വാഷിങ്ടൺ: സ്ഥാനമൊഴിയുന്ന യു.എസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആന്റണി ബ്ലിങ്കന്റെ വിടവാങ്ങൽ വാർത്താസമ്മേളനത്തിൽ ഗസ്സയിലെ വംശഹത്യയെച്ചൊല്ലി പ്രതിഷേധവും പുറത്താക്കലും. കുട്ടികളും സ്ത്രീകളുമടക്കം അരലക്ഷത്തിലേറെ പേർ കൊല്ലപ്പെടുകയും വീടുകളും കെട്ടിടങ്ങളും നിരപ്പാക്കപ്പെടുകയും ചെയ്ത ഇസ്രായേൽ നടപടി ബ്ലിങ്കന്റെ അറിവോടെയും അനുവാദത്തോടെയുമായിരുന്നുവെന്ന് വിമർശനമുയർത്തിയ മാക്‌സ് ബ്ലുമെന്തൽ, സാം ഹുസ്സൈനി എന്നീ മാധ്യമപ്രവർത്തകരെയാണ് സുരക്ഷാ ഉദ്യോഗസ്ഥർ പുറത്താക്കിയത്. ‘ദ ഗ്രേസോൺ ന്യൂസ്’ എഡിറ്റർ മാക്‌സ് ബ്ലുമെന്തലിനെ ഉദ്യോഗസ്ഥർ നിർബന്ധിച്ച് പുറത്തേക്കു നയിച്ചപ്പോൾ, സ്വതന്ത്ര മാധ്യമപ്രവർത്തകനായ സാം ഹുസൈനിയെ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർ തൂക്കിയെടുത്ത് പുറത്തേക്കു കൊണ്ടുപോവുകയായിരുന്നു.
ആന്റണി ബ്ലിങ്കൻ പ്രസംഗിക്കുന്നതിനിടെ ചോദ്യം ചോദിച്ച മാക്‌സ് ബ്ലുമെന്തൽ ആണ് അസ്വാരസ്യത്തിനു തുടക്കമിട്ടത്. ‘ഗസ്സയിലെ മുന്നൂറ് റിപ്പോർട്ടർമാരാണ് താങ്കളുടെ ബോംബുകൾ ഏറ്റുവാങ്ങേണ്ടി വന്നത്. ഒരു കരാർ ഉണ്ടായിരിക്കെ താങ്കൾ എന്തുകൊണ്ടാണ് ബോംബുകൾ വർഷിച്ചു കൊണ്ടിരുന്നത്? ഒരു കരാർ ഉണ്ടെന്ന് നിങ്ങൾക്ക് എല്ലാവർക്കും അറിയാമായിരുന്നു. ഈ മുറിയിലുള്ള എല്ലാവർക്കും അറിയാമായിരുന്നു. ടോണി, എന്നിട്ടും താങ്കൾ ബോംബുകൾ വർഷിച്ചു കൊണ്ടിരുന്നു. ഇത് നിയമാനുസൃതമായിരുന്നോ ആതോ സയണിസത്തോടുള്ള താങ്കളുടെ സമർപ്പണമോ?’ – ബ്ലുമെന്തൽ ചോദിച്ചു.
‘എന്തുകൊണ്ടാണ് എന്റെ സുഹൃത്തുക്കളെ കൂട്ടക്കൊല ചെയ്യാൻ താങ്കൾ അനുവദിച്ചത്. ഞങ്ങളുടെ ജൂതമതത്തെ ഫാസിസവുമായി ബന്ധപ്പെടുത്തി നശിപ്പിക്കാൻ താങ്കൾ സഹായിച്ചു. നെതന്യാഹുവിന്റെ മുന്നിൽ മുന്നിൽ, ഇസ്രായേലി ഫാസിസ്റ്റുകൾക്കു മുന്നിൽ നമ്മൾ വെള്ളക്കൊടി കാണിച്ചു… താങ്കളുടെ ഭാര്യാപിതാവ് ഒരു ഇസ്രായേലി ലോബിയിസ്റ്റ് ആയിരുന്നു. താങ്കളുടെ മുത്തച്ഛനും ഇസ്രായേലി ലോബിയിസ്റ്റ് ആയിരുന്നു. താങ്കൾ ഇസ്രായേലിനു വേണ്ടി വിട്ടുവീഴ്ച ചെയ്യുകയാണോ? എന്തിനാണ് നമ്മുടെ കാലത്തെ ഹോളോകോസ്റ്റ് സംഭവിക്കാൻ താങ്കൾ അനുവദിച്ചത്? വംശഹത്യയുടെ പാരമ്പര്യത്തെപ്പറ്റി താങ്കൾക്കെന്ത് തോന്നുന്നു? മാറ്റ് മില്ലർ, താങ്കൾക്കും… ഇതിനെല്ലാമിടയിൽ താങ്ങൾ പുഞ്ചിരിച്ചു കൊണ്ടിരിക്കുകയായിരുന്നു…’ മാക്‌സ് ബ്ലുമെന്തൽ ചോദിച്ചു. അതിനിടെ, വേദിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ സമീപത്തെത്തി ബ്ലുമെന്തലിനോട് പുറത്തു പോകാൻ ആവശ്യപ്പെട്ടു. പുറത്തേക്ക് നടക്കുന്നതിനിടെയും ബ്ലുമെന്തൽ സംസാരിച്ചു കൊണ്ടിരുന്നു.
