Saturday, April 20, 2024

HomeAmericaഏഷ്യാനെറ്റ് കാനഡ ഹെൽത്ത് കെയർ എക്സലൻസ് അവാർഡുകൾ വിതരണം ചെയ്തു

ഏഷ്യാനെറ്റ് കാനഡ ഹെൽത്ത് കെയർ എക്സലൻസ് അവാർഡുകൾ വിതരണം ചെയ്തു

spot_img
spot_img

ആസാദ് ജയന്‍

ടൊറന്റോ: കാനഡയിലെ ആരോഗ്യമേഖലയിൽ മികവുകാട്ടിയ ഭാരതീയരെ ആദരിക്കുന്നതിന് ഏർപ്പെടുത്തിയ പുരസ്കാരങ്ങൾ വിതരണം ചെയ്തു. ഇന്ത്യൻ ഹൈകമ്മിഷണർ സഞ്ജയ് കുമാർ വർമ, ടൊറന്റോയിലെ കോൺസൽ ജനറൽ അപൂർവ ശ്രീവാസ്തവ, കെയിൽ സീബാക് എംപി, എംപിപിമാരായ ദീപക് ആനന്ദ്, അമർജോത് സന്ധു തുടങ്ങിയവർ ഗ്രാൻഡ് എംപയർ ബാങ്ക്വറ്റ് ഹാളിൽ നടന്ന ഗാലയിൽ പുരസ്കാര ജേതാക്കളെ ആദരിച്ചു. ആരോഗ്യരംഗത്തെ മികച്ച സംഭാവനകളും കോവിഡ് കാലത്തെ സേവനങ്ങളും കണക്കിലെടുത്താണ് പുരസ്കാരങ്ങൾ. കാനഡയിലെ പ്രമുഖ സാമൂഹിക സംഘടനയായ ഒന്റാരിയോ ഹീറോസും ഏഷ്യാനെറ്റ് ന്യൂസും സംയുക്‌തമായാണ് പരിപാടി സംഘടിപ്പിച്ചത്. അൻപതിലേറെ സംഘടനകളുടെയും കൂട്ടായ്മകളുടെയും പിന്തുണയോടെയാണ് ഈ അവാർഡ്നിശ ഒരുക്കിയത്.

ആജീവനാന്ത നേട്ടങ്ങൾക്കുള്ള ലൈഫ് ടൈം ആച്ചീവ്മെന്റ് പുരസ്‌കാരത്തിന് ഡോ. സലീം യൂസുഫ് ഏറ്റുവാങ്ങി. ഹാമിൽട്ടണിലെ മക്മാസ്റ്റർ യൂണിയവേഴ്സിറ്റിയിലെ മെഡിസിൻ ആൻഡ് കാർഡിയോളജി വിഭാഗം പ്രഫസറായ ഡോ. സലീം പ്രശസ്തമായ ഗെയ്ർഡ്നർ വെറ്റ്മൻ പുരസ്കാരജേതാവും കനേഡിയൻ മെഡിക്കൽ ഹാൾ ഓഫ് ഫെയിം പട്ടികയിൽ ഇടംപിടിച്ചിട്ടുള്ള വ്യക്തിയുമാണ്. ടൊറന്റോ യൂണിവേഴ്സിറ്റിയിലെ മെഡിസിൻ ആൻഡ് റുമറ്റോളജി വിഭാഗം അസോഷ്യേറ്റ് പ്രഫസർ ഡോ. നിജിൽ ഹറൂണിനാണ് മികച്ച ഡോക്ടറിനുള്ള പുരസ്കാരം. കനേഡിയൻ റുമറ്റോളജി അസോസിയേഷൻ പ്രസിഡന്റുകൂടിയായ ഡോ. നിജിൽ ആങ്കിലോസിങ് സ്പോണ്ടിലൈറ്റിസ് ചികിൽസാരംഗത്ത് രാജ്യാന്തരതലത്തിൽ ശ്രദ്ധേയനാണ്.

