റാസ്മുസന്‍ റിപോര്‍ട്‌സ് സര്‍വേയില്‍ മുന്‍ പ്രഥമ വനിത മിഷേല്‍ ഒബാമ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി വരണമെന്ന ആവശ്യം .നിലവിലെ പ്രസിഡന്റ് ജോ ബെഡന്‍ വീണ്ടും പ്രസിഡന്റ് ആവാന്‍ പാടില്ലെന്നു 40 ശതമാനത്തോളം ഡെമോക്രാറ്റുകള്‍ അഭിപ്രായം രേഖപ്പെടുത്തി. ബൈഡനു പകരം പുതിയ സ്ഥാനാര്‍ഥി വരണമെന്നു 48 ശതമാനം പേര്‍ ഒരു സര്‍വേയില്‍ പറയുന്നത് ഇതാദ്യമാണ്.
ചൊവാഴ്ച മിഷിഗണില്‍ പ്രസിഡന്റ് ജോ ബൈഡന്‍ നിര്‍ണായക ഡെമോക്രാറ്റിക് പ്രൈമറി നേരിടുമ്പോളാണ് ഈ സര്‍വേ പുറത്തുവന്നത്.
ഗാസ നയത്തില്‍ രോഷം കൊണ്ട അറബ്-മുസ്ലിം വംശജര്‍ മിഷിഗണില്‍ ബൈഡനു അനുകൂല വോട്ട് നല്‍കില്ല എന്നാണ് കരുതപ്പെടുന്നത്. ഇസ്രയേലിനെ ഗാഢമായി ആലിംഗനം ചെയ്ത അദ്ദേഹത്തിന്റെ നയം എത്രമാത്രം തിരിച്ചടിച്ചു എന്ന് ചൊവാഴ്ചത്തെ പ്രൈമറിയില്‍ സൂചനകള്‍ ലഭിച്ചേക്കും.
പകരം സ്ഥാനാര്‍ഥി ആരാവണം എന്ന കാര്യത്തില്‍ ഏകാഭിപ്രായം കണ്ടില്ല. എന്നാല്‍ 20 ശതമാനം മിഷേല്‍ ഒബാമയെ (60) പിന്തുണയ്ക്കുന്നു. വൈസ് പ്രസിഡന്റ് കമലാ ഹാരിസ് (15%), മുന്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഹിലരി ക്ലിന്റണ്‍ (12%), കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗവിന്‍ ന്യൂസം (11%), മിഷിഗണ്‍ ഗവര്‍ണര്‍ ഗ്രെച്ചെന്‍ വിറ്റ്മര്‍ (9%) എന്നിവരാണ് മറ്റു സ്ഥാനാര്‍ഥികള്‍.
ഇവര്‍ ആരും വേണ്ട എന്നു പറയുന്നവര്‍ 27% ഉണ്ട്.
ബൈഡന്റെ പ്രായം ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ക്കു പരിഹാരമൊന്നും ഇല്ലെന്നതു വ്യക്തമായിരിക്കെ ഈ വിഷയം ഊര്‍ജിതമായി ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ ഒബാമയുടെ പേര് തന്നെ ആദ്യം വരുന്നത്. എന്നാല്‍ രാഷ്ട്രീയത്തിലേക്കില്ല എന്ന് അവര്‍ ആവര്‍ത്തിച്ചു പറഞ്ഞിട്ടുണ്ട്.
ഗ്രെച്ചെന്‍ വിറ്റ്മര്‍ ആണ് പകരക്കാരില്‍ മുന്‍ഗണന ലഭിക്കുന്ന ഒരാള്‍. അതിനു കാരണം അവര്‍ക്കു 52 വയസേയുള്ളൂ എന്നതു മാത്രമല്ല. ജനപ്രീതിയുമുണ്ട്. വനിതാ വിഷയങ്ങള്‍ ഊര്‍ജിതമായി ഉന്നയിക്കുന്നതു കൊണ്ട് സ്ത്രീകളുടെ വോട്ട് സമാഹരിക്കും എന്ന പ്രതീക്ഷയുണ്ട്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുമായി അഭിപ്രായ ഐക്യം ഉണ്ടാക്കി 900 ബില്ലുകള്‍ പാസാക്കിയ ചരിത്രവും അവര്‍ക്കുണ്ട്.
പ്രൈമറികളില്‍ മത്സരിക്കുന്ന ഡീന്‍ ഫിലിപ്‌സ് (55) മറ്റൊരു സാധ്യതയാണ്. മിനസോട്ടയില്‍ നിന്നുള്ള യഹൂദനായ കോണ്‍ഗ്രസ് അംഗം സെനറ്റിലും സുപ്രീം കോടതിയിലും സേവന കാലാവധി പരിമിതപ്പെടുത്തണം എന്നു വാദിക്കുന്നു.
കൊളോറാഡോ ഗവര്‍ണറായ 48കാരന്‍ ജാറെഡ് പൊളിസ് യാഥാസ്ഥിതിക പക്ഷത്താണ്. സംസ്ഥാനത്തു പുരോഗതി കൈവരിച്ചതിന്റെ മെച്ചം അവകാശപ്പെടാനുണ്ട്.
ഇവരെപ്പോലെയൊക്കെ തന്നെ മടിച്ചു നില്‍ക്കുന്നയാളാണ് ഗവിന്‍ ന്യൂസമും (56). ബൈഡനെതിരെ മത്സരിക്കില്ല എന്നു ആദ്യമേ പറഞ്ഞിരുന്ന അദ്ദേഹം പ്രതീക്ഷിക്കാത്ത സ്ഥാനാര്‍ഥിയാവുമെന്നു പല നിരീക്ഷകരും ഉറച്ചു വിശ്വസിക്കുന്നു. മധ്യവര്‍ത്തിയാണ്, വിവാദങ്ങളോട് ഭയവുമില്ല.
കമലാ ഹാരിസിനു ജനപ്രീതി കുറവാണെന്ന വിലയിരുത്തല്‍ ഉണ്ടെങ്കിലും അവര്‍ അന്താരാഷ്ട്ര അംഗീകാരം നേടിയ നേതാവാണ് എന്നത് വാസ്തവമാണ്, ഇക്കുറി പ്രചാരണത്തിന്റെ ചുക്കാന്‍ ഫലത്തില്‍ അവരുടെ കൈയിലാണ്. ഗര്‍ഭഛിദ്ര വിഷയത്തില്‍ അവരുടെ നിലപാടിനു വ്യാപകമായി സ്ത്രീകളുടെ പിന്തുണയുണ്ട്.