ആന്റണി ബ്ലിങ്കൻ പ്രസംഗം തുടരുന്നതിനിടെ ‘ജനീവ കൺവെൻഷൻ ഫലസ്തീനികൾക്കും ബാധകമാണെന്ന് താങ്കൾ കരുതുന്നുണ്ടോ?’ എന്ന് സാം ഹുസൈനി ചോദ്യമുയർത്തി. ഇതിനു പിന്നാലെ സാം ഹുസൈനിയെ പുറത്താക്കാൻ വേദിയിലുണ്ടായിരുന്ന യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് മാറ്റ് മില്ലർ സുരക്ഷാ ഉദ്യോഗസ്ഥരുടെ അടുത്തെത്തി ആവശ്യപ്പെട്ടു.
ഇതേത്തുടർന്ന് മൂന്ന് ഉദ്യോഗസ്ഥർ ഹുസൈനിയുടെ അടുത്തെത്തുകയും അദ്ദേഹത്തിന്റെ ശരീരത്തിനു മേൽ കൈവെക്കുകയും ചെയ്തു. ‘എന്റെ ശരീരത്തിൽ നിന്ന് കൈയെടുക്കൂ… എന്റെ ചോദ്യങ്ങൾക്ക് ഉത്തരം കിട്ടില്ല എന്ന് മാറ്റ് മില്ലർ പറഞ്ഞതുകൊണ്ടാണ് ഞാൻ താങ്കളോട് ചോദിക്കുന്നത്. ഞാൻ ശാന്തനായി ഇവിടെ ഇരിക്കുമ്പോൾ രണ്ടോ മൂന്നോ പേർ എന്നെ കൈകാര്യം ചെയ്യുകയാണ്. നിങ്ങൾ എന്നെ വേദനിപ്പിക്കുകയാണ്…’ എന്ന് ഹുസൈനി പ്രതിഷേധിച്ചെങ്കിലും ഉദ്യോഗസ്ഥർ അദ്ദേഹത്തിനു മേൽ ബലംപ്രയോഗിച്ചു.
‘നടപടി ക്രമങ്ങളെ ബഹുമാനിക്കൂ…’ എന്ന് ആന്റണി ബ്ലിങ്കൻ സ്റ്റേജിൽ നിന്ന് വിളിച്ചുപറഞ്ഞപ്പോൾ ഹുസൈനിയുടെ മറുപടി ഇങ്ങനെയായിരുന്നു: ‘അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ ഉത്തരവ് ലംഘിച്ചുകൊണ്ടുള്ള മെയ് 31-ലെ താങ്കളുടെ പ്രസ്താവന എന്തിനു വേണ്ടിയായിരുന്നു? നടപടി ക്രമങ്ങളെ ബഹുമാനിക്കണം എന്നോ? ഇസ്രായേൽ നടത്തുന്നത് വംശഹത്യയും ഉന്മൂലനവുമാണെന്ന് അന്താരാഷ്ട്ര കോടതിയിലെയും ആംനസ്റ്റി ഇന്റർനാഷണലിലെയും എല്ലാവരും പറയുമ്പോൾ നടപടിക്രമങ്ങളെ താങ്കൾ ബഹുമാനിച്ചോ? കുറ്റവാളി. താങ്കൾ എന്തുകൊണ്ടാണ് ഹേഗിൽ ഇല്ലാത്തത്…’ സുരക്ഷാ ഉദ്യോഗസ്ഥർ പുറത്തേക്കു കൊണ്ടുപോകവെയായിരുന്നു ഹുസൈനിയുടെ വാക്കുകൾ.
ഹമാസിനെതിരായ യുദ്ധം എന്ന പേരിൽ ഗസ്സയിലെ സാധാരണക്കാർക്കു നേരെ ഇസ്രായേൽ നടത്തുന്ന വംശഹത്യക്ക് ആന്റണി ബ്ലിങ്കൻ പിന്തുണ നൽകിയതായും വെടിനിർത്തൽ ചർച്ചകൾ നീട്ടിക്കൊണ്ടുപോകാൻ ഇടപെട്ടതായും ആരോപണമുയർന്നിരുന്നു. ഇസ്രായേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു അടക്കമുള്ളവർക്കെതിരായ അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ വിധിക്കു പിന്നാലെ, ഇസ്രായേലിന് പൂർണ പിന്തുണ നൽകുന്നതായി ബ്ലിങ്കൻ പ്രഖ്യാപിച്ചിരുന്നു. സ്വതന്ത്രവും നിയമാനുസൃതവും ജനാധിപത്യരീതിയിൽ പ്രവർത്തിക്കുന്നതുമായ രാജ്യങ്ങൾക്കെതിരെ നടപടിയെടുക്കുന്ന ഐസിസിയുടെ നടപടി തെറ്റായ ദിശയിലുള്ളതാണെന്നായിരുന്നു ബ്ലിങ്കന്റെ പ്രസ്താവന.
സ്‌റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് മാറ്റ് മില്ലർ, ഇസ്രായേലിന്റെ വംശഹത്യക്കെതിരായ ചോദ്യങ്ങൾ മുമ്പും നേരിട്ടിരുന്നെങ്കിലും എല്ലായ്‌പോഴും ഉത്തരം പറയാതെ ഒഴിഞ്ഞുമാറുകയായിരുന്നു പതിവ്. ഇസ്രായേലിന് പ്രതിരോധിക്കാൻ അവകാശമുണ്ട് എന്ന വാദമുയർത്തിയാണ് വംശഹത്യയെ അദ്ദേഹം ന്യായീകരിച്ചു കൊണ്ടിരുന്നത്.