മിസ്സിസാഗ ട്രില്യം ഹോസ്പിറ്റലിലെ ബിന്ദു തോമസ് മേക്കുന്നേൽ മികച്ച നഴ്സിനുള്ള പുരസ്കാരം ഏറ്റുവാങ്ങി. കാൽ നൂറ്റാണ്ടോളമായി നഴ്സിങ് രംഗത്തുള്ള ബിന്ദു മേക്കുന്നേലിനെ കോവിഡ് കാലത്ത് നടത്തിയ ശ്രദ്ധേയ ഇടപെടലുകളാണ് പുരസ്കാരത്തിന് അർഹയാക്കിയത്. അസോസിയേഷൻ ഓഫ് കേരള മെഡിക്കൽ ഗ്രാജ്വേറ്റ്സ് (എകെഎംജി) കാനഡയുടെ പ്രസിഡന്റ്കൂടിയായ ഡോ. കൃഷ്ണകുമാർ നായർക്കാണ് ആതുരസേവനരംഗത്തെ നേതൃത്വത്തിനുള്ള മെഡിക്കൽ ലീഡർഷിപ് പുരസ്കാരം. അധ്യാപനരംഗത്തെ മികവുകണക്കിലെടുത്ത് അടുത്തിടെ ടൊറന്റോ യൂണിവേഴ്സിറ്റിയുടെ മാസ്റ്റർ ക്ളിനിഷൻസ് അക്കാദമിയിൽ ഉൾപ്പെടുത്തിയ ഡോ. കൃഷ്ണകുമാർ നായർ ഇവിടെ കാർഡിയാക് ഇലക്ട്രോഫിസിയോളജി പ്രോഗ്രാം ഡയറക്ടറും അസിസ്റ്റന്റ് പ്രഫസറുമാണ്.

ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭയിൽ യുനെസ്കോ യൂത്ത് റപ്രസന്റേറ്റീവ് എന്ന നിലയിൽ ശ്രദ്ധേയയായ കെനീഷ അറോറയാണ് യൂത്ത് ഐക്കൺ ഓഫ് ദി ഇയർ പുരസ്കാരത്തിന് അർഹയായത്. സമൂഹത്തിൽ, പ്രത്യേകിച്ച് യുവാക്കൾക്കിടയിൽ പ്രതീക്ഷയുടെ സന്ദേശം പകരുകയെന്ന ലക്ഷ്യത്തോടെ ദ് ഹോപ് സിസ്റ്റേഴ്സ് എന്ന സംഘടന രൂപീകരിച്ചതും മെഡിക്കൽ വിദ്യാർഥിയായ കെനീഷയാണ്. കോവിഡ് കാലത്തെ പ്രവർത്തനമികവ്കൂടി കണക്കിലെടുത്ത് സമ്മാനിക്കുന്ന കോവിഡ് വാരിയർ പുരസ്കാരം ഫാർമസിസ്റ്റ് ക്രിസ്റ്റിൻ ജോണിനാണ്. കാനഡയിൽ നൂറോളം പേർ ജോലി ചെയ്യുന്ന രണ്ട് ഷോപ്പേഴ്സ് ഡ്രഗ് മാർട്ടുകളുടെ ഉടമകൂടിയായ ക്രിസ്റ്റിൻ സംരംഭകയായും ഈ മേഖലയിലെ മുതിർന്ന പൗരന്മാർക്ക് കൃത്യമായ ആരോഗ്യസേവനവും അവശ്യവസ്തുക്കളും ലഭ്യമാക്കുന്നതിലും മികവുകാട്ടിയത് പരിഗണിച്ചാണ് പുരസ്‌കാരം.

ഹെൽത്ത് കെയർ ഹീറോ പുരസ്കാരത്തിനായി തിരഞ്ഞെടുക്കപ്പെട്ടത് സന്നദ്ധ സാംസ്കാരിക സംഘടനയായ സമന്വയ കാനഡയാണ്. കൊറോണയുടെ തുടക്കകാലം മുതൽ അവശ്യസേവനം ഉറപ്പാക്കുന്നതിനൊപ്പം പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ദുരിതാശ്വാസ ഫണ്ടിലേക്കു എട്ടരലക്ഷത്തിലേറെ രൂപയുടെ സംഭാവനകൾക്കും സമന്വയ പ്രവർത്തകർ മുൻകയ്യെടുത്തു.

