പി പി ചെറിയാൻ
വാഷിംഗ്ടണ്‍ ഡി.സി: യൂറോപ്പില്‍ കോവിഡ് 19 വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ അമേരിക്കക്കാർ കരുതിയിരിക്കണമെന്നും, എന്നാല്‍ പരിഭ്രാന്തരാകരുതെന്നും അമേരിക്കന്‍ സര്‍ജന്‍ വിവേക്മൂര്‍ത്തി മുന്നറിയിപ്പു നല്‍കി.
യു.കെ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി തുടങ്ങി യൂറോപ്യന്‍ രാജ്യങ്ങളില്‍ പുതിയ BA2 കോവിഡ് 19 വേരിയന്റ് കേസുകള്‍ വര്‍ദ്ധിച്ചുവരുന്നു എന്നത് തള്ളികളയരുത്. അമേരിക്കയിലും ഇതു വ്യാപിക്കുന്നതിന് സാധ്യതയുണ്ടെന്നാണ് ആരോഗ്യ വിദഗ്ദര്‍ ചൂണ്ടികാണിച്ചിരിക്കുന്നത്.
കഴിഞ്ഞ രണ്ടുവര്‍ഷമായി അമേരിക്കയില്‍ പതിനായിരങ്ങളുടെ മരണത്തിനിടയാക്കിയ കോവിഡ് വ്യാപനത്തിന്റെ ശക്തി കുറഞ്ഞുവരികയാണ്. കര്‍ശനമായ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചും, വാക്‌സിനേഷനിലൂടെയും കോവിഡിനെ നിയന്ത്രിക്കുവാന്‍ കഴിഞ്ഞു. എന്നാല്‍ കോവിഡ് പൂര്‍ണ്ണമായി മാറി കഴിഞ്ഞുവെന്ന് തീരുമാനിക്കാറായിട്ടില്ല. അടുത്ത മാസങ്ങളില്‍ വ്യാപനം വര്‍ദ്ധിക്കുന്നതിനോ, കുറയുന്നതിനോ ഉള്ള സാധ്യതകള്‍ തള്ളികളയാനാകില്ല.
നമ്മുടെ ലക്ഷ്യം ആളുകളെ ആശുപത്രിയില്‍ നിന്നും അകററി നിര്‍ത്തുകയാണ്. അവരുടെ ജീവന്‍ രക്ഷിക്കുകയും വേണം. വാക്‌സിന്‍ ബൂസ്റ്റര്‍, ചികിത്സ എന്നിവയില്‍ നാം ശ്രദ്ധിക്കണം. ഇത്രയും കാര്യങ്ങള്‍ കൃത്യമായി ചെയ്താല്‍ കോവിഡ് വന്നാല്‍ പോലും അതിജീവിക്കുവാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വാരാന്ത്യം ആന്റണി ഫൗച്ചിയും കോവിഡ് വ്യാപന മുന്നറിയിപ്പു നല്‍കിയിരുന്നു.
ഇരുവരും മറ്റൊരു കോവിഡ് തരംഗത്തിനുളള സാധ്യതകളാണ് പ്രവചിച്ചിരിക്കുന്നത്.