Sunday, September 8, 2024

HomeAmericaഈ വനിതാ ചരിത്ര മാസത്തില്‍ വേഷങ്ങളിലെ സ്ത്രീയെ അറിയാം

ഈ വനിതാ ചരിത്ര മാസത്തില്‍ വേഷങ്ങളിലെ സ്ത്രീയെ അറിയാം

spot_img
spot_img

ഒരൊറ്റ ജീവിതം…ഒരുപാട് വേഷങ്ങള്‍…കുടുംബത്തിലും തൊഴിലിടത്തിലും സമൂഹത്തിലും അങ്ങനെ എല്ലാ മേഖലകളിലും പടരുന്ന നിസ്തുല പ്രവര്‍ത്തനം. എല്ലാ മുഹൂര്‍ത്തങ്ങളും ജീവിച്ച് അവള്‍ മനോഹരമാക്കുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഭൂമിയില്‍ സ്ത്രീയുടെ പങ്ക് എന്താണ്..? വിജയകരമായ പ്രൊഫഷണലാകണോ അതോ ഒരു രാജ്യത്തിന്റെ പ്രമുഖ നേതാവാണോ..? അതോ വിവാഹം കഴിക്കുകയും കുഞ്ഞുങ്ങളുണ്ടാവുകയും മാത്രമാണോ..? പല വേഷങ്ങളും ഒരുപോലെ സുന്ദരമാക്കാന്‍ കഴിയുമെന്നതാണ് സ്ത്രീ ജീവിതത്തിന്റെ പ്രത്യേകത. എന്നാല്‍ ഇതത്ര എളുപ്പവുമല്ല, സ്വന്തം ജീവിതത്തിനോട് പരിധിയിലധികം വിട്ടുവീഴ്ചകള്‍ ചെയ്തുകൊണ്ടാണ് ഓരോ സ്ത്രീയും ജീവിതത്തിലുടനീളം വേഷങ്ങള്‍ പകര്‍ന്നാടുന്നത്. അടുത്തമാസം വനിതാ ചരിത്രമാസമാണ്. വനിതകളുടെ വേഷപ്പകര്‍ച്ചകളെപ്പറ്റിയാണിവിടെ പ്രതിപാദിക്കുന്നത്.

മകള്‍
ഒരു സ്ത്രീയുടെ ആദ്യ വേഷം മകളാണ്. മാതാപിതാക്കളുടെ ജീവിതത്തിന് ഒരു പുതിയ അര്‍ത്ഥം കൊണ്ടുവരുന്ന, ഒരു നനുത്ത പുഷ്പം പോലെ മനോഹരമായ വേഷം. മകള്‍ ജനിക്കുമ്പോള്‍ മാതാപിതാക്കളുടെ സ്വപ്നങ്ങളും ജീവിത കാഴച്ചപ്പാടുകളുമെല്ലാം മാറി മറിയും. അവളെ ചുറ്റിപ്പറ്റിയാകും ജീവിതം. പലപ്പോഴും ഒരു ആണ്‍കുഞ്ഞിനേക്കാള്‍ മനോഹര നിമിഷങ്ങള്‍ നല്‍കാന്‍ ഒരു പെണ്‍കുട്ടിയ്ക്ക് കഴിയും എന്നാണ് പൊതുവേ കരുതുന്നത്.

സഹോദരി
ഒരു സഹോദരിയെന്ന നിലയില്‍, ഒരു സ്ത്രീ തന്റെ സഹോദരങ്ങള്‍ക്ക് സ്‌നേഹവും കരുതലും നല്‍കുന്നു. ഒരു സ്ത്രീയുടെ ഭാഗമായി വരുന്ന ജന്മസിദ്ധമായ സ്വഭാവങ്ങളാണിവ. ഒരു നല്ല സുഹൃത്തായും വിശ്വസ്തയായും ഒരു സഹോദരി ഉണ്ടായിരിക്കുക എന്നത് ഏതൊരു സഹോദരനെയും സംബന്ധിച്ചിടത്തോളം വളരെ അനുഗ്രഹീതമാണ്.

