വാഷിങ്ടണ്‍; യുഎസില്‍ പൊലീസ് പട്രോളിങ് വാഹനം ഇടിച്ച് ഇന്ത്യന്‍ വിദ്യാര്‍ഥിനി മരിച്ചു. ആന്ധ്രപ്രദേശിലെ കുര്‍ണൂല്‍ സ്വദേശിയായ 23കാരി ജാന്‍വി കന്‍ഡൂല ആണ് മരിച്ചത്. വാഷിങ്ടനിലെ സിയാറ്റിലിലാണ് സംഭവമുണ്ടായത്.
പ്രാദേശിക സമയം തിങ്കളാഴ്ച രാത്രി, സിയാറ്റില്‍ ഡെക്‌സ്റ്റര്‍ അവന്യൂ നോര്‍ത്തിനും തോമസ് സ്ട്രീറ്റിനും ഇടയില്‍വച്ചാണ് ജാന്‍വിയെ പട്രോളിങ് വാഹനം ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ ജാന്‍വിയെ പ്രഥമശുശ്രൂഷകള്‍ നല്‍കിയശേഷം ഉടന്‍ ഹാര്‍ബര്‍വ്യൂ മെഡിക്കല്‍ സെന്ററിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്നു സിയാറ്റില്‍ പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു. ശരീരത്തിലേറ്റ ഒന്നിലധികം മാരക മുറിവുകളാണ് മരണകാരണം.
മരണത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഉന്നത പഠനത്തിനായാണ് ജാന്‍വി യുഎസില്‍ എത്തിയത്. സൗത്ത് ലേക്ക് യൂണിയനിലെ നോര്‍ത്ത് ഈസ്റ്റേണ്‍ യൂണിവേഴ്‌സിറ്റി ക്യാംപസ് വിദ്യാര്‍ഥിനിയായിരുന്നു. ഡിസംബറിലാണ് യൂണിവേഴ്സിറ്റിയില്‍ ചേര്‍ന്നത്.