വാഷിങ്ടൻ ഡിസി: ഒക്കലഹോമയിൽ കഴിഞ്ഞ ദിവസം വൻ ഭൂരിപക്ഷത്തോടെ പാസാക്കിയ ഗർഭച്ഛിദ്ര നിരോധന ബിൽ സമൂഹത്തിന് അപമാനകരമാണെന്ന് വൈസ് പ്രസിഡന്റ് കമലാ ഹാരിസ്. സെനറ്റ് ബിൽ 612 എന്നറിയപ്പെടുന്ന കർശന ഗർഭച്ഛിദ്ര നിരോധന നിയമം ലംഘിക്കുന്നവർക്ക് 10 വർഷം വരെ തടവും, 100,000 ഡോളർ ശിക്ഷയും നൽകുന്നതിനുള്ള വകുപ്പുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഈ നിയമം അപമാനകരമാണെന്നാണ് കമലാ ഹരിസ് ട്വിറ്ററിൽ കുറിച്ചത്. ഒക്കലഹോമ പാസാക്കിയ ബിൽ നിയമമാകുന്നതോടെ പൂർണ്ണ ഗർഭച്ഛിദ്ര നിരോധനം നിലവിൽ വരും. ഇത് സ്ത്രീകൾക്ക് ആരോഗ്യ സുരക്ഷ ലഭിക്കുന്നതു തടയുമെന്നും കമലഹാരിസ് ട്വിറ്ററിലൂടെ അഭിപ്രായപ്പെട്ടു.
ബൈഡൻ ഭരണകൂടം തങ്ങളിൽ അർപ്പിതമായ അധികാരം ഉപയോഗിച്ചു സ്ത്രീകളുടെ അടിസ്ഥാന അവകാശങ്ങൾ സംരക്ഷിക്കുന്നതിനും, ആരോഗ്യസംരക്ഷണം ഉറപ്പാക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ഹാരിസ് ഉറപ്പു നൽകി.
സെനറ്റ് പാസ്സാക്കിയ ബിൽ ഗവർണറുടെ ഓഫിസിൽ എത്തിയാലുടൻ അതിൽ ഒപ്പുവയ്ക്കുമെന്ന് ഗവർണർ കെവിൻ സ്റ്റിറ്റ് വ്യക്തമാക്കിയിട്ടുണ്ട്. റിപ്പബ്ലിക്കൻമാർ ഭരിക്കുന്ന ടെക്‌സസ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഗർഭച്ഛിദ്ര നിരോധനം കർശനമായി നടപ്പാക്കുന്നതാണെന്നുള്ളത് വലിയ വിമർശനങ്ങൾക്കും വിധേയമാകുന്നുണ്ട്.
പി.പി. ചെറിയാൻ