വാഷിംഗ്ടൺ: വഴിയരികിൽ കൂടി നടക്കുന്നതിനിടെ വാഹനമിടിച്ച് അ മേരിക്കയിൽ കോമയിൽ തുടരുന്ന ഇന്ത്യൻ വിദ്യാർഥിനി നീലം ഷിൻഡെയുടെ കുടുംബത്തിന് വീസ അനുവദിച്ച് യുഎസ്. നീലം ഷിൻഡെയുടെ കുടുംബത്തിന് വീസ നൽകണമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അമേരിക്കയോട് അഭ്യർഥിച്ചിരുന്നു. ഇതു പരിഗണിച്ചാണു കുടുംബത്തിന് അടിയന്തരമായി വീസ അനുവദിച്ചിരിക്കുന്നത്. നീലം ഷിൻഡെയെ ഇടിച്ചിട്ട, വാഹനമോടിച്ചിരുന്ന 58 വയസുകാരൻ ലോറൻസ് ഗാലോയെ സ്കാരമെന്റോ (Sacramento) പൊലീസ് അറസ്‌റ്റ് ചെയ്തു.
ഫെബ്രുവരി 14ന് കലിഫോർണിയയിൽ വച്ചാണ് വാഹനമിടിച്ച് നീലം അപകടത്തിൽപ്പെടുന്നത്. ഗുരുതര പരുക്കുകളോടെ യുസി ഡേവിസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിക്ക് അടിയന്തരമായി മസ്തിഷ്ക ശസ്ത്രക്രിയ നടത്തിയിരുന്നു. നെഞ്ചിനും കൈക്കും കാലിനും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. നെഞ്ചിനേറ്റ പരുക്കാണ് യുവതി കോമയിലാകാൻ കാരണമെന്നാണു വിവരം.