ചെന്നൈ: ഓണ്‍ലൈന്‍ ക്ലാസില്‍ തോര്‍ത്ത് മാത്രമുടുത്ത് ക്ലാസെടുക്കുകയും പെണ്‍കുട്ടികളോട് ലൈംഗികചുവയോട് സംസാരിക്കുകയും ചെയ്തതിന് ചെന്നൈയിലെ സ്വകാര്യ സ്കൂളിലെ അധ്യാപകനെതിരെ കുറ്റപത്രം.
ചെന്നൈയിലെ പോക്‌സോ കോടതിയിലാണ് കോമേഴ്‌സ് അധ്യാപകനായ രാജഗോപാലിനെതിരെ പൊലീസ് കുറ്റപത്രം നല്‍കിയത്. മോഡല്‍ കൂടിയായ പൂര്‍വ വിദ്യാര്‍ഥി സമൂഹ മാധ്യമത്തില്‍ പോസ്റ്റിട്ടതോടെയാണു അധ്യാപകന്റെ ക്രൂരതകള്‍ വെളിച്ചത്തായത്.
പെണ്‍കുട്ടികള്‍ ഏറെയുള്ള ഓണ്‍ലൈന്‍ ക്ലാസില്‍ കുളിമുറിയില്‍നിന്ന് ഇറങ്ങിവന്നതു പോലെ തോര്‍ത്ത് മാത്രമുടുത്തു പ്രത്യക്ഷപ്പെടുക, ലൈംഗിക ചുവയോടെ സംസാരിക്കുക, ശരീര വര്‍ണന നടത്തുക തുടങ്ങിയ ആരോപണങ്ങളാണു വിദ്യാര്‍ഥികള്‍ ഉയര്‍ത്തിയത്. ഏഴു വിദ്യാര്‍ഥികള്‍ പൊലീസില്‍ ഹാജരായി മൊഴി നല്‍കി. തുടര്‍ന്നു രാജഗോപാലിനെ അറസ്റ്റു ചെയ്തു.
പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകള്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, അപമര്യാദയായി പെരുമാറല്‍ തുടങ്ങിയ കുറ്റങ്ങളാണ് രാജഗോപാലിനെതിരെ ചുമത്തിയിരിക്കുന്നത്. ഗുണ്ടാ ആക്ടും ചുമത്തിയിട്ടുണ്ട്. നിലവില്‍ പുഴല്‍ സെന്‍ട്രല്‍ ജയിലില്‍ തടവിലുള്ള രാജഗോപാലിന് വിചാരണ പൂര്‍ത്തിയാകാതെ പുറത്തിറങ്ങാനാകില്ല.
നേരത്തേ, ചെന്നൈയിലെ ആള്‍ദൈവമായ ശിവശങ്കര്‍ ബാബ മഠത്തോടു ചേര്‍ന്നുള്ള സ്കൂളിലെ കുട്ടികളെ നഗ്‌നനൃത്തതിനു പ്രേരിപ്പിച്ചതിനും പ്രമുഖ അത്‌ലറ്റിക് കോച്ചായ നാഗരാജ് കായിക താരങ്ങളെ ചൂഷണം ചെയ്തതിനും അറസ്റ്റിലായിരുന്നു.