സുഹൃത്ത്
ഒരു സ്ത്രീയുടെ ശരീരം പുരുഷനെക്കാള്‍ കൂടുതല്‍ സെന്‍സിറ്റീവും വൈകാരികവുമാണ്. ഒരു മികച്ച സ്ത്രീ സുഹൃത്തുണ്ടെങ്കില്‍ ജീവിതത്തിലെ ഏതൊരു സാഹചര്യത്തിലും അനുകമ്പയോടെ സംവദിക്കാനും വിശകലനം ചെയ്യാനുമുള്ള കഴിവ് നിങ്ങളെ പ്രതിസന്ധികളില്‍ നിന്ന് സംരക്ഷിക്കാന്‍ മതിയാകും. ജീവിതത്തിലെ ഏതൊരു സാഹചര്യത്തിലും കൂടെ നില്‍ക്കാന്‍ ഒരു സ്ത്രീ സുഹൃത്ത് ഉണ്ടായിരിക്കുന്നത് ഏറ്റവും മികച്ച കാര്യമാണ്.

ഭാര്യ
ഒരു പുരുഷന്‍ സ്ത്രീയെ ജീവിതത്തിലേക്ക് കൈപിടിച്ച് കൊണ്ടുവരുമ്പോള്‍, തന്റെ ജീവിതം സന്തോഷകരമാക്കാന്‍ പോകുന്ന ഒരു പങ്കാളിയെയാണ് അവന്‍ പ്രതീക്ഷിക്കുന്നത്. എപ്പോഴും ഭാര്യയില്‍ നിന്ന് സന്തോഷവും കരുതലും മാത്രം പ്രതീക്ഷിക്കുന്നു. എന്നാല്‍ അങ്ങനെ ചെയ്യുമ്പോള്‍, പലപ്പോഴും ഭാര്യയുടെ സ്വന്തം സ്വപ്നങ്ങള്‍ ബലികഴിക്കപ്പെടും, എങ്കിലും പുരുഷന്റെ നല്ലതിനായി പരാതികള്‍ പോലും പറയാതെ കൂടെ നില്‍ക്കാന്‍ ഭാര്യയ്ക്കാകും.

മരുമകള്‍
വിവാഹ ജീവിതത്തോടൊപ്പം, ഒരു പുതിയ സ്ഥാനം കൂടി വരും, മരുമകള്‍. സ്വന്തം മാതാപിതാക്കള്‍ക്ക് പുറമേ ഭര്‍ത്താവിന്റെ മാതാപിതാക്കളെ കൂടി ആ സ്ഥാനത്ത് പരിഗണിക്കാന്‍ സ്ത്രീക്ക് മാത്രമേ കഴിയൂ. സ്‌നേഹത്തോടെയും അനുകമ്പയോടെയും അവള്‍ ആ സ്ഥാനവും ഏറ്റെടുക്കുന്നു. അവള്‍ ഒരു പടി മുന്നോട്ട് പോയി അവരെ സ്വന്തം മാതാപിതാക്കളായി സ്വീകരിച്ച് അവരുടെ ആവശ്യങ്ങള്‍ നിറവേറ്റുകയും കൂടെ നില്‍ക്കുകയും ചെയ്യുന്നു.

