എ.എസ് ശ്രീകുമാര്‍
മണ്ണിലും വിണ്ണിലും മനസിലും മായാഭൂവിലും വര്‍ണ്ണങ്ങളുടെ വിസ്മയം പടര്‍ത്തിക്കൊണ്ട് വീണ്ടും ഒരു ഹോളി. മറവികളുടെ കരിംപ്രതലങ്ങളെ നിറച്ചാര്‍ത്തണിയിച്ചുകൊണ്ട് സുഖസുന്ദര ഓര്‍മകളുടെയും സ്വപ്നങ്ങളുടെയും മഴവില്‍ വര്‍ണക്കാലം…ഇത്തവണത്തെ ഹോളി മാര്‍ച്ച് എട്ടാം തീയതിയാണ്…

വസന്തകാലത്തെ എതിരേല്‍ക്കാനായുള്ള ഉത്സവമാണ് ഹോളി. ഹോളി ആഘോഷത്തിന് ജാതിയുമില്ല മതവുമില്ല. ജാതിമതഭേദമന്യേ ഹോളി ആഘോഷിക്കും. ആഘോഷത്തില്‍ ആവേശംകൊണ്ട് നിറം തേക്കുന്നതിന് പിന്നിലും ചില അറിയേണ്ട സത്യമുണ്ട്. പരസ്പരം നിറം പുരട്ടുന്നത് ശത്രുതയില്ലാതാക്കുമെന്നൊരു വിശ്വാസമുണ്ട്.
ഹിന്ദു കലണ്ടറിലെ ഫല്‍ഗുന മാസത്തിലെ പൗര്‍ണമിയാണ് ഹോളിയായി ആഘോഷിക്കുന്നത്. പൂര്‍ണ ചന്ദ്രന്‍ ഉദിക്കുന്ന രാത്രിയില്‍ ഹോളി ആഘോഷങ്ങള്‍ തുടങ്ങുന്നു. പിറ്റേന്നാണ് യഥാര്‍ത്ഥ ഹോളിദിനം. ഫെബ്രുവരിയുടെ അവസാനമോ മാര്‍ച്ച് മാസത്തില്‍ ആദ്യമോ ആണ് ഹോളി ആഘോഷിച്ച് വരുന്നത്.
ഹൈന്ദവ വിശ്വാസത്തിന്റെ ഭാഗമാക്കി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും പല ആചാരങ്ങളോടെയാണ് ഹോളി ആഘോഷിക്കുന്നത്. ഹോളി പണ്ട് കര്‍ഷകരുടെ മാത്രം ദിനമായിരുന്നു. സമൃദ്ധമായി വിളവ് ലഭിക്കാനും ഫലഭൂയിഷ്ടമാക്കാനുമുള്ള ആഘോഷം. എന്നാല്‍ അത് പിന്നീട് ഹൈന്ദവ വിശ്വാസത്തിന്റെ ഭാഗമായി.
ഉത്തരേന്ത്യയിലാണ് പ്രധാനമായും ഹോളി ആഘോഷിച്ചുവരുന്നത്. ദക്ഷിണേന്ത്യയിലും ഇപ്പോള്‍ ഹോളി ആഘോഷിക്കുന്നുണ്ട്. ഗുജറാത്തികളും മാര്‍വാടികളും പഞ്ചാബികളുമാണ് ഹോളി ആഘോഷത്തിനു മുന്‍പന്തിയില്‍ നില്‍ക്കുന്നവരെങ്കിലും മുംബൈ, ഡല്‍ഹി പോലുള്ള നഗരങ്ങളില്‍ ഹോളി ആഘോഷിക്കാത്തവര്‍ തന്നെ ചുരുക്കമാണെന്നു പറയാം.
