Friday, June 7, 2024

HomeAmericaറൈറ്റേഴ്‌സ് ഫോറത്തില്‍ ശ്രീകുമാര്‍ മേനോന്റെ കഥയും ഡോ. സണ്ണി എഴുമറ്റൂരിന്റെ പ്രഭാഷണവും

റൈറ്റേഴ്‌സ് ഫോറത്തില്‍ ശ്രീകുമാര്‍ മേനോന്റെ കഥയും ഡോ. സണ്ണി എഴുമറ്റൂരിന്റെ പ്രഭാഷണവും

spot_img
spot_img

ചെറിയാന്‍ മഠത്തിലേത്ത്

ഹൂസ്റ്റണ്‍: അമേരിക്കയെ സംബന്ധിച്ചിടത്തോളം ഫെബ്രുവരി എന്നത് ‘ഫെസ്റ്റിവല്‍ മന്ത്’ ആണ്. ഉല്‍സവങ്ങളുടെ ഈ മാസം ആരംഭിക്കുന്നത് രണ്ടാം തീയതി ‘ഗ്രൗണ്ട്‌ഹോഗ് ഡേ’യോടെയാണ്. ഈ ദിനാചരണത്തിന്റെ ചരിത്രം കൗതുകകരമാണ്. ജര്‍മനിയിലെ പലാറ്റിനേറ്റ് പ്രദേശത്തുനിന്നും 17, 18, 19 നൂറ്റാണ്ടുകളില്‍ പെന്‍സില്‍വേനിയയിലും മറ്റും കുടിയേറിയ പെന്‍സില്‍വേനിയ ഡച്ച് അഥവാ പെന്‍സില്‍വേനിയ ജര്‍മന്‍സ് എന്ന ഗോത്രവിഭാത്തിന്റെ ഒരു അന്ധവിശ്വാസമാണ് ഈ ആഘോഷത്തിന്റെ അടിസ്ഥാനം.

ഫെബ്രുവരി രണ്ടാം തീയതി ഗ്രൗണ്ട്‌ഹോഗ് എന്ന മൂഷിക വര്‍ഗത്തില്‍പ്പെട്ട ജീവി മാളത്തില്‍ നിന്ന് പുറത്തുവരികയും തുടര്‍ന്ന് അതിന്റെ നിഴല്‍ കാണുകയും ചെയ്താല്‍ വിന്റര്‍ ആറ് ആഴ്ച്ചത്തേയ്ക്കുകൂടി നീണ്ടുപോകുമത്രേ. ഗ്രൗണ്ട്‌ഹോഗ് തന്റെ സ്വന്തം നിഴല്‍ കണ്ടില്ലെങ്കില്‍ സ്പ്രിങ് സീസണ്‍ നേരത്തെ എത്തുമെന്നാണ് പെന്‍സില്‍വേനിയ ജര്‍മന്‍സ് വിശ്വസിക്കുന്നത്. ഏതായാലും അമേരിക്കയില്‍ ഇക്കുറി ഏര്‍ലി സ്പ്രിങ് പ്രവചിക്കപ്പെട്ടിരുന്നു. നേരത്തെയെത്തിയ വസന്തകാലത്തിന്റെ ത്രില്ലിലാണ് ഏവരും.

ഫ്രഞ്ച് സ്വാധീന മേഖലകളിലെ ‘ഫാറ്റ് റ്റൂസ്‌ഡേ’ ആണ് മറ്റൊരു ആഘോഷം. ഫാറ്റ് റ്റൂസ്‌ഡേയുടെ ഫ്രഞ്ച് വ്യാഖ്യനം ‘മാര്‍ഡി ഗ്രാസ്’ എന്നാണ്. ഷ്രോവെറ്റൈഡ് എന്നും ഇതിന് വിശേഷണമുണ്ട്. ക്രൈസ്തവരുടെ നോമ്പുകാലത്തിനു തൊട്ടുമുമ്പുള്ള വിരുന്നിന്റെയും ഉല്ലാസത്തിന്റെയും കാലഘട്ടത്തെയാണ് ഷ്രോവെറ്റൈഡ് സൂചിപ്പിക്കുന്നത്. 40 ദിവസത്തെ വലിയ നോമ്പ് ആരംഭിക്കുന്ന ‘ആഷ് വെനസ്‌ഡേ’യുടെ (വിഭൂതി ബുധന്‍ അഥവാ ക്ഷാരബുധന്‍) തലേദിവസമാണ് ഫാറ്റ് റ്റൂസ്‌ഡേ ആചരിക്കുന്നത്. അന്നേ ദിവസം കൊഴുപ്പടങ്ങിയതും സമ്പന്നവുമായ ഭക്ഷണമാണ് വിശ്വാസികള്‍ കഴിക്കുക.

ഫെബ്രുവരി മാസത്തിന്റെ പ്രത്യേകതയായ ‘വാലന്റൈന്‍സ് ഡേ’യെക്കുറിച്ച് പ്രത്യേകം പറയേണ്ടതില്ലല്ലോ. അഫ്രോ അമേരിക്കന്‍ സംസ്‌കാരത്തെ ആദരിക്കുന്ന ‘ബ്ലാക്ക് ഹിസ്റ്ററി മാസമാണ് ഫെബ്രുവരി. അമേരിക്കന്‍ ഐക്യനാടുകളുടെ ആദ്യത്തെ പ്രസിഡന്റും അമേരിക്കന്‍ സ്വാതന്ത്ര്യ യുദ്ധത്തിന്റെ സര്‍വ സൈന്യാധിപനും ബ്രിട്ടനെതിരായി അമേരിക്കന്‍ ഐക്യനാടുകളുടെ സൈന്യത്തെ നയിച്ച് വിജയം നേടിയ ധീരനുമായ ജോര്‍ജ് വാഷിംഗ്ടന്റെ ജന്‍മദിനമായ ഫെബ്രുവരി 21 നാം ‘പ്രസിഡന്റ്‌സ് ഡേ’ ആയി ആചരിക്കുന്നു. ഫെബ്രുവരി അവസാനത്തോടെ ഹൂസ്റ്റണില്‍ രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന ‘വെസ്റ്റ് വെസ്റ്റേണ്‍ ഡേ’യും വര്‍ണാഭമാണ്. കൗബോയ് സംസ്‌കാരത്തെയും പാമ്പര്യത്തെയും ഓര്‍മപ്പെടുത്തുന്ന പരേഡും മറ്റുമാണ് ഈ ആഘോഷത്തിന്റെ പ്രത്യേകത.

ആഘോഷങ്ങളുടെ ഈ പെരുമഴക്കാലത്ത്, വായനയുടെയും എഴുത്തിന്റെയും സ്വതന്ത്ര ചിന്തയുടെയും കേദാരവും മലയാള സാഹിത്യ സ്‌നേഹികളുടെ അമേരിക്കയിലെ പ്രഥമ മലയാളി കൂട്ടായ്മയുമായ, ഹൂസ്റ്റണിലെ കേരള റൈറ്റേഴ്‌സ് ഫോറം സാഹിത്യ ചര്‍ച്ചയുടെ ഒരു ഉല്‍സവവും കൊണ്ടാടി.

ഫോറം പ്രസിഡന്റ് ചെറിയാന്‍ മഠത്തിലേത്ത് അധ്യക്ഷത വഹിച്ച പ്രതിമാസ യോഗത്തില്‍ സെക്രട്ടറി മോട്ടി മാത്യു ഏവര്‍ക്കും സ്വാഗതമാശംസിച്ചു. ഫെബ്രുവരി മാസത്തെ സംബന്ധിച്ചിടത്തോളം ഉചിതമായ ഒരു കഥയാണ് ആദ്യം ചര്‍ച്ച ചെയ്യപ്പെട്ടത്. ശ്രീകുമാര്‍ മേനോന്‍ ലളിതമായ ഇംഗ്ലീഷില്‍ എഴുതി അവതരിപ്പിച്ച ‘വാലന്റൈന്‍സ് ഡേ’ എന്ന കഥ ഹൃദ്യമായി.

ഒരു വാലന്റൈന്‍സ് ഡേയില്‍ കഥാനായകനായ രഘു ഒരു ഗിഫ്റ്റ് വാങ്ങുവാനായി മാള്‍ സ്റ്റോറില്‍ എത്തുന്നു. രഘു തന്റെ ഭാര്യ സൗമ്യയുമായി പിരിഞ്ഞ് താമസിക്കുകയായിരുന്നു. അതിനാല്‍ അവള്‍ക്കു വേണ്ടി ഗിഫ്റ്റ് വാങ്ങേണ്ട ആവശ്യം അയാള്‍ക്കില്ലായിരുന്നു. എന്നിട്ടും രഘു ആ മാള്‍ സ്റ്റോറില്‍ നിന്ന് കുറച്ച് സ്വീറ്റ്‌സ് വാങ്ങി. അപ്പോഴാണ് രഘു അപ്രതീക്ഷിതമായി അവിടെ വച്ച് അഞ്ചു വയസ്സുള്ള തന്റെ മകന്‍ ഗണേശനെ കണ്ടത്. ഗണേശ് രഘുവിനോട് ഇങ്ങനെ ചോദിച്ചു:

”ഹലോ ഡാഡ്, ഇത് എനിക്കുള്ളതാണോ…?”

രഘു പറഞ്ഞു ”അതെ, തീര്‍ച്ചയായും ഇത് നിനക്കുള്ളതാണ്…”

പെട്ടെന്ന് നാടകീയമായി രഘുവിന്റെ ഭാര്യ സൗമ്യ ആ രംഗത്ത് പ്രത്യക്ഷപ്പെടുന്നു. അപ്പോള്‍ ഗണേശന്‍ തന്റെ അച്ഛനോട്, ”അമ്മയ്ക്കു വേണ്ടി എന്താണ് ഡാഡ് വാങ്ങിയത്…?” എന്ന് ചോദിച്ചു.

രഘു ഉടന്‍ തന്നെ തന്റെ പോക്കറ്റില്‍ നിന്ന് ചെറിയ ഒരു പായ്ക്കറ്റ് എടുത്തു തുറന്നുകൊണ്ട് സൗമ്യയുടെ നേര്‍ക്ക് നീട്ടി. സൗമ്യയുമായി പിരിഞ്ഞെങ്കിലും അവളോട് രഘുവിന് വല്ലാത്തൊരു സോഫ്റ്റ് കോര്‍ണര്‍ ഉണ്ടായിരുന്നു. അതിനാല്‍ അവള്‍ക്കു വേണ്ടിയുള്ള ഒരു ഗിഫ്റ്റ് തന്റെ പോക്കറ്റില്‍ രഘു എന്നും സൂക്ഷിക്കാറുണ്ടായിരുന്നു. യോഗത്തില്‍ പങ്കെടുത്ത എല്ലാവരും ഈ ചെറുകഥയെ അഭിനന്ദിച്ച് സംസാരിച്ചു.

അടുത്തതായി ഡോ. സണ്ണി എഴുമറ്റൂരിന്റെ ഓഹരി വിപണിയെക്കുറിച്ചുള്ള പ്രഭാഷണവും ചര്‍ച്ചയുമായിരുന്നു. കഴിഞ്ഞ തവണത്തേതിന്റെ തുടര്‍ച്ചയായാണ് അദ്ദേഹം സംസാരിച്ചത്. ഓഹരി വിപണിയുടെ അടിസ്ഥാന പ്രമാണങ്ങളും ആശയങ്ങളും അദ്ദേഹം പങ്കുവച്ചു. ഓഹരി വിപണി ഇന്ന് ഏവര്‍ക്കും പ്രാപ്യമായ മേഖലയാണ്. അതിന്റെ സാധ്യതകളും ഏറെയാണ്. സ്റ്റോക്ക് മാര്‍ക്കറ്റില്‍ എത്തുന്നവര്‍ക്ക് സൂക്ഷ്മമായ നിരീക്ഷണ പാടവവും വേഗത്തില്‍ തീരുമാനമെടുക്കാനുള്ള കഴിവും ഉണ്ടായിരിക്കണം. അച്ചടക്കവും ശ്രദ്ധയുമാണ് ഈ രംഗത്തെ വിജയത്തിലേക്കുള്ള ചവിട്ടുപടികള്‍. ഡോ. സണ്ണി എഴുമറ്റൂര്‍ മറ്റ് അംഗങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞു. ജോസഫ് തച്ചാറ ട്രേഡിങ്ങ് ടെക്‌നിക്കുകളെ പറ്റി സംസാരിച്ചു.

യോഗം അവസാനിക്കും മുമ്പ് ന്യൂയോര്‍ക്കിലെ രാജു തോമസ് എഴുതിയ ‘വെറുതെയാണെല്ലാം’ എന്ന കവിത പ്രോഗ്രാം കോ-ഓര്‍ഡിനേറ്ററും ചര്‍ച്ചയുടെ മോഡറേറ്ററുമായ ജോണ്‍ മാത്യു വായിച്ചു.

”വെറുതെയാണെല്ലാം സുഹൃത്തേ,
നമ്മുടെ എഴുത്തും പ്രസംഗവും വെറുതെ
കഥയൊന്നു നന്നായെങ്കില്‍
നന്നെന്നു ചൊല്ലി അവര്‍ പോകും
ചെമ്മെ ചമച്ചൊരു കവിത
വായിച്ചു താള്‍ മറിക്കും…”

യോഗാനന്തരമുള്ള അനൗദ്യോഗിക സംഭാഷണത്തില്‍ ചിലര്‍ പറയുന്നതു കേട്ടു, ”ഇങ്ങനെ എല്ലാം മീറ്റിംഗുകള്‍ക്കും ഇണങ്ങുന്ന ഒരു ഉപസംഹാരം വേണ്ടതാണ്…” എന്ന്. അബ്ദുള്‍ പുന്നയൂര്‍ക്കുളം (ഡിട്രോയിറ്റ്), ചെറിയാന്‍ മഠത്തിലേത്ത്, മാത്യു നെല്ലിക്കുന്ന്, ഡോ. ജോസഫ് പൊന്നോലി, ടി.എന്‍ സാമുവല്‍, ജോസഫ് തച്ചാറ, അലക്‌സാണ്ടര്‍ ഡാനിയല്‍, എ.സി ജോര്‍ജ്, മോട്ടി മാത്യു തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

കേരള റൈറ്റേഴ്‌സ് ഫോറത്തിന്റെ 35-ാം വാര്‍ഷികത്തോടനുബന്ധിച്ച് പുറത്തിറക്കുന്ന 21-ാം സമാഹാരത്തിലേക്കുള്ള രചനകള്‍ 2024 മെയ് 31-നു മുമ്പ് എത്തിക്കണമെന്ന് പബ്‌ളിഷ്ങ്ങ് കോ-ഓര്‍ഡിനേറ്റര്‍ മാത്യു നെല്ലിക്കുന്ന് അറിയിച്ചു. അടുത്ത ഓണ്‍ലൈന്‍ മീറ്റിങ്ങ് മാര്‍ച്ച് 24-ാം തീയതി ഞായറാഴ്ച നാല് മണിക്ക് ആരംഭിക്കുമെന്ന് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ പറഞ്ഞു. ഫൊക്കാനയുടെ ലിറ്റററി അവാര്‍ഡിന് അവരുടെ ലിറ്റററി കമ്മറ്റി, സാഹിത്യ കൃതികള്‍ ക്ഷണിച്ചിട്ടുണ്ടെന്നും താത്പര്യമുള്ളവര്‍ ബന്ധപ്പെടണമെന്നും അദ്ദേഹം വ്യക്തമാക്കി. മോട്ടി മാത്യു കൃതജ്ഞത രേഖപ്പെടുത്തി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments