Friday, November 22, 2024

HomeAmericaകെ.സി.സി.എന്‍.എയുടെ പുതിയ ഭാരവാഹികള്‍ക്ക് ആശംസകള്‍

കെ.സി.സി.എന്‍.എയുടെ പുതിയ ഭാരവാഹികള്‍ക്ക് ആശംസകള്‍

spot_img
spot_img

സൈമണ്‍ വളാച്ചേരില്‍ (ചീഫ് എഡിറ്റര്‍), രാജേഷ് വര്‍ഗീസ് (ചെയര്‍മാന്‍)

അമേരിക്കയിലെ ക്‌നാനായ സംഘടനകളുടെ ഫെഡറേഷനായ ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (കെ.സി.സി.എന്‍.എ) പുതിയ പ്രസിഡന്റായി ചിക്കാഗോയില്‍ നിന്നുള്ള ഷാജി എടാട്ട് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. അദ്ദേഹത്തോടൊപ്പം സംഘടനയുടെയുടെ അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള (2023-2025) ഭാരവാഹികളും ചുമതലയേല്‍ക്കുകയാണ്.

ഷാജി എടാട്ടിന്റെ നേതൃത്വത്തിലുള്ള ടീം യുണൈറ്റഡാണ് തിരഞ്ഞെടുക്കപ്പെട്ടത്. ജിപ്‌സണ്‍ പുറയംപള്ളില്‍ (എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്), അജീഷ് പോത്തന്‍ താമരാത്ത് (ജനറല്‍ സെക്രട്ടറി), ജോബിന്‍ കക്കാട്ടില്‍ (ജോയിന്റ് സെക്രട്ടറി), സാമോന്‍ പല്ലാട്ടുമഠം (ട്രഷറര്‍), യൂത്ത് നോമിനി ഫിനു തൂമ്പനാല്‍ (വൈസ് പ്രസിഡന്റ്), വുമണ്‍ നോമിനി നവോമി മരിയ മാന്തുരുത്തില്‍ (ജോയിന്റ് ട്രഷറര്‍) എന്നിവരാണ് പുതിയ ഭാരവാഹികള്‍.

നേര്‍ത്ത് അമേരിക്കയില്‍ ഏറ്റവുമധികം അംഗങ്ങളെ പ്രതിനിധാനം ചെയ്യുന്ന പ്രബലമായ സാമുദായിക സംഘടനയാണ് കെ.സി.സി.എന്‍.എ. 1996 ല്‍ ചിക്കാഗോയില്‍ നടന്ന രണ്ടാമത് കെ.സി.സി.എന്‍.എ കണ്‍വന്‍ഷന്റെ ഫൈനാന്‍സ് ചെയര്‍മാന്‍, മലയാളി എന്‍ജിനീയേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ്, ചിക്കാഗോ ക്‌നാനായ കാത്തലിക് സൊസൈറ്റി പ്രസിഡന്റ് തുടങ്ങിയ വിവിധ നിലകളില്‍ കഴിവു തെളിയിച്ചിട്ടുള്ള വ്യക്തിയാണ് ഷാജി എടാട്ട്.

ഹോഫ്മാന്‍ എസ്റ്റേറ്റില്‍ ഏഴ് ഏക്കര്‍ സ്ഥലം ക്‌നാനായ കമ്മ്യൂണിറ്റിക്ക് വേണ്ടി വാങ്ങുവാന്‍ ഷാജി എടാട്ട് നേതൃത്വം നല്‍കിയത് ഇത്തരുണത്തില്‍ സ്മരണീയം. നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും കൂടുതല്‍ വിശ്വാസികള്‍ എത്തുന്ന ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായാ ദേവാലയത്തിന്റെ സ്ഥാപനത്തിലും മുഖ്യ പങ്കു വഹിച്ചിട്ടുണ്ട്.

കെ.സി.സി.എന്‍.എയെ സംബന്ധിച്ചിടത്തേളം നിസ്വാര്‍ത്ഥരും അര്‍പ്പണ ബോധമുള്ളവരും സര്‍വോപരി വിശ്വാസ പ്രബുദ്ധതയുള്ളവരുടേതുമായ ഒരു ഭരണ സമിതി രൂപീകരിക്കപ്പെടണമെന്നുള്ള ആഗ്രഹം നിലനില്‍ക്കുന്ന സാഹചര്യത്തിലായിരുന്നു മാര്‍ച്ച് 18-ന് ശനിയാഴ്ച സാന്‍ഹൊസെയില്‍ തെരെഞ്ഞെടുപ്പ് നടന്നത്.

നോര്‍ത്ത് അമേരിക്കയിലെ ക്‌നാനായ സമൂഹത്തെ, തങ്ങളുടെ വിശ്വാസ പ്രമാണങ്ങളിലൂന്നിക്കൊണ്ട് ഒട്ടും വ്യതിചലിക്കാതെ ശരിയായ മാര്‍ഗത്തിലേയ്ക്ക് നയിക്കുക എന്ന ഭാരിച്ച ഉത്തരവാദിത്വമാണ് ഷാജി എടാട്ടിന്റെ ടീമില്‍ നിക്ഷിപ്തമായിരിക്കുന്നത്. നിലവിലുള്ള ഭരണ സമിതിയുടെ പ്രവര്‍ത്തനങ്ങളും ശ്ലാഘനീയമാണ്.

പൗരാണികവും തനിമയാര്‍ന്നതുമായ ഒട്ടനവധി ആചാരാനുഷ്ഠാനങ്ങള്‍ മുറതെറ്റാതെ ആഘോഷ പൊലിമയോടെതന്നെ നിലനിര്‍ത്തിപ്പോരുന്ന കാനാനായ സമൂഹത്തിന്റെ ശോഭനമായ ഭാവി, കാലോചിതമായ വളര്‍ച്ചയും വികാസവും, വിശ്വാസത്തിലധിഷ്ഠിതമായ മാര്‍ഗദര്‍ശനം എന്നിവയടങ്ങിയ ഒരു കര്‍മപരിപാടി രൂപപ്പെടുത്തി പാളിച്ചകളില്ലാതെ, തീര്‍ത്തും സാമുദായിക മുഖത്തോടെ നടപ്പാക്കേണ്ട കാലഘട്ടമാണിത്. കാരണം ഈ സമഹം പലവിധ പ്രതിസന്ധികള്‍ നേരിടുന്നുവെന്നത് തര്‍ക്കമറ്റ സംഗതിയാണ്.

എ.ഡി നാലാം നൂറ്റാണ്ടില്‍ ക്‌നായിതോമായുടെ നേതൃത്വത്തില്‍ പേര്‍ഷ്യന്‍ സാമ്രാജ്യത്തിലെ ക്‌നായി എന്ന സ്ഥലത്തുനിന്നും കേരളത്തിലേയ്ക്ക് കുടിയേറിപാര്‍ത്ത ക്രൈസ്തവ കുടുംബങ്ങളുടെ പിന്‍മുറക്കാരായ ക്‌നാനായ വിശ്വാസികളുടെ നാനാവിധത്തിലുള്ള പ്രശ്‌നങ്ങള്‍ കാലോചിതമായിത്തന്നെ പരിഹരിക്കപ്പെടേണ്ടതുണ്ട്.

കത്തോലിക്കാ വിശ്വസത്തിലധിഷ്ഠിതമായി സമുദായ സ്‌നേഹികളായ പൂര്‍വികര്‍ നിരന്തരമായ സഹനത്തിലൂടെയും ത്യാഗത്തിലൂടെയും പരിപാലിച്ച വേറിട്ട തനിമയും ഈടുറ്റ പാരമ്പര്യവും ഇപ്പോള്‍ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യം നിലവിലുണ്ടെന്നുല്‌ളത് ഏവര്‍ക്കും അറിയാവുന്ന കാര്യമാണ്. ആഗോള തലത്തില്‍ ക്‌നാനായ സമൂഹം നേരിടുന്ന പ്രശ്‌നങ്ങള്‍ക്കും തീരാ പരാതികള്‍ക്കും രമ്യമായ പരിഹാരം കാണാന്‍ പുതിയ ഭരണ സമിതിക്ക് കഴിയട്ടെയെ.

അതുപോലെ തന്നെ കെ.സി.വൈ.എല്‍, കെ.വൈ.എ.എ, യുവജനവേദി, വിമന്‍സ് ഫോറം തുടങ്ങിയ, കെ.സി.സി.എന്‍.എയുടെ ശക്തമായ തൂണുകളായ പോഷക സംഘടനകളുടെ പ്രവര്‍ത്തനങ്ങളും പൂര്‍വാധികം ശക്തമായി മുന്നോട്ടുകൊണ്ടുപോകാന്‍ ഷാജി എടാട്ടിന്റെ ടീമിന് സാധിക്കുമെന്ന പ്രത്യാശയുണ്ട്.

ക്‌നാനായ സമൂഹം അഭിമുഖീകരിക്കുന്ന സാമൂഹികവും സാമുദായികവും വ്യക്തിപരവുമായ പ്രശ്‌നങ്ങള്‍ അനവധിയാണ്. കുടുംബം, ജോലി, കുട്ടികളുടെ വിദ്യാഭ്യാസം, യുവജനങ്ങളുടെ ജോലിസംബന്ധവും വിവാഹ സംബന്ധവുമായ കാര്യങ്ങള്‍, മുതിര്‍ന്നവരുടെ റിട്ടയര്‍മെന്റ്, പ്രായമായ മാതാപിതാക്കളുടെ ആരോഗ്യ സംരക്ഷണം തുടങ്ങിയവയൊക്കെ അലോസരപ്പെടുത്തുന്ന കാര്യങ്ങളാണ്.

ഉല്‍കൃഷ്ഠമായ ഒരേ പാരമ്പര്യവും പൈതൃകവും പേറുന്ന ജനത എന്ന നിലയില്‍ ഇക്കാര്യങ്ങളിലെല്ലാം നേതൃത്വത്തിന്റെ ഊഷ്മളവും ഉത്തരവാദിത്വപൂര്‍ണവും സമയോചിതവുമായ ഇടപെടലുകള്‍ ഉണ്ടാവുമെന്ന് കരുതുന്നു.

ഷാജി എടാട്ടിനും അദ്ദേഹത്തിന്റെ അഭിമാന ടീമിനും ‘നേര്‍കാഴ്ച’യുടെ ആശംസകള്‍…

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments