Friday, June 7, 2024

HomeAmericaടാന്‍സാനിയന്‍ സോഷ്യല്‍ മീഡിയ താരം കിലി പോള്‍ മലയാളിക്ക് നാടുവിട്ടുപോയ 'ഉണ്ണി'

ടാന്‍സാനിയന്‍ സോഷ്യല്‍ മീഡിയ താരം കിലി പോള്‍ മലയാളിക്ക് നാടുവിട്ടുപോയ ‘ഉണ്ണി’

spot_img
spot_img

എ.എസ് ശ്രീകുമാര്‍

”മോനേ ഉണ്ണീ… നീ എത്രയും വേഗം മടങ്ങിവാ. നിന്നെ കാണാഞ്ഞിട്ട് അമ്മ ഭക്ഷണവും ഉറക്കവുമില്ലാതെ കാത്തിരിക്കുകയാണ്…” പണ്ടൊക്കെ നാടുവിട്ടുപോയ കൗമാരക്കാരായ ആണ്‍മക്കളുടെ രക്ഷിതാക്കള്‍ ഫോട്ടോ സഹിതം പത്രങ്ങളില്‍ നല്‍കിയിരുന്ന പരസ്യങ്ങളിലെ വാക്കുകളാണിത്. ഇപ്പോള്‍ ഇക്കാര്യം ഓര്‍ക്കാന്‍ കാരണമുണ്ട്. അതിനൊരു ടാന്‍സാനിയന്‍ ബന്ധവുമുണ്ട്. കോടിക്കണക്കിന് ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ളവരുടെ ഹൃദയം കവര്‍ന്ന ടാന്‍സാനിയന്‍ സോഷ്യല്‍ മീഡിയ താരം കിലി പോളാണ് മലയാളികളുടെ നാടുവിട്ടുപോയ ഉണ്ണിയാണെന്ന് പറഞ്ഞാല്‍ ശരിക്കും അത്ഭുതപ്പെട്ടുപോവും.

സോഷ്യല്‍ മീഡിയയില്‍ അഞ്ച് മില്യനിലധികം ഫോളോവേഴ്‌സ് ഉള്ള കിലി പോളും സഹോദരി നീമ പോളും ആരാധകരുടെ മനംകവര്‍ന്നവരാണ്. ബോളിവുഡ് ഹിറ്റ് ഗാനങ്ങള്‍ക്കൊപ്പം ചുണ്ടുകള്‍ ചലിപ്പിച്ചും ചുവടുകള്‍ വെച്ചും സമൂഹ മാദ്ധ്യമങ്ങളില്‍ ആരാധകരെ നേടിയ കിലിക്കൊപ്പം സഹോദരി നീമയും വീഡിയോകളില്‍ എത്തിയതോടെയാണിവര്‍ നമുക്ക് പ്രിയപ്പെട്ടവരായത്.

ഇന്ത്യ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ വന്‍ സ്വീകരണമാണ് ഇവരുടെ വീഡിയോകള്‍കക്ക് അനുദിനം ലഭിക്കുന്നത്. 2021-ല്‍ റിലീസ് ചെയ്ത സിദ്ധാര്‍ഥ് മല്‍ഹോത്രയുടെ ഷേര്‍ഷയിലെ ഗാനത്തിനായിരുന്നു കിലി ആദ്യമായി വീഡിയോ ചെയ്തത്. കിലിയുടെയും നീമയുടെയും വീഡിയോകള്‍ ഇന്ത്യയില്‍ വൈറലായതോടെ പിന്നീട് നിരവധി വീഡിയോകള്‍ ഇരുവരും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയായിരുന്നു. കിലിയും നീമയും ഇന്ത്യയില്‍ അറിയപ്പെടാന്‍ തുടങ്ങിയിട്ട് മൂന്ന് വര്‍ഷമായി.

മലയാളം പാട്ട് പാടുന്ന കിലിയുടെയും നീമയുടെയും വീഡിയേയും സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ജോജു ജോര്‍ജ് നായകനായി എത്തിയ ജോസഫിലെ ‘പൂമുത്തോളെ…’ എന്ന ഗാനത്തിനും ആര്‍.ഡി.എക്‌സിലെ ‘നീല നിലവെ…’ എന്ന പാട്ടിനുമൊപ്പമാണ് കിലി പിശകുകള്‍ വരാതെ ഏറെ ശ്രദ്ധിച്ച് ചുണ്ടുകള്‍ ചലിപ്പിച്ച് നൃത്തമാടുന്നത്. കിലിയുടെ സഹോദരി നീമ പോളും താളം പിടിച്ച് അരികില്‍ നില്‍ക്കുന്നതും കാണാം.

ഇപ്പോള്‍ കിലി കൂടുതല്‍ മലയാളം പാട്ടുകള്‍ വച്ച് വീഡിയോകള്‍ ചെയ്യുകയും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തുകൊണ്ടിരിക്കുകയുമാണ്. ‘പൂമാനമേ ഒരു രാഗമേഘംതാ..’, ‘സ്വയംവര ചന്ത്രികേ സ്വര്‍ണ്ണമണി മേഘമേ ഹൃദയ രാഗ ദൂതു പറയാമോ…’, ‘തൂമഞ്ഞ് വീണ വഴിയില്‍…’, ‘മലയാളിപ്പെണ്ണേ നിന്റെ മനസില്‍…’, ‘ചാലക്കുടി ചന്തയ്ക്ക് പോകുമ്പോള്‍ ചന്തനച്ചോപ്പുള്ള…’ തുടങ്ങി നിരവധി പാട്ടുകള്‍ കിലി പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിനൊക്കെ ദശലക്ഷക്കണക്കിന് ലൈക്കും ഷെയറും ലഭിക്കുന്നുമുണ്ട്.

പോസ്റ്റുകള്‍ക്കടിയിലെ കമന്റുകളാണ് ഏറെ രസകരം. ‘മലയാളികളുടെ ഉണ്ണിക്കുട്ടന്‍…’, ‘ഉണ്ണീ നീ എത്രയും പെട്ടെന്ന് നാട്ടിലേയ്ക്ക് മടങ്ങി വരണം…’, ‘നീ കിലിയല്ല…പണ്ട് കേരളം വിട്ട ഉണ്ണിയാണ്…’ എന്നിങ്ങനെയുള്ള കൗതുകകരമായ കമന്റുകള്‍, മലയാളികള്‍ കിലി പോളിനെ എത്രമാത്രം മിസ് ചെയ്യുന്നുവെന്നതിന് തെളിവാണ്. അത്രമാത്രം ആവേശത്തോടെയാണ് കിലിയുടെയും സഹോദരിയുടെയും വീഡിയോകള്‍ മലയാളികള്‍ നെഞ്ചേറ്റുന്നത്.

ടാന്‍സാനിയയിലെ ഉള്‍ഗ്രാമമായ പോനിയിലെ മിന്‍ഡു തൂലെയ്‌നിയിലാണ് മസായി ഗ്രോത്ര വിഭാഗത്തില്‍പ്പെട്ട കിലി-നീമ പോള്‍ സഹോദരങ്ങളുടെ താമസം. കിലിക്ക് 27 വയസും നീമയ്ക്ക് 24 വയസുമുണ്ട്. ഏഴാം ക്ലാസുവരെയാണ് കിലി പഠിച്ചത്. കുട്ടിക്കാലം മുതല്‍ ഇന്ത്യന്‍ സിനിമകളുടെ കടുത്ത ആരാധകരായിരുന്നു കിലിയും നീമയും. വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് ഇവര്‍ ഹിന്ദിപ്പാട്ടുകള്‍ കേള്‍ക്കാന്‍ സൗകര്യം കണ്ടെത്തിയിരുന്നു. ഒരുപാട് ഹിന്ദി സിനിമകള്‍ കണ്ടാണ് താന്‍ വളര്‍ന്നതെന്ന് കിലി പറഞ്ഞിട്ടുണ്ട്. സല്‍മാന്‍ ഖാനാണ് കിലിയുടെ ഇഷ്ടതാരം. അതേസമയം ഹൃത്വിക് റോഷന്റെയും, മാധുരി ദീക്ഷിതിന്റെയും ഫാനാണ് നീമ.

അയോദ്ധ്യ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുക്കാനുള്ള തന്റെ ആഗ്രഹമറിയിച്ച് കിലി പോള്‍ പങ്ക് വച്ച വീഡിയോയും നേരത്തെ വൈറലായിരുന്നു. വീഡിയോയില്‍ കിലി പോള്‍ തന്റെ പശുക്കള്‍ക്കൊപ്പം നിന്നുകൊണ്ട് ”റാം ശ്രീ റാം, ശ്രീ റാം ജയ് ജയ് റാം…” എന്ന് വിളിക്കുന്നുണ്ട്. ഉടന്‍ രാമജന്മഭൂമി സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ”അയോദ്ധ്യയിലേക്ക് വരാന്‍ ഞാന്‍ എത്രമാത്രം ഉത്സുകനാണെന്ന് എനിക്ക് മാത്രമേ അറിയൂ. എനിക്കും ചടങ്ങില്‍ പങ്കെടുക്കണം. ശ്രീരാമന്റെ അനുഗ്രഹവും വേണം…” എന്ന് കിലി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു.

കൃഷിയും പശുവളര്‍ത്തലുമാണ് കുടുംബത്തിന്റെ പ്രധാന ഉപജീവനമാര്‍ഗം. ഇതിനിടയ്ക്കാണ് ടിക് ടോക്കിലും ഇന്‍സ്റ്റഗ്രാമിലും വീഡിയോ ചെയ്ത് തുടങ്ങിയത്. പരമ്പരാഗത ടാന്‍സാനിയന്‍ വേഷമണിഞ്ഞുള്ള കിലിയുടേയും സഹോദരിയുടേയും മാസ്മരിക ഭാവപ്രകടനങ്ങളും അതിശയിപ്പിക്കുന്ന അംഗ ചലനങ്ങളും ആരാധകര്‍ കണ്ണെടുക്കാതെ കണ്ടിരിക്കാറുണ്ട്. പാട്ടും ഡാന്‍സുമായി ഇരുവരും എപ്പോഴും സമൂഹമാധ്യമങ്ങളില്‍ സജീവമാണ്.

നര്‍ത്തകരും, കണ്ടന്റ് ക്രിയേറ്ററുമാണ് കിലിയും നീമയും. അതേസമയം, റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യന്‍ ദേശീയ ഗാനം ആലപിക്കുകയും ഗായിക ലതാ മങ്കേഷ്‌കറിന്റെ മരണശേഷം അവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ചെയ്തതിന് കിലി പോളിനെയും നീമ പോളിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശംസിക്കുകയുണ്ടായി. തന്റെ ‘മന്‍ കീ ബാത്ത്’ പരിപാടിയുടെ 86-ാമത് എഡിഷനിലാണ് ടാന്‍സാനിയന്‍ സഹോദരങ്ങളെ കുറിച്ച് അദ്ദേഹം പരാമര്‍ശം നടത്തിയത്. 2022-ല്‍ കിലി പോളിനെ ടാന്‍സാനിയയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ‘ബിനായ പ്രധാന്‍’ പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു. കഴിഞ്ഞ ദിവസം ഇന്ത്യാ ഗവണ്‍മെന്റ് പ്രഖ്യാപിച്ച മികച്ച ഇന്റര്‍ നാഷണല്‍ ക്രിയേറ്റര്‍ അവാര്‍ഡ് കിലിക്കുള്ളതായിരുന്നു.

ജനപ്രിയ താരങ്ങളായ കിലിയും നീമയും താമസിക്കുന്ന ഗ്രാമത്തില്‍ വൈദ്യുതി ഉള്‍പ്പെടെ ആടിസ്ഥാന സൗകര്യങ്ങളൊന്നുമില്ല. തങ്ങളുടെ മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ ഇവര്‍ക്ക് കിലോമീറ്ററുകളോളം നടക്കണം. ഇത്തരമൊരു ദുരിത സാഹചര്യത്തില്‍ നിന്നാണ് കലയോടുള്ള അദമ്യമായ താത്പര്യവും ഇച്ഛാശക്തിയും കൊണ്ട് ഈ അപൂര്‍വ സഹോദരങ്ങള്‍ ലോകം കീഴടക്കുന്നത്. 2022ല്‍ അഞ്ചംഗ അഞ്ജാത സംഘത്തിന്റെ ആക്രമണത്തില്‍ കിലിക്ക് പരിക്കേറ്റിരുന്നു. ഇന്‍സ്റ്റഗ്രാമിലെ ഒരു പോസ്റ്റിന്റെ പേരിലായിരുന്നു ആക്രമണം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments