ബ്രിജിത്ത് മാത്യു
ഹൂസ്റ്റണ്‍: ”നേതൃത്വത്തിലേയ്ക്കുള്ള വിളിയും, ഭാവിയിലെ ആരോഗ്യ വ്യവസ്ഥയുടെ കാഴ്ചപ്പാടും…” എന്ന പ്രമേയത്തെ ആസ്പദമാക്കി ഹൂസ്റ്റണിലെ ഇന്ത്യന്‍ അമേരിക്കന്‍ നേഴ്‌സസ് അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റന്റെ (IANAGH) 27-ാമത് നേഴ്‌സസ് ദിനാഘോഷങ്ങള്‍ വര്‍ച്വല്‍ പ്ലാറ്റ്‌ഫോമില്‍ ആഘോഷിച്ചു.
കോവിഡ്-19 എന്ന മഹാമാരി ലോകത്തിന്റെ ഗതി തന്നെ മാറ്റിക്കുറിച്ച കാലഘട്ടത്തില്‍, ലോകപരിപാലകനായ സര്‍വ്വേശനെ വാഴ്ത്തിക്കൊണ്ടുള്ള ഒരു സംസ്‌കൃത ഗാനശകലത്തോടുകൂടി രാവിലെ 10 മണിക്ക് ആഘോഷങ്ങളുടെ തുടക്കം കുറിച്ചു. ഇന്ത്യന്‍ അമേരിക്കന്‍ ദേശീയ ഗാനാലാപനത്തിനു ശേഷം ‘IANAGH’ സെക്രട്ടറി റൂബി സെല്‍ദാന സ്വാഗതമാശംസിച്ചു. തുടര്‍ന്ന് ഇനാഗിന്റെ സാരഥി ഡോ. അനുമോള്‍ തോമസ് ഈ വര്‍ഷത്തെ അസോസിയേഷന്റെ എല്ലാ പ്രവര്‍ത്തനങ്ങളെയും ക്രോഡീകരിച്ച് സംസാരിച്ചു.
ഒരു നേഴ്‌സ് തന്റെ മാനസികവും, ശാരീരികവുമായ ഉന്നമനത്തെ ലക്ഷ്യമാക്കണമെന്നും, അതോടൊപ്പം തന്നെ വീണ്ടും പഠിക്കുവാനുള്ള അവസരങ്ങള്‍ ഒട്ടും പാഴാക്കാതെ അവരവരുടെ ജോലിയുടെ പരമോന്നത പദവികളിലേക്ക് എത്തുവാന്‍ പരമാവധി പരിശ്രമിക്കണമെന്നും നാഷണല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ നേഴ്‌സസ് ഓഫ് അമേരിക്കയുടെ (നൈന) പ്രസിഡന്റ് ഡോ. ലിഡിയ ആല്‍ബൂക്കര്‍ക്ക് അഭിപ്രായപ്പെട്ടു.
2020-2030 ലെ ഫ്യൂച്ചര്‍ ഫോര്‍ നഴ്‌സിങ്ങ് റിപ്പോര്‍ട്ട്-Charity a path to achieve Health Equity എന്ന വിഷയത്തെ കുറിച്ചാണ് ഡോ. ലിഡിയ ആല്‍ബൂക്കര്‍ക്ക് ആഴത്തില്‍ സംസാരിച്ചത്.
മുഖ്യാതിഥി ഫോര്‍ട്ട് ബെന്റ് കൗണ്ടി ജഡ്ജ് കെ.പി ജോര്‍ജ് നേഴ്‌സുമാരുടെ പ്രവര്‍ത്തനത്തെ പ്രകീര്‍ത്തിച്ചതോടൊപ്പം കൗണ്ടിയുടെ ഭാവിയിലുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും നേഴ്‌സുമാരുടെ സാന്നിദ്ധ്യവും സഹായവും അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
ടെക്‌സാസ് മെഡിക്കല്‍ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലെ അസോസിയേറ്റ് ചീഫ് നേഴ്‌സിങ്ങ് ഓഫീസര്‍ ഡോ. ലിന്‍ഡാ ടയര്‍ വിയോള, നേഴ്‌സുമാരുടെ നിസ്വാര്‍ത്ഥമായ സേവനത്തിന് നന്ദി പറയുകയും, അതോടൊപ്പം ഇന്ത്യയിലെ പകര്‍ച്ചവ്യാധി മൂലം വിഷമിക്കുന്നവരെ ഓര്‍ത്ത് പ്രാര്‍ത്ഥിക്കുകയും, അവരോടൊപ്പം സഹതപിക്കുകയും ചെയ്യുന്നു എന്നു പറഞ്ഞത് വൈകാരികമായി.
നേഴ്‌സുമാര്‍ എങ്ങനെ മാറ്റങ്ങളെ ധീരതയോടെ ഉള്‍ക്കൊണ്ടുകൊണ്ട് മുന്നോട്ടു നീങ്ങാം എന്നതിനെപ്പറ്റി വുമണ്‍ ആന്റ് ഇന്‍ഫന്റ് സ്‌പെഷ്യാലിറ്റി സര്‍വീസ് ഹോസ്പിറ്റല്‍ പാര്‍ക്ക് ലാന്റിന്റെ നേഴ്‌സിങ്ങിന്റെ ഡയറക്ടര്‍ ആമി മക്കാര്‍ത്തി നടത്തിയ മുഖ്യ പ്രഭാഷണം നേഴ്‌സുമാര്‍ക്ക് ഒരു പുത്തന്‍ ഉണര്‍വേകി.
