വാഷിംഗ്ടണ്‍ ഡിസി: യുക്രെയ്ന്‍ ജനതക്കെതിരെ റഷ്യന്‍ സൈന്യം നടത്തിയ മനുഷ്യത്വ രഹിതമായ ആക്രമണത്തിന് പ്രസിഡന്‍റ് പുടിനെ യുദ്ധ കുറ്റവാളിയായി വിചാരണ ചെയ്യണമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍.
യുക്രെയ്ന്‍ തലസ്ഥാനമായ കീവിലെ ഒരു ടൗണായ ബുക്കയില്‍ റഷ്യന്‍ സൈന്യം കൊന്നൊടുക്കിയ നിരപരാധികളുടെ ചിതറികിടക്കുന്ന ശവശരീരങ്ങള്‍ കണ്ടതിനുശേഷം യുക്രെയ്ന്‍ പ്രസിഡന്‍റ് നടത്തിയ വികാരനിര്‍ഭരമായ പ്രസ്താവനയെകുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു ജോ ബൈഡന്‍.
റഷ്യക്കെതിരെയുള്ള ഉപരോധങ്ങള്‍ വീണ്ടും ശക്തിപ്പെടുത്തുമെന്നും ബൈഡന്‍ ആവര്‍ത്തിച്ചു.
റഷ്യന്‍ സൈന്യം യുക്രെയ്നില്‍ നടത്തിയ അതിഭീകരണ ആക്രമണത്തിന്‍റെ തെളിവുകള്‍ ശരിവച്ചു വരികയാണ്. ബുക്കയില്‍ മാത്രം നാനൂറിലധികം സിവിലിയന്മാരെയാണ് റഷ്യന്‍ സൈന്യം കൊന്നൊടുക്കിയത്.
ബുക്ക സിറ്റിയുടെ മേയര്‍ സംഭവത്തെ അതിനിശിത ഭാഷയിലാണ് വിമര്‍ശിച്ചത്. സിറ്റിയില്‍ റഷ്യന്‍ സൈന്യം അതിക്രമിച്ചു കയറിയിട്ടും അവിടെ നിന്നും വിട്ടു പോകാതെ പൗരന്മാരോടൊപ്പം റഷ്യന്‍ സൈന്യത്തെ പ്രതിരോധിക്കുകയായിരുന്നു താനെന്നും മേയര്‍ പറഞ്ഞു. റഷ്യന്‍ പ്രസിഡന്‍റ് ഒരിക്കലും മാപ്പ് അര്‍ഹിക്കുന്നില്ലെന്നും മേയര്‍ കൂട്ടിചേര്‍ത്തു.
അതേസമയം യുഎസ് ഉള്‍പ്പെടെ 40 രാജ്യങ്ങള്‍ റഷ്യയുടെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് അന്വേഷിച്ചു വരികയാണെന്നു വൈറ്റ് ഹൗസ് അറിയിച്ചു.
പി.പി. ചെറിയാന്‍