വാഷിംഗ്ടണ്‍: ഇലോണ്‍ മസ്‌കിന്റെ വിവാദപരമായ നിലപാടുകളില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ, ടെസ്ല കാറുകളുടെ ഉടമകള്‍ ലോഗോകള്‍ മാറ്റിസ്ഥാപിക്കുന്നതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു. മസ്‌കുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രകോപിതരായ ചില വ്യക്തികള്‍ ടെസ്ല കാറുകള്‍ ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ നടത്താന്‍ സാധ്യതയുണ്ടെന്ന ഭീതിയിലാണ് ഉടമകള്‍ തങ്ങളുടെ വാഹനങ്ങളുടെ ലോഗോ മാറ്റി മറ്റ് വാഹന ബ്രാന്‍ഡുകളുടെ ലോഗോകള്‍ പതിപ്പിക്കുന്നത്.
വൈറലായ ചിത്രങ്ങളില്‍ ടെസ്ല സൈബര്‍ട്രക്ക് മോഡലില്‍ ‘ടൊയോട്ട’ ലോഗോയും, മോഡല്‍ എസ് കാറില്‍ ‘മാസ്ഡ’ ലോഗോയും പതിപ്പിച്ചത് ശ്രദ്ധേയമാണ്. മോഡല്‍ 3 കാറുകളില്‍ ഹോണ്ടയുടെ ചിഹ്നവും, മറ്റൊരു മോഡല്‍ 3 യുടെ പുറകില്‍ ഓഡിയുടെ നാല് വളയങ്ങളും പതിപ്പിച്ച ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ തരംഗമായി. ടെസ്ലയുടെ ഉടമ ഇലോണ്‍ മസ്‌ക് തീവ്ര വലതുപക്ഷ രാഷ്ട്രീയ ഗ്രൂപ്പുകളുമായി അടുപ്പം പുലര്‍ത്തുന്നതും, ട്രംപ് ഭരണകൂടത്തിന്റെ ഗവണ്‍മെന്റ് എഫിഷ്യന്‍സി വകുപ്പില്‍ പങ്കാളിയായതും ടെസ്ല ഉടമകളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട് എന്ന് റെഡ്ഡിറ്റ് ഉപയോക്താക്കള്‍ അഭിപ്രായപ്പെടുന്നു. തല്‍ഫലമായി, പല ഉടമകളും ടെസ്ലയുമായുള്ള തങ്ങളുടെ ബന്ധം മറച്ചുവെക്കാന്‍ ശ്രമിക്കുകയാണെന്നും അവര്‍ പറയുന്നു.
ഈ വര്‍ഷം ആദ്യം, യൂറോപ്പിലെ പ്രതിഷേധക്കാര്‍ ടെസ്ല കാറുകള്‍ ഗ്രാഫിറ്റി ചെയ്ത് പ്രതിഷേധിച്ചിരുന്നു. ജര്‍മ്മനിയിലെ ടെസ്ല ഫാക്ടറിയില്‍ പ്രതിഷേധക്കാര്‍ ഹിറ്റ്‌ലറുടെ ചിത്രങ്ങള്‍ വരെ പതിപ്പിച്ച് തങ്ങളുടെ പ്രതിഷേധം അറിയിച്ചു. യൂറോപ്പിന് പുറത്തുള്ള ചില ടെസ്ല ഉടമകളുടെ കാറുകളിലും മുദ്രാവാക്യങ്ങളും ലോഗോകളും സ്‌പ്രേ പെയിന്റ് ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്. ലോഗോ മാറ്റം വ്യാപകമായതോടെ ഇത് വലിയ ചര്‍ച്ചകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴി വെച്ചിരിക്കുകയാണ്. ഇലോണ്‍ മസ്‌കിന്റെ വിവാദപരമായ രാഷ്ട്രീയ നിലപാടുകളും പ്രതിഷേധങ്ങളും വ്യാപകമായതോടെ ടെസ്ല ഉടമകള്‍ക്കിടയില്‍ ആശങ്കയും ഭീതിയും ഉയര്‍ന്നിട്ടുണ്ട് എന്ന് തന്നെ വേണം കരുതാന്‍.