അമ്മ
ഒരു സ്ത്രീ അമ്മയാകുമ്പോള്‍, അവള്‍ സ്വന്തം മക്കളുടെ രൂപത്തില്‍ ഒരു പുതിയ ജന്മം എടുക്കുന്നു. ഒരു പുതിയ ജീവിതം കാണാന്‍ തുടങ്ങുന്നു. ഉപദേഷ്ടാവും സുഹൃത്തും തത്ത്വചിന്തകനും വഴികാട്ടിയുമായി കുഞ്ഞിനൊപ്പം ഒരു തവണ കൂടി വളരുന്നു. ഒരു കുഞ്ഞിനൊപ്പം നിന്ന് പരിചരിക്കുന്നത് അത്ര സിമ്പിള്‍ ആയ കാര്യമല്ല, എന്നാല്‍ ഓരോ സ്ത്രീയും അമ്മയാകുമ്പോള്‍ എല്ലാ കഴിവുകളും ഒരുമിച്ച് വരികയും എല്ലാ ചുമതലകളും വളരെ ഭംഗിയായി പൂര്‍ത്തിയാക്കുകയും ചെയ്യും.
പ്രൊഫഷണല്‍
ഇക്കാലത്ത്, വിദ്യാഭ്യാസം സാധാരണവും ജോലി അത്യന്താപേക്ഷിതവുമായപ്പോള്‍ സ്ത്രീകള്‍ ഉത്സാഹത്തോടുകൂടി പ്രൊഫഷണല്‍ ലോകത്ത് തങ്ങളുടെ സാന്നിധ്യം അറിയിക്കുന്നു. സംരംഭകര്‍, ബിസിനസ്സ് വനിതകള്‍, സിഇഒമാര്‍, ഉന്നത പ്രൊഫഷണലുകള്‍, ഉയര്‍ന്ന പോസ്റ്റുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങി വ്യത്യസ്തമായ മേഖലകളില്‍ സ്ത്രീകള്‍ തിളങ്ങി നില്‍ക്കുന്നു.

അമ്മായിയമ്മ
ജീവിതത്തിലെ ആദ്യ ഘട്ടങ്ങളിലെല്ലാം തന്റെ ഭാഗം ഭംഗിയാക്കിയ ശേഷം പിന്നീട് വരുന്ന ഘട്ടമാണിത്. ഒരിക്കല്‍ വധുവായി കയറിവന്ന വീട്ടിലേക്ക് മകന്റെ ഭാര്യയെ സ്വീകരിക്കാന്‍ മുന്നിട്ട് നില്‍ക്കേണ്ടതും ഇതേ സ്ത്രീയാണ്. സ്ഥലം മാറിയില്ലെങ്കിലും സാഹചര്യവും വേഷവും കാലത്തിനൊപ്പം മാറി. ആ വേഷവും മനോഹരമായി നിര്‍വഹിക്കാന്‍ സ്ത്രീകള്‍ക്ക് കഴിയും.

മുത്തശ്ശി
പ്രായമാകുമ്പോള്‍, കുടുംബത്തിലെ ഏറ്റവും പുതിയ പേരക്കുട്ടികള്‍ക്ക് മുത്തശ്ശിയാകാനുള്ളതാണ് പുതിയ വേഷം. അമ്മൂമ്മയുടെ കഥകള്‍ കേട്ട്, അവള്‍ നമുക്കായി ഒരുക്കുന്ന സ്വാദിഷ്ടമായ പലഹാരങ്ങള്‍ കഴിച്ചുകൊണ്ട്, അമ്മൂമ്മയോട് ചേര്‍ന്ന് ചിലവഴിച്ച നിമിഷങ്ങള്‍ എന്നും ഓരോരുത്തരുടെയും മനസ്സില്‍ തങ്ങിനില്‍ക്കുന്നുണ്ടാകും. കഥകള്‍ പറയുക എന്നത് മാത്രമല്ല, ഓരോ കുട്ടിയേയും സര്‍ഗാത്മകമാക്കുന്ന ആദ്യ പാഠങ്ങള്‍ പകരുന്നത് മുത്തശ്ശിയാണ്.

വനിതാ ചരിത്ര മാസം
സ്ത്രീകള്‍ ചരിത്രത്തിലും സമകാലീന സമൂഹത്തിലും ചെയ്തിട്ടുള്ള സംഭാവനകള്‍ ഉയര്‍ത്തിക്കാട്ടുന്നതിനു വേണ്ടി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള മാസാചരണമാണ് വനിതാ ചരിത്ര മാസം. അമേരിക്കന്‍ ഐക്യനാടുകളിലും ഇംഗ്ലണ്ടിലും ഓസ്‌ത്രേലിയയിലും മാര്‍ച്ച് എട്ടാം തീയതിയിലെ അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് മാര്‍ച്ച് മാസത്തിലും കാനഡയില്‍ ‘പേര്‍സന്‍സ് ഡേ’ ആഘോഷങ്ങളോടനുബന്ധിച്ച് ഒക്ടോബറിലും ആണ് വനിതാ ചരിത്ര മാസം ആചരിക്കാറ്.

1911ല്‍ അന്താരാഷ്ട്ര വനിതാ ദിനം ആചരിക്കാന്‍ ആരംഭിച്ചതോടെ തന്നെ അമേരിക്കയില്‍ വനിതാ ചരിത്ര വാരത്തിന്റെ ചരിത്രവും തുടങ്ങുന്നു. 1978ല്‍ മാര്‍ച്ച് എട്ടിനോടനുബന്ധിച്ച് ഒരു വനിതാ ചരിത്ര വാരം കാലിഫോര്‍ണിയയിലെ സോണോമ കൗണ്ടിയില്‍ ആചരിക്കപ്പെട്ടു. സ്ത്രീകളുടെ ചരിത്രത്തെക്കുറിച്ചുള്ള 15 ദിവസത്തെ സമ്മേളനം 1979ല്‍ ഗെര്‍ഡ ലെര്‍ണറുടെ അദ്ധ്യക്ഷതയില്‍ സാറാ ലോറന്‍സ് കോളേജില്‍ വെച്ച് നടക്കുകയുണ്ടായി.

ഇത് സാറാ ലോറന്‍സ് കോളേജ്, വിമെന്‍സ് ആക്ഷന്‍ അലയന്‍സ്, സ്മിത്ത് സോണിയന്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ എന്നിവ ചേര്‍ന്നാണ് നടത്തിയത്. സോണോമ കൗണ്ടിയിലെ വനിതാ ചരിത്ര വാരാഘോഷത്തിന്റെ വിജയത്തെക്കുറിച്ച് അറിഞ്ഞ അംഗങ്ങള്‍ അവരവരുടെ സ്ഥാപനങ്ങളിലും സമൂഹങ്ങളിലും സമാനമായ ആഘോഷങ്ങള്‍ ആരംഭിക്കാന്‍ തീരുമാനിച്ചു. ദേശീയവനിതാ ചരിത്ര വാരത്തിനു വേണ്ടിയുള്ള ശ്രമങ്ങളെ പിന്താങ്ങാനും അവര്‍ തീരുമാനത്തിലെത്തി.

1980 ഫെബ്രുവരിയില്‍ പ്രസിഡന്റ് ജിമ്മി കാര്‍ട്ടര്‍ 1980 മാര്‍ച്ച് 8 ന്റെ ആഴ്ച ദേശീയ വനിതാ ചരിത്ര വാരമായി പ്രഖ്യാപിച്ചു. ആ പ്രഖ്യാപനത്തിന്റെ പ്രസകത ഭാഗങ്ങള്‍ ഇതാണ്…

”നമ്മുടെ തീരങ്ങളില്‍ വന്ന ആദ്യ കുടിയേറ്റക്കാരും അവരുമായി സൗഹാര്‍ദ്ദത്തിലായ ആദ്യത്തെ അമേരിക്കന്‍ ഇന്ത്യന്‍ കുടുംബവും മുതല്‍, ഈ രാജ്യം നിര്‍മ്മിക്കാന്‍ സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. മിക്കപ്പോഴും സ്ത്രീകളുടെ സംഭാവനകള്‍ ശ്രദ്ധിക്കപ്പെടാതെ പോയി. പക്ഷേ അമേരിക്ക കെട്ടിപ്പടുത്ത സ്ത്രീകളുടെ നേട്ടങ്ങളും നേതൃത്വവും ധൈര്യവും ശക്തിയും സ്‌നേഹവുമൊക്കെ അവരോടൊപ്പം പ്രവര്‍ത്തിച്ച, ഇന്നു നമുക്ക് നന്നായി അറിയാവുന്ന പുരുഷന്മാരുടെ സംഭാവനകള്‍ പോലെ തന്നെ നിര്‍ണായകമായിരുന്നു…”

”ഡോ. ഗെര്‍ഡ ലെര്‍ണര്‍ നിരീക്ഷിച്ചതുപോലെ സ്ത്രീകളുടെ ചരിത്രം സ്ത്രീകളുടെ അവകാശമാണ്. അത് നമുക്ക് അഭിമാനവും സാന്ത്വനവും ധൈര്യവും ദീര്‍ഘവീക്ഷണവും തരുന്ന പ്രധാനവും അനുപേക്ഷണീയവുമായ പാരമ്പര്യമാണ്. ഞാന്‍ എന്റെ നാട്ടുകാരോട് ഈ പാരമ്പര്യത്തെ 1980 മാര്‍ച്ച് 2 മുതല്‍ 8 വരെയുള്ള ദേശീയ വനിതാ ചരിത്ര വാരത്തില്‍ അനുയോജ്യമായ പ്രവര്‍ത്തനങ്ങളോടെ ആഘോഷിക്കാന്‍ ആഹ്വാനം ചെയ്യുന്നു. തുല്യതയ്ക്ക് വേണ്ടി സമരം ചെയ്ത നേതാക്കന്മാരായ സുസന്‍ ബി. ആന്തണി, സൊഴോണര്‍ ട്രുത്, ലൂസി സ്റ്റോണ്‍, ലുക്രീഷ്യ മോട്, എലിസബത്ത് കാഡി സ്റ്റാന്റണ്‍, ഹാരിയറ്റ് ടുബ്മാന്‍, ആലീസ് പോള്‍ എന്നിവരില്‍ അവരുടെ വനിതാ ചരിത്ര വാരാചരണങ്ങള്‍ കേന്ദ്രീകരിക്കാന്‍ ഗ്രന്ഥശാലകള്‍, സ്‌കൂളുകള്‍, സമൂഹ്യ സംഘടനകള്‍ എന്നിവയെ ഞാന്‍ പ്രേരിപ്പിക്കുന്നു…”

”നമ്മുടെ രാജ്യത്തിന്റെ യഥാര്‍ഥ ചരിത്രം മനസ്സിലാക്കുന്നത് നിയമത്തിനു കീഴില്‍ എല്ലാവര്‍ക്കും പൂര്‍ണ തുല്യത കിട്ടേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കാന്‍ നമ്മളെ സഹായിക്കും. ലിംഗഭേദം മൂലം ആരുടെയും നിയമപരമായ തുല്യത നിഷേധിക്കപ്പെടുകയോ അവകാശങ്ങളില്‍ കുറവു വരുത്തുകയോ ചെയ്യാന്‍ പാടില്ല എന്നു പറയുന്ന അമേരിക്കന്‍ ഭരണ ഘടനയുടെ ഇരുപത്തി ഏഴാം ഭേദഗതി നിലവില്‍ വരുന്നതോടെ ഈ ലക്ഷ്യം നേടാന്‍ നമുക്ക് സാധിക്കും. തുല്യാവകാശ ഭേദഗതിയെ കുറിച്ചാണ് ഇവിടെ കാര്‍ട്ടര്‍ സൂചിപ്പിച്ചത്. എന്നാല്‍ അത് ഇരുപത്തി ഏഴാം ഭേദഗതിയായി നിലവില്‍ വരികയുണ്ടായില്ല…”

വനിതാ ചരിത്ര വാരത്തിന്റെ ജനപ്രീതി ഓറിന്‍ ഹാച്ചും ബാര്‍ബറ മില്‍സ്‌കിയും ചേര്‍ന്ന് വനിതാ ചരിത്ര വാരം പ്രഖ്യാപിക്കുന്ന ആദ്യ സംയോജിത കോണ്‍ഗ്രഷണല്‍ പ്രമേയം 1981ല്‍ അവതരിപ്പിക്കുന്നതിലേക്ക് നയിച്ചു. 1982 മാര്‍ച്ച് 7 മുതല്‍ തുടങ്ങുന്ന ആഴ്ച ‘വനിതാ ചരിത്ര വാര’മായി പ്രഖ്യാപിക്കാന്‍ പ്രസിഡന്റിനോട് അഭ്യര്‍ത്ഥിക്കുകയും ചുമതലപ്പെടുത്തുകയും ചെയ്യുന്ന പ്രമേയം കോണ്‍ഗ്രസ്സ് പാസാക്കി. തുടര്‍ന്നുള്ള നിരവധി വര്‍ഷങ്ങളില്‍ മാര്‍ച്ചിലെ ഒരു ആഴ്ച വനിതാ ചരിത്രവാരമായി പ്രഖ്യപിക്കുന്ന സംയുക്ത പ്രമേയം കോണ്‍ഗ്രസ്സ് പാസാക്കി. രാജ്യത്തെ സ്‌കൂളുകളും അവരുടെതായ വനിതാ ചരിത്ര വാര ആഘോഷങ്ങളും വനിതാ ചരിത്ര മാസ ആഘോഷങ്ങളും നടത്തിത്തുടങ്ങി. 1986 ആയപ്പോഴേക്ക് 14 സംസ്ഥാനങ്ങള്‍ മാര്‍ച്ച് വനിതാ ചരിത്ര മാസമായി പ്രഖ്യാപിച്ചു.