സ്വന്തം സ്റ്റം സെല്‍ ദാനം ചെയ്ത് ഒരു ലുക്കീമിയ കുഞ്ഞിന്റെ ജീവന്‍ രക്ഷിച്ച അനുഭവം സാമൂഹിക പ്രവര്‍ത്തക ആയ ഗായത്രി റാവു പങ്കുവച്ചു. ഓരോ നേഴ്‌സിനെയും ഈ വലിയ കാരുണ്യപ്രവര്‍ത്തിയിലേയ്ക്ക് ക്ഷണിക്കുകയും അതോടൊപ്പം മറ്റുള്ളവരരോടും ഈ വിഷയത്തെക്കുറിച്ച് ബോധവത്ക്കരണം നടത്തുവാനും അവര്‍ ഉദ്‌ബോധിപ്പിച്ചു.
ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ ആയ അസീം ആര്‍ മഹാജന്‍, ഇന്ത്യന്‍ നേഴ്‌സുമാരുടെ അനുകമ്പയെയും പ്രഥിബദ്ധതയെയും കുറിച്ച് അഭിനന്ദിച്ച് അയച്ച സന്ദേശം ഏവര്‍ക്കും പ്രചോദനമായി. ഇനാഗ് അവാര്‍ഡിന്റെയും സ്‌കോളര്‍ഷിപ്പിന്റെയും ചെയര്‍ പേഴ്‌സണ്‍ ഷീല മാത്യൂസ് നേഴ്‌സസ് ദിന പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തുകൊണ്ട് ഒരിക്കല്‍ കൂടി അവരുട ജോലിയുടെ ഉത്തരവാദിത്വങ്ങളെ ഓര്‍മ്മപ്പെടുത്തി.
ഷെല്‍ബി സാന്റോവാര്‍ അസ്പരജീന്‍ തെറാപ്പിയെക്കുറിച്ചും അത് ലുക്കീമിയ രോഗികളെ ഏതു വിധത്തില്‍ സഹായിക്കുമെന്നും വിശദീകരിച്ചു. എല്ലാ വര്‍ഷവും നേഴ്‌സസ് ദിനാചരണത്തോടനുബന്ധിച്ച് അസോസിയേഷന്‍ വിദ്യാഭ്യാസ സഹായ പദ്ധതിയുടെ ഭാഗമായി സ്‌കോളര്‍ഷിപ്പുകള്‍ അഞ്ചു കുട്ടികള്‍ക്ക് വിതരണം ചെയ്തു.
സ്‌പെഷ്യല്‍ അവാര്‍ഡുകളായ ക്ലിനിക്കല്‍ നേഴ്‌സ് ലീഡര്‍ അവാര്‍ഡ് ക്ലാരമ്മ മാത്യൂസിനും എന്‍.പി.ആര്‍.എന്‍ എക്‌സലന്‍സ് അവാര്‍ഡ് സിസിമോള്‍ ജോസഫിനും നല്‍കി ആദരിച്ചു.
സേര്‍വര്‍, എലാറാ കെയറിങ്ങ്, ആഷാ മലയാളം റേഡിയോ, ഇന്റര്‍ ലിംഗ് മോര്‍ട്ട് ഗേജ് സര്‍വീസ്, ദ ദാനിയേല്‍ റ്റീം, ഷാര്‍പ്പ് മൈന്റ് അക്കാദമി, ജോസി വിക്ടറി കരിയര്‍ ഇന്‍സ്റ്റിറ്റിയൂട്ട്, ഷുഗര്‍ ലാന്റ് ഹെല്‍ത്ത് സെന്റര്‍, സന്ദീപ് തേവര്‍ വാലില്‍, ഡോക്‌ടേഴ്‌സ് വിത്ത് എ ഹാര്‍ട്ട് എന്നിവരായിരുന്നു ഈ വര്‍ഷത്തെ സ്‌പോണ്‍സര്‍മാര്‍. എം.സിമാരായിരുന്ന റെയ്‌നയും, ഷിബി മോളും എല്ലാ സ്‌പോണ്‍സര്‍മാര്‍ക്കും നന്ദി അറിയിച്ചു.
തുടര്‍ന്ന് നടന്ന നേഴ്‌സുമാരുടെ കലാവിരുന്ന് ആകര്‍ഷകമായി. വെര്‍ജീനിയാ അല്‍ഫോന്‍സും സംഘവും അവതരിപ്പിച്ച ലൈന്‍ ഡാന്‍സിങ്ങ്, അനുമോളുടെ ഭരതനാട്യും, സൂസന്റെയും ബ്രെന്‍ഡായുടെയും ശ്രുതിമധുരമായ ഗാനാലാപനം, ബിജു ഇട്ടന്റെയും ഗ്രൂപ്പിന്റെയും നേഴ്‌സുമാര്‍ക്ക് അര്‍പ്പിച്ചുകൊണ്ടുള്ള വീഡിയോയും ഏവരേയും ആഘോഷത്തിന്റെ മൂഡിലേക്ക് ആനയിച്ചു. ‘IANAGH’ വൈസ് പ്രസിഡന്റ് വെര്‍ജീനിയ അല്‍ഫോന്‍സ് ഏവര്‍ക്കും നന്ദി പറഞ്ഞു.