ജോര്‍ജ് കറുത്തേടത്ത്
അമേരിക്കന്‍ മലങ്കര അതി ഭദ്രാസനത്തിനായി പുതുക്കിപ്പണിത ആസ്ഥാന മന്ദിരത്തിന്റെ കൂദാശാ കര്‍മ്മം മെയ് 22-നു തികഞ്ഞ ആത്മീയ നിറവില്‍ ആകമാന സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ പ: ഇഗ്‌നാത്തിയോസ് അപ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ് ബാവ നിര്‍വഹിച്ചു.
രാവിലെ 10.30-ന് ഭദ്രാസനാസ്ഥാനത്ത് എത്തിച്ചേര്‍ന്ന പരിശുദ്ധ ബാവായ്ക്ക്, ഭദ്രാസനാധിപന്‍ അഭി. യല്‍ദോ മോര്‍ തീത്തോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തില്‍ ഇതര സഭാ മേലദ്ധ്യക്ഷന്മാര്‍, വൈദീക ശ്രേഷ്ഠര്‍, സാമൂഹിക- സാംസ്കാരിക മേഖലയിലെ സമുന്നത വ്യക്തികള്‍, വിശ്വാസി സമൂഹം എന്നിവര്‍ ചേര്‍ന്ന് രാജോചിതമായ സ്വീകരണമാണ് ഒരുക്കിയത്. നാട മുറിച്ച് ഔദ്യോഗിക കൂദാശാ കര്‍മ്മം നിര്‍വഹിച്ചശേഷം പ. ബാവയുടെ പ്രധാന കാര്‍മികത്വത്തിലും, ഇതര സഭാ മേലദ്ധ്യക്ഷന്മാരുടേയും, അനേകം വൈദീകരുടേയും സഹകാര്‍മികത്വത്തിലും കെട്ടിട കൂദാശാ കര്‍മ്മവും നടത്തപ്പെട്ടു.
തുടര്‍ന്ന് നടത്തപ്പെട്ട പൊതുസമ്മേളനത്തില്‍ ഭദ്രാസന സെക്രട്ടറി റവ.ഫാ. പോള്‍ തോട്ടയ്ക്കാട്ട് സ്വാഗതം ആശംസിച്ചു. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഈ സംരംഭം, അതിന്റെ ലക്ഷ്യപ്രാപ്തിയിലെത്തിക്കാന്‍ നമുക്ക് സാധ്യമായത് ഏവരുടേയും കൂട്ടായ പ്രവര്‍ത്തനംകൊണ്ടാണെന്ന് അച്ചന്‍ സ്വാഗത പ്രസംഗത്തില്‍ സൂചിപ്പിച്ചു. ഭദ്രാസന മെത്രാപ്പോലീത്ത അഭി. യല്‍ദോ മോര്‍ തീത്തോസ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ഭദ്രാസനത്തിന്റെ ചിരകാല സ്വപ്ന സാക്ഷാത്കാരം എന്നു വിശേഷിപ്പിക്കാവുന്ന ഈ പദ്ധതി പ്രാവര്‍ത്തികമാക്കുവാന്‍ ഇടയാക്കിയ ദൈവത്തെ സ്തുതിക്കുന്നതോടൊപ്പം, ഇതിന്റെ വിജയത്തിനായി ആത്മാര്‍ത്ഥമായി സഹകരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത ഏവരേയും ഏറെ നന്ദിയോടെ സ്മരിക്കുന്നതായും അഭി. തിരുമേനി സൂപിപ്പിച്ചു. അതിഭദ്രാസനത്തിന്റെ വളര്‍ച്ചയിലും തളര്‍ച്ചയിലും നമ്മോടൊപ്പം നിന്ന്, നമുക്ക് എന്നെന്നും പ്രചോദനം നല്‍കുന്ന പ: ബാവാ തിരുമേനിയോട് ഈ ഭദ്രാസനം ഏറെ കടപ്പെട്ടിരിക്കുന്നുവെന്ന് തിരുമേനി ഓര്‍മ്മിപ്പിച്ചു.
ഉദ്ഘാടന പ്രസംഗം നടത്തിയ പ: പാത്രിയര്‍ക്കീസ് ബാവ അമേരിക്കന്‍ അതിഭദ്രാസനത്തിന്റെ അനുദിന വളര്‍ച്ചയില്‍ താന്‍ ഏറെ സന്തുഷ്ടനാണെന്നും, ആകമാന സുറിയാനി സഭയ്ക്കുതന്നെ ഈ ഭദ്രാസനം ഏറെ അഭിമാനമാണെന്നും സൂചിപ്പിക്കുകയുണ്ടായി. പുതുതായി കൂദാശ ചെയ്യപ്പെട്ട ഈ ആസ്ഥാന മന്ദിരം അമേരിക്കയിലെതന്നെ എല്ലാ ക്രൈസ്തവ സഭാംഗങ്ങളുടേയും ഒരു സംഗമവേദിയായിത്തീരട്ടെ എന്നു ആശംസിക്കുന്നതായും പ. ബാവ അറിയിച്ചു. ഓള്‍ഡ് ടാപ്പന്‍ ടൗണ്‍ഷിപ്പ് മേയര്‍ ജോണ്‍ ക്രേമര്‍ ചടങ്ങിന് ആശംസകള്‍ അര്‍പ്പിച്ചു. പള്ളി ഗായകസംഘം ആലപിച്ച ഭക്തിസാന്ദ്രമായി ആലപിച്ച ഗാനങ്ങള്‍ ചടങ്ങിന് മാറ്റുകൂട്ടി. ബോബി കുര്യാക്കോസ് എംസിയായി പ്രവര്‍ത്തിച്ചു. ഭദ്രാസന ട്രഷറര്‍ പി.ഒ. ജേക്കബ് നന്ദി രേഖപ്പെടുത്തി.
അമേരിക്കന്‍ മലങ്കര അതിഭദ്രാസന പി.ആര്‍.ഒ കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.