീതിയിൽ, ഖ്വത്തർ എയർ വേസിൻ്റെ വിമാനസർവീസ്, ഫിലഡൽഫിയയിൽ നിന്ന്, കൊച്ചിയിലേയ്ക്ക് നിലവിലുണ്ട്. ഈ ഫ്ളൈറ്റ് അവസാനിപ്പിക്കുകയാണെന്ന് ചില വാർത്താ റിപ്പോർട്ടുകൾ ഈ ഇടെയാണ് പുറത്തു വന്നത്. ഖ്വത്തർ എയർവേസ്സ് സർവീസ്, ഫിലഡൽഫിയയിൽ നിന്ന് കേരളത്തിലേയ്ക്ക് തുടരണമെന്നും, എയർ ഇന്ത്യ, എമറേറ്റ്സ്, ഇത്തിഹാദ്, എയർ ഇന്ത്യ, കുവൈറ്റ് എയർവെയ്സ് എന്നി വിമാനക്കമ്പനികളുടെ ഫ്ളൈറ്റ് സർവീസുകൾ ഫിലഡൽഫിയയിൽ നിന്ന് കേരളത്തിലേയ്ക്ക് സമയനഷ്ടമില്ലാതെ ഗൾഫ് മേഖലയിലുള്ള കണക്ഷൻ ഫ്ലൈറ്റുകളുമായി ബന്ധിപ്പിക്കത്തക്കവിധം തുടങ്ങുവാൻ വിമാനക്കമ്പനികളോട് താത്പര്യപ്പെടണമെന്നും ഓർമാ ഇൻ്റർനാഷണൽ അഭ്യർത്ഥിച്ചു. ഫിലഡൽഫിയാ എയർപോട്ടിൻ്റെ പരിസരപരിധിയിലുള്ള ലക്ഷക്കണക്കിന് ഏഷ്യാ-ഗൾഫ്- ഇന്ത്യാ യാത്രികർക്ക് ഇതു പ്രയോജനപ്പെടും.
നിലവിൽ ഫിലഡൽഫിയയിൽ നിന്ന് കൊച്ചിയ്ക്കുള്ള ഖത്തർ എയർവെയ്സിൻ്റെ സർവീസിന് താങ്ങാനാവാത്ത വിധം യാത്രക്കാരുടെ വർദ്ധനവുണ്ടായിരിക്കുന്നു. ഫ്ളൈറ്റ് റ്റിക്കറ്റ് ചാർജും കൂടിയിരിക്കുന്നു. പെൻസിൽവേനിയാ, ഡെലവേർ, ന്യൂ ജേഴ്സി, മെരി ലാൻ്റ്, നോർത്ത് കരോലിന, സൗത്ത് കരോലിന, വെസ്റ്റ് വെർജീനിയാ, ഒഹായോ, എന്നിങ്ങനെ വിവിധ സംസ്ഥാനങ്ങളുൾപ്പെടെയുള്ള പ്രദേശങ്ങളിൽ നിന്ന് ഇന്ത്യയിലേക്കും, മിഡിൽ ഈസ്സ്റ്റിലേക്കും, ഏഷ്യൻ രാജ്യങ്ങളിലേക്കുമുള്ള യാത്രക്കാർക്ക് ആശ്വാസമാകാൻ എയർ ഇന്ത്യ, എമറേറ്റ്സ്, ഇത്തിഹാദ്, കുവൈറ്റ് എയർവേസുകളുടെ കൂടുതൽ ഫ്ളൈറ്റുകൾ ആരംഭിക്കേണ്ടതുണ്ട്.
ദൗത്യ വിജയത്തിന് നിരന്തര ശ്രമങ്ങൾ തുടരും. ഓർമാ ഇൻ്റനാഷണൽ പബ്ളിക് അഫയേഴ്സ് ചെയർമാൻ വിൻസൻ്റ് ഇമ്മാനുവേൽ, ഓർമാ പ്രസിഡൻ്റ് ജോർജ് നടവയൽ, ട്രസ്റ്റീ ബോർഡ് ചെയർമാൻ ജോസ് ആറ്റുപുറം, ഓർമാ ടാലൻ്റ് പ്രമൊഷൻ ഫോറം ചെയർ ജോസ് തോമസ്, ഓർമാ ഇൻ്റർനാഷണൽ ലീഗൽ സെൽ ചെയർ അറ്റേണി ജോസഫ് കുന്നേൽ, ഓർമാ ഇൻ്റർനാഷണൽ പെൻസിൽവേനിയാ ചാപ്റ്റർ പ്രസിഡൻ്റ് ജോർജ് അമ്പാട്ട്, ഓർമാ സ്പോട്സ് കൗൺസിൽ ചെയർ മാനുവൽ തോമസ് എന്നിവരാണ് ഈ കമ്മിറ്റിയിലുള്ളത്.