ദേശീയ വനിതാ ചരിത്ര പദ്ധതിയുടെ അപേക്ഷ പ്രകാരം 1987 മാര്‍ച്ച് മാസം വനിതാ ചരിത്ര മാസമായി പ്രഖ്യാപിക്കുന്ന പ്രമേയം കോണ്‍ഗ്രസ് പാസാക്കി. എല്ലാ വര്‍ഷവും മാര്‍ച്ച് മാസം വനിതാ ചരിത്ര മാസമായി പ്രഖ്യാപിക്കാന്‍ പ്രസിഡന്റിന്റെ അധികാരപ്പെടുത്തുന്ന പ്രമേയങ്ങള്‍ 1988 നും 1994 നും ഇടയില്‍ പാസാക്കി.

വിദ്യാഭ്യാസ വകുപ്പുകളും ക്ലാസ്സ് റൂമികളില്‍ ലിംഗസമത്വം മെച്ചപ്പെടുത്താനായി വനിതാ ചരിത്ര മാസാചരണം പ്രോല്‍സാഹിപ്പിച്ചു തുടങ്ങി. മെരിലാന്‍ഡ്, പെന്‍സില്‍വേനിയ, അലാസ്‌ക, ന്യൂയോര്‍ക്ക്, ഒറെഗണ്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ പാഠ്യ സാമഗ്രികള്‍ വികസിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്തു. കുറച്ചു വര്‍ഷങ്ങള്‍ക്കകം ആയിരക്കണക്കിന് സ്‌കൂളുകള്‍ വനിതാ ചരിത്ര മാസം ആചരിച്ചു തുടങ്ങി. അവര്‍ ചരിത്രത്തിലും സമൂഹത്തിലും സ്ത്രീകളുടെ പങ്കിനെക്കുറിച്ച് താല്പര്യമുണര്‍ത്തുന്നതും രസകരവുമായ പ്രവര്‍ത്തനങ്ങള്‍ ഗവര്‍ണര്‍മാര്‍, സിറ്റി കൗണ്‍സിലുകള്‍, സ്‌കൂള്‍ ബോര്‍ഡുകള്‍, യു എസ് കോണ്‍ഗ്രസ്സ് എന്നിവയുടെ സഹായത്തോടെ ആസൂത്രണം ചെയ്തു.

2011 മാര്‍ച്ചില്‍ ഒബാമ ഭരണകൂടം അമേരിക്കയില്‍ സ്ത്രീകളുടെ അവസ്ഥയും അത് എങ്ങനെ കാലങ്ങളായി മാറി വന്നു എന്നും കാണിക്കുന്ന ‘അമേരിക്കയിലെ സ്ത്രീകള്‍: സാമൂഹ്യവും സാമ്പത്തികവുമായ സുസ്ഥിതിയുടെ സൂചകങ്ങള്‍’ എന്ന റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തി. 1963ല്‍ സ്തീകളുടെ അവസ്ഥയെക്കുറിച്ച് സ്ത്രീ പദവി സമിതി തയ്യാറാക്കിയ റിപ്പോര്‍ട്ടിനു ശേഷം ഉള്ള ആദ്യ ഫെഡറല്‍ റിപ്പോര്‍ട്ട് ആയിരുന്നു ഇത്.

പ്രസിഡന്റ് സമിതിയുടെ നേതൃത്വത്തില്‍ സമീപകാലത്ത് രാജ്യമെമ്പാടും ഹിയറിംഗുകള്‍ നടത്തുകയുണ്ടായി. വിമെന്‍സ് പ്രോഗ്രസ് കമ്മിഷന്‍ അമേരിക്കന്‍ സ്ത്രീ ചരിത്രത്തില്‍ പ്രസക്തമായ മേഖലകളില്‍ താല്പര്യം നിലനിര്‍ത്തുന്നതിനായി ഹിയറിംഗുകള്‍ ഉടന്‍ തന്നെ നടത്തും. സ്റ്റേറ്റ് ഹിസ്റ്റോറിക്കല്‍ സൊസൈറ്റികള്‍, സ്ത്രീ സംഘടനകള്‍ ഗേള്‍ സ്‌കൗട്‌സ് ഓഫ് യു.എസ്.എ എന്നിവയാണ് ഈ പ്രവത്തനങ്ങള്‍ പ്രചരിപ്പിക്കുന്ന ചില സംഘടനകള്‍.

കാനഡക്കാര്‍ക്ക് സമൂഹത്തിനും ഇന്നത്തെ ജീവിത നിലവാരത്തിനും സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും സംഭാവനകളെക്കുറിച്ച് പഠിക്കാനുള്ള അവസരമായി 1992ല്‍ ആണ് വനിതാ ചരിത്ര മാസം പ്രഖ്യാപിക്കപ്പെട്ടത്. കനേഡിയന്‍ സ്ത്രീകള്‍ക്ക് സെനറ്റര്‍മാരാകുന്നതിനും രാഷ്ട്രീയാധികാരത്തിലെ പദവികളില്‍ പുരുഷന്മാരോടൊപ്പം എല്ലാ അവകാശങ്ങളും ലഭിക്കുന്നതിനും ഇടയാക്കിയ പെര്‍സണ്‍സ് കേസിലെ 18 ഒക്‌റ്റോബര്‍ 1929 ലെ വിധിയുടെ വാര്‍ഷികം ആഘോഷിക്കുന്നതുമായി യോജിച്ചു വരുന്നതിനായി ഒക്‌റ്റോബര്‍ ആണ് വനിതാ ചരിത്ര മാസാചരണത്തിനായി തെരഞ്ഞെടുക്കപ്പെട്ടത്.

ഓസ്‌ട്രേലിയയില്‍ ഹെലന്‍ ലെനോഡിന്റെ നേതൃത്വത്തില്‍ 2000ല്‍ ആണ് വനിതാ ചരിത്ര മാസം ആദ്യമായി ആചരിക്കപ്പെട്ടത്. ഓസ്‌ത്രേലിയന്‍ വിമെന്‍സ് ഹിസ്റ്ററി ഫോറത്തിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടാണ് വാര്‍ഷിക വനിതാ ചരിത്ര വാരം ആചരിക്കുന്നത്. വിവിധ മേഖലകളിലുള്ള സ്ത്രീകളുടെ നേട്ടങ്ങളെ കേന്ദ്രീകരിച്ചാണ് ആഘോഷങ്ങള്‍ നടന്നു വരുന്നത്.

ഇംഗ്ലണ്ടില്‍ 2011, 2012 വര്‍ഷങ്ങളില്‍ വനിതാ ചരിത്ര മാസം ആചരിക്കുകയുണ്ടായി. ഒരു വെബ്‌സൈറ്റും ആരംഭിക്കുകയുണ്ടായെങ്കിലും പിന്നീട് ഉപേക്ഷിക്കപ്പെട്ടു. കൂടുതല്‍ കൂടുതല്‍ ആളുകള്‍ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെ സംഭാവനകളെക്കുറിച്ച് അവബോധമുള്ളവരാകുന്നതോടെ വനിതാ ചരിത്ര ആഘോഷങ്ങളുടെ ജനപ്രീതി വര്‍ദ്ധിച്ചു വരികയാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments