ഇന്ത്യയിലെ സമകാലിക സംഭവ വികാസങ്ങള്‍ തങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍.
ഇന്ത്യയില്‍ മനുഷ്യാവകാശങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്ന സംഭവങ്ങള്‍ ഏറി വരികയാണെന്നും ഇത് നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തിങ്കളാഴ്ച യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍, ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ജയശങ്കര്‍, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് എന്നിവരുമായി നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ്ബ്ലിങ്കന്റെ പരാമര്‍ശം.
മനുഷ്യാവകാശ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ പങ്കാളികളുമായി ഞങ്ങള്‍ നിരന്തരം സംസാരിച്ചുകൊണ്ടിരിക്കുന്നുണ്ട്. അടുത്തിടെയായി ഇന്ത്യയില്‍ നടന്നുകൊണ്ടിരിക്കുന്ന പുതിയ സംഭവവികാസങ്ങള്‍ നിരീക്ഷിച്ചുവരികയാണ്. ചില ഭരണകൂടങ്ങളും പൊലീസും ജയില്‍ അധികൃതരുമെല്ലാം ചേര്‍ന്ന് നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളും അതില്‍ ഉള്‍പ്പെടും-വാര്‍ത്താ സമ്മേളനത്തില്‍ ബ്ലിങ്കന്‍ വ്യക്തമാക്കി.
അതേസമയം, വിഷയത്തില്‍ കൂടുതല്‍ വിശദീകരണത്തിന് ബ്ലിങ്കന്‍ തയാറായിട്ടില്ല
എന്നാല്‍, ബ്ലിങ്കന് ശേഷം സംസാരിച്ച കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങും ജയശങ്കറും മനുഷ്യാവകാശ പ്രശ്നത്തെക്കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായില്ല. ഇന്ത്യയിലെ
മനുഷ്യാവകാശ വിഷയങ്ങളില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സര്‍ക്കാരിനെ വിമര്‍ശിക്കാനുള്ള യു. എസ് സര്‍ക്കാരിന്റെ വിമുഖതയെ യു. എസ് പ്രതിനിധി ഇല്‍ഹാന്‍ ഉമര്‍ ചോദ്യം ചെയ്തതിന് തൊട്ടുപിന്നാലെയാണ് ബ്ലിങ്കന്റെ പരാമര്‍ശം.