ഹോളിയുമായി ബന്ധപ്പെട്ട് ഒട്ടേറെ ഐതീഹ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഹിന്ദു പുരാണത്തിലുള്ള പ്രഹ്ലാദന്റെ കഥയാണ് ഹോളിയുടെ അടിസ്ഥാനം. വേറെയുമുണ്ട് കഥകള്‍. കൃഷ്ണനും രാധയും തമ്മിലുള്ള പ്രണയം, കാമദേവന്റെ ത്യാഗത്തിന്റെ കഥ എന്നിങ്ങനെ. ഹോളിയുടെ വിവിധ ആഘോഷങ്ങളുമായി ഒരോ കഥയ്ക്കും ബന്ധമുണ്ടുതാനും. എങ്കിലും കൂടുതല്‍ പേരും ഹോളിയുടെ കഥ പ്രഹ്ലാദനുമായി ബന്ധപ്പെട്ടുള്ളതാണെന്നു വിശ്വസിക്കുന്നു. പ്രഹ്ലാദന്റെ പിതാവ് ഹിരണ്യകശ്യപുവിന്റെ സഹോദരിയാണു ഹോളിഗയില്‍ നിന്നാണ് ഹോളി എന്ന പേരു തന്നെ കിട്ടിയതത്രേ.
ഹിരണ്യകശ്യപുവിന്റെ സഹോദരിയായിരുന്നു ഹോളിഗ. മൂന്നു ലോകങ്ങളും കീഴടക്കിയ ഹിരണ്യകശ്യപു അഹങ്കാരം കൊണ്ട് മതിമറന്ന് ഭഗവാന്‍ വിഷ്ണുവിനെ വരെ തനിക്കു കീഴടക്കാനാകുമെന്നു വിശ്വസിച്ചു. ആരും വിഷ്ണുവിനെ ആരാധിക്കരുതെന്നും മൂന്നു ലോകത്തിലുമുള്ള സകലരും തന്നെ ആരാധിക്കണമെന്നും ഹിരണ്യകശ്യപു ഉത്തരവിട്ടു.
എന്നാല്‍ തന്റെ അഞ്ചുവയസുകാരനായ മകന്‍ പ്രഹ്ലാദനെ മാത്രം അയാള്‍ക്കു ഭയപ്പെടുത്താനായില്ല. തികഞ്ഞ ഈശ്വരവിശ്വാസിയായിരുന്നു പ്രഹ്ലാദന്‍. വിഷ്ണുവിന്റെ ഉത്തമഭക്തന്‍. അച്ഛന്റെ ആജ്ഞയെ ധിക്കരിച്ച് പ്രഹ്ലാദന്‍ വിഷ്ണുവിനെ ആരാധിച്ചുകൊണ്ടിരുന്നു. തുടര്‍ന്നു പ്രഹ്ലാദനെ വധിക്കാന്‍ ഹിരണ്യകശ്യപു ഉത്തരവിട്ടു. എന്നാല്‍ വിഷ്ണുവിന്റെ ശക്തിയാല്‍ ആര്‍ക്കും പ്രഹ്ലാദനെ ഒന്നും ചെയ്യാനായില്ല.
ഒടുവില്‍, ഹിരണ്യകശ്യപു തന്റെ സഹോദരി ഹോളിഗയുടെ സഹായം അഭ്യര്‍ഥിച്ചു. അഗ്‌നിദേവന്‍ സമ്മാനിച്ച വസ്ത്രമണിഞ്ഞാല്‍ അഗ്‌നിക്കിരയാകില്ലെന്ന വരം ഹോളിഗയ്ക്കു കിട്ടിയിരുന്നു. അവര്‍ പ്രഹ്ലാദനെയും കൈകളിലെടുത്തു അഗ്‌നിയിലേക്കിറങ്ങി. എന്നാല്‍, ഒറ്റയ്ക്കു തീയിലിറങ്ങിയാല്‍ മാത്രമേ വരത്തിനു ശക്തിയുണ്ടാവൂ എന്നവര്‍ മനസിലാക്കിരുന്നില്ല.
വിഷ്ണുവിന്റെ അനുഗ്രഹത്താല്‍ പ്രഹ്ലാദന്‍ പൊള്ളല്‍ ഒട്ടും ഏല്‍ക്കാതെ രക്ഷപ്പെട്ടു. ഹോളിഗ തീയില്‍ വെന്തുമരിക്കുകയും ചെയ്തു. ഹിരണ്യകശ്യപുവിനെ പിന്നീട് വിഷ്ണുവിന്റെ അവതാരമായ നരസിംഹം കൊലപ്പെടുത്തി. തിന്മയുടെ മേല്‍ നന്മ വിജയം നേടിയത് ആഘോഷിക്കാന്‍ ഹോളിയുമായി ബന്ധപ്പെട്ടു ഹോളിഗയെ കത്തിക്കുന്ന ചടങ്ങുണ്ട്. ഹോളിയുടെ തലേന്നു രാത്രിയാണ് ഈ ചടങ്ങ്.

പരമശിവനുമായി ബന്ധപ്പെട്ടാണ് ഹോളിയുടെ മറ്റൊരു പുരാണമുള്ളത്. ബ്രഹ്‌മാവിന്റെ മകന്‍ ദക്ഷന്റെ മകള്‍ സതി ശിവന്റെ ഭാര്യയായിരുന്നു. ഒരിക്കല്‍ ദക്ഷന്‍ തന്റെ കൊട്ടാരത്തില്‍ വലിയ യാഗം നടത്തി. ശിവനെയും സതിയെയും മാത്രം ക്ഷണിക്കാതെയായിരുന്നു യാഗം. എന്നാല്‍ സതി ദേവി ശിവന്റെ നിര്‍ദ്ദേശം നിരസിച്ച് യക്ഷന്റെ കൊട്ടാരത്തിലെ യാഗത്തില്‍ പങ്കെടുക്കാന്‍ പോയി. അവിടെ വെച്ച് തന്റെ ഭര്‍ത്താവിനെ അപമാനിക്കുന്നതായി തോന്നിയ സതി മനംനൊന്ത് യാഗാഗ്‌നിയില്‍ ചാടി മരിച്ചു. ഇതറിഞ്ഞ ശിവന്‍ കോപത്താല്‍ വിറച്ച് തന്റെ ഭൂതഗണങ്ങളെ അയച്ച് യാഗവേദി മുഴുവന്‍ നശിപ്പിച്ചു.
കോപം തീരാന്‍ ശിവന്‍ കഠിന തപസ് ആരംഭിച്ചു. ആ തപ ശക്തിയില്‍ ലോകം മുഴുവന്‍ നശിക്കുമെന്ന് മനസിലാക്കിയ ദേവന്മാര്‍ കാമദേവനെ സമീപിച്ച് ശിവന്റെ തപസ് മുടക്കാന്‍ തീരനുമാനിച്ചു. ശിവന്‍ തപസ് നടത്തുന്നിടത്ത് എത്തി കാമദേവന്‍ കാമാസ്ത്രം ശിവന്റെ നേരെ തൊടുത്തു. ക്ഷുഭിതനായ ശിവന്‍ തന്റെ തൃക്കണ്ണ് തുറന്ന് കാമദേവനെ ഭസ്മമാക്കി.
പിന്നീട് തെറ്റ് മനസിലാക്കിയ ശിവന്‍ കാമദേവന് അനശ്വരത്വം നല്‍കുകെയും ചെയ്തു. ലോകരക്ഷയ്ക്ക് വേണ്ടി തന്റെ ജീവിതം സമര്‍പ്പിച്ച കാമദേവന്റെ സ്മരണയില്‍ ഹോളിയുടെ നിരവധി ആചാരങ്ങളുണ്ട്. ഹോളിയുടെ രൂപം മാറി ഹോളി ആഘോഷങ്ങള്‍ മദനോത്സവ രൂപത്തിലും കൊണ്ടാടാന്‍ തുടങ്ങി. ഗ്രാമങ്ങളിലും നഗരങ്ങളിലുമുള്ള ആളുകള്‍ ഒരു സ്ഥലത്ത് ഒത്തുകൂടി കാമദേവ പൂജ നടത്തുന്നു. പൂജയ്ക്ക് ശേഷം ഡാന്‍സും പാട്ടുമൊക്കെയായി ഒരു ആഘോഷം.
ശ്രീകൃഷ്ണനും അമ്പാടി ഗോപസ്ത്രീയായ രാധയുമായി ബന്ധപ്പെട്ടാണ് ഹോളിയുടെ മറ്റൊരു കഥ. ബാലനായ കൃഷ്ണന്‍ തനിക്കു മാത്രം കാര്‍മേഘത്തിന്റെ നിറം എങ്ങനെ ലഭിച്ചുവെന്നു വളര്‍ത്തമ്മയായ യശോദയോടു ചോദിച്ചു. രാധയും മറ്റു ഗോപസ്ത്രീകളും വെളുത്തു സുന്ദരികളായി ഇരിക്കുന്നതെന്തു കൊണ്ടാണെന്നായിരുന്നു കൃഷ്ണന് അറിയേണ്ടത്. യശോദ കൃഷ്ണനു ഒരു ഉപായം പറഞ്ഞുകൊടുത്തു. രാധയുടെ ദേഹത്ത് കൃഷ്ണനു ഇഷ്ടമുള്ള നിറങ്ങള്‍ കലക്കിയൊഴിക്കുക എന്നതായിരുന്നു അത്. കൃഷ്ണന്‍ അങ്ങനെ ചെയ്തു. ഹോളിയില്‍ നിറങ്ങള്‍ വാരിവിതറുന്നത് കൃഷ്ണന്റെ ഈ കഥയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് വിശ്വാസം.
കാലാന്തരത്തില്‍ ഈ ആഘോഷം മദനോത്സവരൂപത്തില്‍ കൊണ്ടാടാന്‍ തുടങ്ങി. ഗ്രാമങ്ങളിലും നഗരങ്ങളിലും ഉള്ള ആളുകള്‍ ഒരുസ്ഥലത്ത് ഒത്തുകൂടി കാമദേവ പൂജ നടത്തുന്നു. പൂജയ്ക്ക് ശേഷം എല്ലാവരും സംഗീതം, നൃത്തം, കളിതമാശകള്‍ എന്നിവയിലൂടെ പരസ്പരം രസിക്കുന്നു.
സ്ത്രീകള്‍ പുരുഷന്മാരുടെ പുറത്ത് പീച്ചാംകുഴലിലൂടെ നിറം കലക്കിയ വെള്ളം തെറിപ്പിക്കുകയും പുരുഷന്മമര്‍ സ്ത്രീകളുടെ കവിളില്‍ പലനിറത്തില്‍ ഉള്ള വര്‍ണ്ണപൊടികള്‍ വാരിപ്പൂശുന്നു. നര്‍ത്തകര്‍ കൃഷ്ണന്റെയും ഗോപികമാരുടെയും വേഷഭൂഷാദികള്‍ അണിഞ്ഞ് നൃത്തം ചെയ്യുന്നു.
ഹോളി ആഘോഷക്കാലത്ത് പൊതുവെ ഉണ്ടാക്കാറുള്ള ഒരു പരമ്പരാഗത പലഹാരമാണ് ഗുജിയ. പാനിയമാണ് താന്‍ണ്ടൈ. എല്ലാ വീടുകളിലും വീട്ടമ്മമാര്‍ ഗുജിയയും താന്‍ണ്ടൈയും അത് പോലുള്ള മറ്റ് വിഭവങ്ങളും ഒരുക്കുന്നു. ഏതായാലും ഹോളിയില്‍ നിറമെത്ര കൂടിപ്പോയാലും ആര്‍ക്കും പരാതിയുണ്ടാകാറില്ല.
ഓരോ ഹോളി ആഘോഷം കഴിഞ്ഞുപോകുമ്പോഴും ആഘോഷങ്ങളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകള്‍ക്ക് ചാകരയാണ്. മുമ്പ് ആഘോഷങ്ങള്‍ക്ക് വേണ്ടിയുള്ള ആഘോഷമായിരുന്നെങ്കില്‍ ഇന്ന് പലര്‍ക്കും ആഘോഷങ്ങള്‍ സോഷ്യല്‍ മീഡിയയ്ക്ക് വേണ്ടിയാണ്. സിനിമാ താരങ്ങളായാലും സെലിബ്രിറ്റികളായും ഹോളി ആഘോഷവും കളര്‍ഫുള്‍ പടങ്ങളും അപ്പോള്‍ തന്നെ നെറ്റിലെത്തും.
ഹാപ്പി ‘ഹോളി’…ഡേ…