Sunday, April 21, 2024

HomeAmericaലോകത്തിലെ ഏറ്റവും വലിയ സമ്പന്ന സ്ഥാനം എലോണ്‍ മസ്‌ക് തിരിച്ചു പിടിച്ചു

ലോകത്തിലെ ഏറ്റവും വലിയ സമ്പന്ന സ്ഥാനം എലോണ്‍ മസ്‌ക് തിരിച്ചു പിടിച്ചു

spot_img
spot_img

ന്യൂയോര്‍ക്ക്: ലോകത്തിലെ ഏറ്റവും വലിയ സമ്പന്ന സ്ഥാനം വീണ്ടും എലോണ്‍ മസ്‌കിന് സ്വന്തം. 2022 ഡിസംബറില്‍ ടെസ്ലയുടെ ഓഹരികള്‍ ഇടിഞ്ഞതിനാല്‍ ലോകത്തിലെ ഏറ്റവും ധനികനെന്ന സ്ഥാനം മസ്‌കിന് നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ രണ്ട് മാസത്തിന് ശേഷം ടെസ്ല ഓഹരി വില കുതിച്ചുയര്‍ന്നതോടെ ലോകത്തിലെ ഏറ്റവും ധനികന്‍ എന്ന പദവി വീണ്ടും എലോണ്‍ മസ്‌ക് സ്വന്തമാക്കിയതായി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.

മസ്‌കിന്റെ ആസ്തി ഇപ്പോള്‍ 187 ബില്യണ്‍ യുഎസ് ഡോളറാണ്. 2023 ന്റെ തുടക്കത്തില്‍, ട്വിറ്റര്‍ ഉടമയുടെ ആസ്തി 137 ബില്യണ്‍ യുഎസ് ഡോളറായിരുന്നു. 2021 സെപ്തംബര്‍ മുതല്‍ ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയാണ് എലോണ്‍ മസ്‌ക്. അദ്ദേഹത്തിന് മുമ്പ് ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് ആ സ്ഥാനം നിലനിര്‍ത്തിയിരുന്നു.

ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പണം നഷ്ടപ്പെട്ടതിന്റെ ലോക റെക്കോര്‍ഡ് തകര്‍ത്തതിന് മസ്‌കിനെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് അംഗീകരിച്ചതായി ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഓര്‍ഗനൈസേഷന്റെ ഒരു പത്രക്കുറിപ്പ് ഇത് സ്ഥിരീകരിക്കുകയും ‘ചരിത്രത്തിലെ ഏറ്റവും വലിയ വ്യക്തിഗത ഭാഗ്യനഷ്ടത്തിന്റെ ലോക റെക്കോര്‍ഡ് എലോണ്‍ മസ്‌ക് ഔദ്യോഗികമായി തകര്‍ത്തു’ എന്ന് പ്രസ്താവിക്കുകയും ചെയ്തിരുന്നു.

56 ബില്യണ്‍ ഡോളര്‍ നഷ്ടമായ ജാപ്പനീസ് ടെക് നിക്ഷേപകനായ മസയോഷി സോണിന്റെ പേരിലാണ് മുമ്പ് ഈ റെക്കോര്‍ഡ് ഉണ്ടായിരുന്നതെന്നും ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സിന്റെ പത്രക്കുറിപ്പില്‍ പറയുന്നു.

മസ്‌കിന്റെ സ്വകാര്യ സമ്പത്തിന്റെ ഭൂരിഭാഗവും ടെസ്ല ഓഹരികളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നത് രഹസ്യമല്ല. കമ്പനിയുടെ ആദ്യകാല നിക്ഷേപകരില്‍ ഒരാളായിരുന്നു മസ്‌ക്. മാര്‍ട്ടിന്‍ എബര്‍ഹാര്‍ഡും മാര്‍ക്ക് ടാര്‍പെനിംഗും ചേര്‍ന്ന് 2003 ജൂലൈയില്‍ ടെസ്ല മോട്ടോഴ്സ് എന്ന പേരില്‍ ആരംഭിച്ച ഇലക്ട്രിക് കാര്‍ ബ്രാന്‍ഡ് കമ്പനിയില്‍, 2004-ല്‍ 6.5 മില്യണ്‍ ഡോളര്‍ നിക്ഷേപിച്ചുകൊണ്ട് ഏറ്റവും വലിയ ഓഹരി ഉടമയായി മസ്‌ക് മാറി.

തുടര്‍ന്ന് 2008ല്‍ കമ്പനിയുടെ സിഇഒയും പ്രൊഡക്ട് ആര്‍ക്കിടെക്റ്റുമായി അദ്ദേഹം ചുമതലയേറ്റു. ട്വിറ്റര്‍ വാങ്ങാനും, പിന്നീട് അതിന്റെ നഷ്ടം നേരിടാനുമായി 2022-ല്‍ തന്റെ ടെസ്ല ഓഹരികളുടെ വലിയ ഭാഗങ്ങള്‍ മസ്‌ക് വിറ്റിരുന്നു.

2022 ഏപ്രിലിലും ഓഗസ്റ്റിലും 15.4 ബില്യണ്‍ യുഎസ് ഡോളറിന്റെ സംയുക്ത മൂല്യമുള്ള ടെസ്ല ഓഹരികള്‍ മസ്‌ക് വിറ്റു. ‘കൂടുതല്‍ വില്‍പ്പന ആസൂത്രണം ചെയ്തിട്ടില്ല’ എന്ന് ആ സമയത്ത് അദ്ദേഹം പറഞ്ഞിരുന്നെങ്കിലും 2022 നവംബറില്‍, വീണ്ടും ഏകദേശം 4 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന 19.5 ദശലക്ഷം ടെസ്ല ഓഹരികള്‍ മസ്‌ക് വിറ്റതായി റോയിട്ടേഴ്സിന്റെ ഒരു ട്വീറ്റ് അക്കാലത്ത് പറഞ്ഞു.

2022 ഒക്ടോബറില്‍ 44 ബില്യണ്‍ ഡോളറിന് മസ്‌ക് ട്വിറ്ററിനെ വാങ്ങി. മസ്‌ക് തന്റെ പുതിയ റോള്‍ ഏറ്റെടുത്ത ശേഷം ആദ്യം ചെയ്ത കാര്യങ്ങളിലൊന്ന് കമ്പനിയുടെ അന്നത്തെ സിഇഒ പരാഗ് അഗര്‍വാളിനെയും മറ്റ് ഉയര്‍ന്ന എക്സിക്യൂട്ടീവുകളെയും പുറത്താക്കുക എന്നതാണ്.

മസ്‌കിന്റെ ഭരണത്തിന്‍ കീഴില്‍, ട്വിറ്റര്‍ ജീവനക്കാരില്‍ ഭൂരിഭാഗവും ഒന്നുകില്‍ രാജിവച്ചു, അല്ലെങ്കില്‍ പിരിച്ചുവിടപ്പെട്ടു. 2022 നവംബറിന് ശേഷം കമ്പനിയില്‍ പിരിച്ചുവിടലുകളൊന്നും ഉണ്ടാകില്ലെന്ന് വാഗ്ദാനം ചെയ്തിരുന്നെങ്കിലും അതിനുശേഷവും നിരവധി പിരിച്ചുവിടലുകള്‍ പ്രഖ്യാപിച്ചു.

മസ്‌ക് ഏറ്റെടുക്കുന്നതിന് മുമ്പ് ഏകദേശം 7,500 ജീവനക്കാരുണ്ടായിരുന്ന ട്വിറ്ററില്‍ അതിന് ശേഷം 2,300 ആയി ചുരുങ്ങി. അടുത്തിടെ, ട്വിറ്ററില്‍ വീണ്ടും പിരിച്ചുവിടല്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, കമ്പനിയുടെ 10 ശതമാനം തൊഴിലാളികളെ മസ്‌ക് പുറത്താക്കിയെന്നാണ് കണക്ക്. കമ്പനിയിലെ ഏറ്റവും പുതിയ പിരിച്ചുവിടലിന്റെ ഭാഗമായി ഏകദേശം 200 പേര്‍ക്ക് ജോലി നഷ്ടപ്പെട്ടുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments