ഫ്‌ളോറിഡ: ബഹിരാകാശത്ത് മാസങ്ങളായി കുടുങ്ങിക്കിടക്കുന്ന യുഎസ് ബഹിരാകാശ യാത്രിക സുനിത വില്യംസിനും ബുച്ച് വില്‍മോറിനുമുള്ള കാത്തിരിപ്പ് നീളുകയാണ്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ഐഎസ്എസ്) പുതിയ യാത്രികരുമായി സ്‌പേസ് എക്‌സ് റോക്കറ്റ് വിക്ഷേപണം വൈകിയതോടെ ഇവരുടെ മടക്കയാത്രയും അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ഫ്‌ളോറിഡയിലെ കേപ് കനാവെറല്‍ സ്‌പേസ് ഫോഴ്‌സ് സ്റ്റേഷനില്‍ നിന്ന് ബുധനാഴ്ച വൈകുന്നേരം ക്രൂ-10 ദൗത്യം വിക്ഷേപിക്കാനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഫാല്‍ക്കണ്‍ 9 റോക്കറ്റിന്റെ ഗ്രൗണ്ട് സപ്പോര്‍ട്ട് ഉപകരണങ്ങളിലെ സാങ്കേതിക തകരാര്‍ മൂലം വിക്ഷേപണം മാറ്റിവെക്കുകയായിരുന്നു.
ഫാല്‍ക്കണ്‍ 9 റോക്കറ്റിന്റെ ഗ്രൗണ്ട് സപ്പോര്‍ട്ട് ക്ലാമ്പ് ആമിന്റെ ഹൈഡ്രോളിക് സംവിധാനത്തിലുണ്ടായ തകരാറാണ് വിക്ഷേപണം അനിശ്ചിതമായി വൈകാന്‍ കാരണം എന്ന് നാസ അറിയിച്ചു. തകരാര്‍ എത്രയും പെട്ടെന്ന് പരിഹരിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും പുതിയ വിക്ഷേപണ തീയതി ഉടന്‍ പ്രഖ്യാപിക്കുമെന്നും ബഹിരാകാശ ഏജന്‍സി അറിയിച്ചിട്ടുണ്ട്.
പിന്നാലെ, നാസ പുതിയ വിക്ഷേപണ തീയതി പ്രഖ്യാപിച്ചു. മാര്‍ച്ച് 15 വെള്ളിയാഴ്ച വൈകുന്നേരം 7.03-നാണ് (ഇന്ത്യന്‍ സമയം ശനിയാഴ്ച രാവിലെ 4.33) അടുത്ത ശ്രമം. ക്രൂ-10 ദൗത്യം ഈ തീയതിയില്‍ വിക്ഷേപിക്കുകയാണെങ്കില്‍, നിലവിലെ യാത്രികരായ വില്‍മോറും വില്യംസും മാര്‍ച്ച് 19 ബുധനാഴ്ചയോടെ അന്താരാഷ്ട്ര ബഹിരാകാശ നിലയം വിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രസിഡന്റ് ട്രംപിന്റെയും സ്‌പേസ് എക്‌സ് സിഇഒ എലോണ്‍ മസ്‌കിന്റെയും ഇടപെടലിനെ തുടര്‍ന്ന് വില്‍മോറിനെയും വില്യംസിനെയും രണ്ടാഴ്ച മുന്നേ ഭൂമിയിലെത്തിക്കാന്‍ ക്രമീകരണങ്ങള്‍ നേരത്തെ നാസ ചെയ്തിരുന്നു.
പരിചയസമ്പന്നരായ ബഹിരാകാശ യാത്രികരായ ബുച്ച് വില്‍മോറും സുനിത വില്യംസും യുഎസ് നാവികസേനയുടെ ടെസ്റ്റ് പൈലറ്റുമാരുമാണ്. എട്ട് ദിവസത്തെ ദൗത്യത്തിനായിട്ടാണ് ഇവര്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തിയത്. എന്നാല്‍ ബോയിംഗിന്റെ സ്റ്റാര്‍ലൈനര്‍ പേടകത്തിലെ സാങ്കേതിക തകരാറുകള്‍ മൂലം ഇവരുടെ മടക്കം നീണ്ടുപോവുകയായിരുന്നു. ഇവരുടെ സ്റ്റാര്‍ലൈനര്‍ പേടകം കഴിഞ്ഞ വര്‍ഷം ആളില്ലാതെ ഭൂമിയിലേക്ക് മടങ്ങിയിരുന്നു. ക്രൂ-10 ദൗത്യത്തില്‍ രണ്ട് യുഎസ് യാത്രികര്‍, ഒരു ജാപ്പനീസ് യാത്രികന്‍, ഒരു റഷ്യന്‍ യാത്രികന്‍ എന്നിവരാണുള്ളത്. ഈ ദൗത്യം യാത്രികരുമായി ബഹിരാകാശ നിലയത്തില്‍ എത്തുന്നതോടെ വില്‍മോറിനും വില്യംസിനും മടങ്ങാനുള്ള വഴി തുറക്കും.