ഒക്കലഹോമ: സംസ്ഥാനത്ത് ഗര്‍ഭഛിദ്രം നിയമവിരുദ്ധവും, ശിക്ഷാര്‍ഹവുമാക്കുന്ന ബില്‍ ഒക്കലഹോമ ഹൗസ് പാസാക്കി.
ഏപ്രില്‍ 5 ചൊവ്വാഴ്ചയാണ് ബില്‍ അവതരിപ്പിച്ചു പാസാക്കിയത്.
കാര്യമായ ചര്‍ച്ചയോ, വാഗ്വാദമോ ഇല്ലാതെ റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള നിയമസഭ 70 വോട്ടുകളുടെ പിന്തുണയോടെയാണ് ബില്‍ പാസാക്കിയത്. 14 പേര്‍ എതിര്‍ത്തു വോട്ടു ചെയ്തു.
നിയമം ലംഘിച്ച് ഗര്‍ഭഛിദ്രം നടത്തുന്നവര്‍ക്ക് പത്തുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ബില്ലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 100,000 ഡോളര്‍ പിഴയും.
ഹൗസ് പാസാക്കിയ ബില്‍ ഗവര്‍ണ്ണറുടെ ഓഫീസില്‍ എത്തിയാല്‍ ഉടനെ അതില്‍ ഒപ്പുവെക്കുമെന്നു ഒക്കലഹോമ ഗവര്‍ണ്ണര്‍ കെവിന്‍ സ്റ്റിറ്റ് നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു. ഫലത്തില്‍ പൂര്‍ണ്ണ ഗര്‍ഭനിരോധനമാണ് ഒക്കലഹോമയില്‍ നടപ്പാക്കുന്നത്.
റിപ്പബ്ലിക്കന്‍ അംഗം ജിം ഒല്‍സനാണ് ബില്ലിന്റെ അവതാരകന്‍. ബില്‍ പാസ്സാക്കിയ അന്നു തന്നെ ഇതിനെതിരെ ഒക്കലഹോമ സംസ്ഥാന തലസ്ഥാനത്തു അബോര്‍ഷന്‍ റൈറ്റ്‌സ് അംഗങ്ങള്‍ വന്‍ പ്രകടനം സംഘടിപ്പിച്ചു.
ലൈംഗീക പീഡനത്തിന് ശേഷം സ്ത്രീയില്‍ ഉരുവാകുന്ന കുഞ്ഞു നിരപരാധിയാണെന്നും, ആ കുഞ്ഞിനും ജീവിക്കാന്‍ അവകാശമുണ്ടെന്നും ബില്‍ അവതരിപ്പിച്ച അംഗം പറഞ്ഞു. എന്നാല്‍ ലൈംഗീകാതിക്രമം വലിയ കുറ്റമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
കുട്ടിയുടെ പിതാവ് ചെയ്ത തെറ്റിന് ഗര്‍ഭസ്ഥ ശിശു ഉത്തരവാദിയല്ലെന്നും ബില്‍ വ്യക്തമാക്കുന്നു. ബില്‍ പാസ്സാക്കിയത് ദൗര്‍ഭാഗ്യകരമാണെന്നു ഡെമോക്രാറ്റിക് അംഗം എമലി വെര്‍ജിന്‍ പറഞ്ഞു.
പി പി ചെറിയാന്‍