പഞ്ചാബി കമ്യൂണിറ്റി ഹെൽത്ത് സർവീസസ് (പിസിഎച്ച്സ്) സ്ഥാപകനും സിഇഒയുമായ ബൽദേവ് മത്ത (ലൈഫ് ടൈം അച്ചീവ്മെന്റ്) അഞ്ചു പതിറ്റാണ്ടിനുമുൻപ് ആൽബർട്ടയിലെ ആരോഗ്യമേഖലയിൽ സാന്നിധ്യമറിയിച്ച റേച്ചൽ മാത്യു (ലീഡർഷിപ്), കനേഡിയൻ മലയാളി നഴ്സസ് അസോസിയേഷൻ സെക്രട്ടറികൂടിയായ സൂസമ്മ ഡീൻ കണ്ണമ്പുഴ (ലൈഫ് ടൈം അച്ചീവ്മെന്റ്), മഹേഷ് മോഹൻ (നഴ്സ്), ഡെന്നിസ് ജോൺ (ഹെൽത്ത്കെയർ ഹീറോസ്), സന്നദ്ധസംഘടന തണൽ കാനഡ (കോവിഡ് വാരിയർ) എന്നിവർക്ക് സ്പെഷൽ ജൂറി പുരസ്കാരങ്ങൾ ലഭിച്ചു.

രാജ്യാന്തര പ്രവർത്തനപരിചയമുള്ള ആരോഗ്യപ്രവർത്തകൻ ഡോ. എസ്. എസ്. ലാൽ അധ്യക്ഷനും ഡോ. റോയ് കെ. ജോർജ്, ഡോ. സിന്ധു പിള്ള, സുജ തോമസ്, ഡോ. പി. കെ. കുട്ടി, ഡോ. ആഗ്നസ് തോമസ്, ഷോൺ സേവ്യർ എന്നിവർ അംഗങ്ങളുമായ സ്വതന്ത്ര സമിതിയാണ് അപേക്ഷകളും നാമനിർദേശങ്ങളും പരിഗണിച്ച് പുരസ്കാര ജേതാക്കളെ കണ്ടെത്തിയത്.

മിസ്സിസ്സാഗ രൂപത ബിഷപ്പ് മാർ ജോസ് കല്ലുവേലി, ബ്രാംപ്ടൺ ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ മുഖ്യ തന്ത്രി കരിയന്നൂർ ദിവാകരൻ നമ്പൂതിരി, ഡോ.എസ്.എസ്. ലാൽ, ടൊറന്റോ മലയാളി സമാജം പ്രസിഡന്റ് രാജേന്ദ്രൻ തലപ്പത്ത്, ഫൊക്കാന മുൻ പ്രസിഡന്റ് പോൾ കറുകപ്പള്ളിൽ, ഹരി നമ്പൂതിരി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഒന്റാരിയോ ഹീറോസ് പ്രസിഡന്റും സിഇഒയുമായ പ്രവീൺ വർക്കി, സിഇഒ: ഡോ. സന്ദീപ് ശ്രീഹർഷൻ,ഏഷ്യാനെറ്റ് ന്യൂസ് സീനിയർ അസ്സോസിയേറ്റ് എഡിറ്റർ അനിൽ അടൂർ, ഏഷ്യാനെറ്റ് ന്യൂസ് സീനിയർ വൈസ് പ്രസിഡന്റ് ബി. കെ. ഉണ്ണികൃഷ്ണൻ, നോർത്ത് അമേരിക്കൻ ഓപ്പറേഷൻസ് മേധാവി ഡോ. കൃഷ്ണ കിഷോർ, ആഡ് സെയിൽസ് ആൻഡ് ഇവന്റ് കോ-ഓർഡിനേറ്റർ ജിത്തു ദാമോദർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിപാടി.

കവിത കെ മേനോൻ, രാജു ഡേവിസ്, പ്രിൻസ് ജോൺ, അശ്വനി മാത്യു, രോഹിത് മാലിക്, വിനോദ് ജോൺ എന്നിവരും പരിപാടിയുടെ സംഘാടനത്തിൽ നിർണായക പങ്കു വഹിച്ചു. ദിവ്യ ഉണ്ണിയുടെ നൃത്തവും ഉസ്താദ് ഇർഷാദ് ഖാന്റെ സിത്താർ കച്ചേരിയുമുൾപ്പെടെ ഒട്ടേറെ കലാ-സാംസ്കാരികപരിപാടികളും അവാർഡ് നിശയ്ക്ക് മാറ്റു കൂട്ടി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments